ആതുര ശുശ്രൂഷാരംഗത്ത് മികച്ച സേവനം കാഴ്ചവച്ച രണ്ടുമലയാളി നഴ്സുമാര്‍ക്ക് ഇത്തവണ മികച്ച നഴ്സുമാര്‍ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഹെഡ് നഴ്സായ കെ. ഷര്‍മ്മിളയും ശ്രീചിത്രാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ആക്ടിംഗ് നഴ്സിംഗ് സൂപ്രണ്ടായി സേവനമനുഷ്ഠിക്കുന്ന ഡോ. സുധിമണിയമ്മയുമാണ് കേരളത്തിന് അഭിമാനം നല്കുന്ന ഈ അംഗീകാരത്തിന്റെ അവകാശികള്‍. ഇരുവരും ‘മിഴിയി’ക്കു വേണ്ടി മനസ്സ് തുറക്കുന്നു…
കെ. ഷര്‍മ്മിള
1990-ല്‍ ജനറല്‍ നഴ്സിംഗ് പഠനം കഴിഞ്ഞ് 1991-ല്‍ മെഡിക്കല്‍കോളേജ് സ്റ്റാഫ് നഴ്സായി സേവനം തുടങ്ങിയതാണ് കെ. ഷര്‍മ്മിള. 2000-ല്‍ കണ്ണാശുപത്രിയില്‍ ജോലിയിലിരിക്കെ ഏഴു വര്‍ഷത്തിനുശേഷം ആശാഭവനില്‍ സേവനത്തിനെത്തി. ഇത് തന്റെ ജീവിതത്തെ മാറ്റിമറിച്ചതായി ഷര്‍മിള പറയുന്നു. പേയാട് സ്വദേശിയായ ഷര്‍മിളയ്ക്ക് നഴ്സിംഗ് ജോലി ഒരു സ്ഥിരവരുമാനമുള്ള സര്‍ക്കാര്‍ ജോലി മാത്രമായിരുന്നില്ല ഔദ്യോഗിക ജീവിതത്തിലിരുന്നുകൊണ്ട് അഗതികള്‍ക്കായി പലതും ചെയ്യാനാകും എന്ന് തിരിച്ചറിയുകയായിരുന്നു.
മനോരോഗ ചികിത്സയ്ക്കുശേഷം രോഗമുക്തിനേടിയാലും ബന്ധുക്കളോ വീട്ടുകാരോ ഏറ്റെടുക്കാന്‍ തയ്യാറാകാത്ത സ്ത്രീകളെ പാര്‍പ്പിക്കുന്ന ആശാഭവനില്‍ നിന്നും തന്റെ കര്‍മ്മമേഖല ഇതുതന്നെ എന്ന് ഉറപ്പിച്ചു. സാധാരണ ആശാഭവനത്തിലെത്തുന്നവര്ക്ക് ജീവിതത്തിലേക്ക് ഒരു തിരിച്ചുപോക്കില്ല. അവിടെനിന്ന് മൂന്ന് അമ്മമാര്‍ ഉള്‍പ്പെടെ 27 പേരെ സ്വന്തം കുടുംബങ്ങളില്‍ എത്തിക്കാന്‍ ഷര്മ്മിളയ്ക്കായത് നിസ്സാരകാര്യമല്ല. അതിനായി ഷര്‍മിള കയറിയിറങ്ങാത്ത ഓഫീസുകളില്ല. ഈ പുണ്യപ്രവൃത്തിക്ക് പ്രോത്സാഹനവും മാര്‍ഗനിര്‍ദ്ദേശവും തന്ന കണ്ണാശുപത്രി ഡയറക്ടായിരുന്ന ഡോ. ഗിരിജാദേവിയും വിദേശമലയാളിയായ സി.എസ്. മോഹനനും വഹിച്ച പങ്ക് മറക്കാനാകില്ലെന്ന് ശര്‍മ്മിള പറഞ്ഞു.
ജനറല്‍ ആശുപത്രിയിലെ ഹെഡ് നഴ്സായി ഏഴു വര്‍ഷത്തിനു ശേഷം ആശാഭവനില്‍നിന്ന് പടിയിറങ്ങുമ്പോള്‍ അവിടെ 88 അന്തേവാസികളുണ്ട്. അവിടുത്തെ മറ്റ് ജീവനക്കാരും തന്റെ പാത പിന്തുടരാന് വേണ്ട മാര്‍ഗനിര്‍ദ്ദേശം നല്‍കിയാണ് ഷര്‍മ്മിള ആശാഭവനില്‍ നിന്ന് മടങ്ങുന്നത്. ഏഴുവര്‍ഷമായി മാനസികരോഗിയായി കഴിഞ്ഞ് ആശാഭവനിലെത്തിയ മഹാരാഷ്ട്രക്കാരിയായ ഭാരതിയെയും മകന് കിരണിനെയും നാട്ടിലെത്തിക്കാന്‍ സാധിച്ച വാര്‍ത്ത പത്രങ്ങളില്‍ വന്നതോടെയാണ് പ്രശസ്തിക്കോ ഉദ്യോഗക്കയറ്റത്തിനോ ലക്ഷ്യമിടാതെയുള്ള സേവനത്തിന്റെ വ്യാപ്തി ആരോഗ്യവകുപ്പിനു ബോധ്യമായത്.
അതിനുള്ള അംഗീകാരമായി സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം നല്കി ആദരിച്ചു. ഈ ആശാഭവനിലെ പ്രവര്‍ത്തന മികവ് തന്നെയാണ് ദേശീയ അംഗീകാരം നേടിക്കൊടുത്തതും. ഫിഷറീസ് വകുപ്പില്‍ ഡവലപ്പ്മെന്റ് ഓഫീസറായ സാജന് ചെട്ടിയാരാണ് ഭര്‍ത്താവ്. മക്കള്‍: അനന്തകൃഷ്ണനും സൂര്യനാരായണനും.
ഡോ. സുധാമണി അമ്മ
ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടില്‍ ആക്ടിംഗ് നഴ്സിഗ് സൂപ്രണ്ടായ ഡോ. സുധാമണിഅമ്മ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഫാക്കല്‍റ്റി ഓഫ് മെഡിസിനില്‍ ഡോക്ടറേറ്റ് നേടിയിട്ടും നഴ്സിംഗ് കോളേജ് അദ്ധ്യാപികയായി ഒതുങ്ങിക്കൂടാതെ രോഗികളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു.
ഹൃദ്രോഗികളായെത്തുന്നവരെ രോഗമുക്തരാക്കി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ഡോക്ടറും നഴ്സും മരുന്നുകളും മാത്രം പോരെന്ന് മനസ്സിലാക്കിയാണ് നഴ്സിംഗ് അഡ്മിനിസ്ട്രേഷനില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഈ വിഷയത്തില്‍ നടത്തിയ ഗവേഷണത്തിനാണ് കേരള സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കിയത്. നഴ്സുമാര്‍ക്കായുള്ള ഓള് കേരള കോണ്‍ഫറന്‍സിലും ഓള് ഇന്ത്യാ കോണ്‍ഫറന്‍സിലും അവതരിപ്പിച്ച പ്രബന്ധങ്ങളും നഴ്സുമാരെ പ്രോത്സാഹിപ്പിക്കാന്‍ ചെയ്ത പ്രവര്‍ത്തനങ്ങളുമാണ് ദേശീയ അംഗീകാരത്തിനായി കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചത്. 36 വര്‍ഷമായി രോഗീപരിചരണ വിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. മറ്റ് ആശുപത്രികളില്‍നിന്ന് വ്യത്യസ്തമായി കിടത്തി ചികിത്സിക്കുന്ന രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാറില്ല. അതിനാല്‍ ബന്ധുക്കളുടെ റോള്‍ കൂടി നഴ്സുമാര്‍ ഏറ്റെടുക്കണം.
കേരള സര്‍വകലാശാലയില്‍ നഴ്സിംഗ് അഡ്മിനിസ്ട്രേഷനില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് തുടങ്ങാന്‍ മുന്‍കൈ എടുത്തത് ഡോ. സുധാമണിയായിരുന്നു. ആശുപത്രികള്‍ക്ക് വേണ്ടി ഒരു നഴ്സിംഗ് മാന്വല്‍ പ്രസിദ്ധീകരിക്കാനും നഴ്സുമാരുടെ വിവിധ പരിശീലനപരിപാടികള്‍ക്ക് നേതൃത്വം നല്‍കാനുമായത് ജീവിതത്തില്‍ എന്തെങ്കിലും ചെയ്തു എന്നു തോന്നല്‍ ഉളവാക്കിയെന്ന് അവര്‍ പറയുന്നു. ശ്രീചിത്രയില്‍ സംസ്ഥാനതലത്തില്‍ ഒന്‍പതും ദേശീയതലത്തില്‍ മൂന്നും സെമിനാറുകള്‍ നടത്തിയ സുധാമണി രോഗീപരിചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. 2006 -ല്‍ ട്രെയിന്‍ഡ് നഴ്സസ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ മികച്ച നഴ്സിനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
കൊച്ചുള്ളൂര്‍ ഭാസിനഗറില്‍ സുചരിതയിലാണ് താമസം. ഭര്‍ത്താവ് രവീന്ദ്രന്‍നായര്‍ എല്‍ഐസിയില്‍ നിന്ന് ഹയര്‍ ഗ്രേഡ് അസിസ്റ്റന്റായി വിരമിച്ചു. മകന് സൂരജ്. മകള്‍ സുരഭി. ദേശീയ പുരസ്കാരം നേടിയ ഷര്‍മിള തന്റെ വിദ്യാര്‍ത്ഥിയാണെന്നു പറയുമ്പോഴും താനൊന്നുമല്ലെന്ന് സുധാമണിഅമ്മ ആവര്‍ത്തിച്ചു പറയുന്നു.
ഷീനാ സതീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: