കൊച്ചി: അപകടത്തില്‍ പരിക്കേറ്റ് നടുറോഡില്‍ ചോരവാര്‍ന്ന് മരിക്കുന്നവര്‍ അനവധിയാണ്. ജീവനുകള്‍ വഴിയില്‍ പിടയുന്നതു കണ്ടാലും കണ്ടില്ലെന്നു നടിച്ച് കടന്നുപോകുന്നവരും ധാരാളം. ഒരല്പം കരുണ കാട്ടിയാല്‍ ഒരു കുടുംബത്തെയാകും നാം രക്ഷിക്കുക.
ചോര അമൂല്യമാണ്. അതിനു പകരം മറ്റൊന്നുമില്ല. അതിെന്റ വിലയറിയണമെങ്കില്‍ ചോദിക്കുക തോമസ് മാഷിനോട്. അപകടമോ മറ്റേതെങ്കിലും അസുഖമോ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിക്ക് രക്തം ആവശ്യമെങ്കില്‍ ഉടന്‍ വിളിവരും ഈ റിട്ട. അധ്യാപകന്റെ ഫോണിലേയ്ക്ക്. ഉടന്‍ അദ്ദേഹം ആലോചിക്കും, ആരുടെ രക്തമാകും ചേരുക…രക്തഗ്രൂപ്പു മനസ്സിലാക്കിയ ശേഷം തെന്റ കൈവശമുള്ള ലിസ്റ്റ്( അല്ല, മനസിലുള്ള ലിസ്റ്റ്) മാഷ് ഒന്നു പരിശോധിക്കും. പിന്നെ ഉടന്‍ വിളിക്കും. മാഷ് വിളിക്കുന്നയാള്‍ ഓടിയെത്തി രോഗിക്ക് രക്തം നല്‍കും. രോഗി സുഖപ്പെടുമ്പോള്‍ മാഷിന്് സംതൃപ്തി. ഇങ്ങനെ അനവധി പേര്‍ക്ക് മാഷ് പുതുജീവന്‍ പകര്‍ന്നു നല്‍കിയിട്ടുണ്ട്. ചേര്‍ത്തല സെന്റ് മേരീസ് ഗേള്‍സ് സ്ക്കൂളിലെ ഹെഡ്മാസ്റ്ററായിരുന്നു കെ. ജി. തോമസ്.
രക്തദാനമെന്ന മഹാദാനത്തിെന്റ സന്ദേശം മാഷ് കുട്ടികള്‍ക്കും പകര്‍ന്നു നല്‍കിയിട്ടുണ്ട്. യുവര്‍ കോളേജെന്ന ട്യൂട്ടോറിയലും അദ്ദേഹം നടത്തുന്നുണ്ട്. ഈ സ്ഥാപനത്തിന്റെ കീഴില്‍ അദ്ദേഹം രക്തം ദാനം ചെയ്യാന്‍ തയ്യാറായവരുടെ സന്നദ്ധസേനയും രൂപീകരിച്ചിട്ടുണ്ട്.യുവര്‍ കോളേജ് സോഷ്യല്‍ സര്‍വ്വീസ് വിങ്(വൈ.സി.എസ്.എസ്.ഡബ്ല്യു) എന്ന സന്നദ്ധ സേനയില്‍ നിരവധി പേര് അംഗങ്ങളാണ്. ഇതിനകം കേരളത്തിലുടനീളമായി 12000 പേര്‍ക്ക് ഈ സേന രക്തദാനം ചെയ്തിട്ടുണ്ട്.
തോമസ് മാഷിന്റെ സേവന സന്നദ്ധതയില്‍ ആകൃഷ്ടനായി ഇന്‍ഫോസിസ് ഡയറക്ടറും മുഹമ്മ സ്വദേശിയുമായ എസ് ഡി ഷിബുലാല്‍ ഈ രക്തദാന വിങ്ങിന് ഒരു ലക്ഷം രൂപ സംഭാവനനല്‍കിയിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം ഇന്‍ഫോസിസ് യൂണിറ്റിലെ ജീവനക്കാരെ രക്തദാനത്തിന് അദ്ദേഹം സന്നദ്ധരാക്കുകയും ചെയ്തു. അമ്പത്തിമൂന്നും ഇരുപത്തിരണ്ടും തവണ വരെ രക്തം നല്കി റെക്കോര്‍ഡ് സൃഷ്ടിച്ചവര്‍ തോമസ് മാഷിന്റെ സേനയിലുണ്ട്. നെഗേറ്റെവ് ഗ്രൂപ്പുകള്‍ അപൂര്വ്വമായതിനാല്പലപ്പോഴും അത്തരക്കാര്‍ മരിച്ച സംഭവങ്ങളുണ്ട്. അതിനാല്‍ ഇതിന് പരിഹാരമായി ‘നെഗേറ്റെവ് ഡയറക്ടറി’ തന്നെ മാഷ് രൂപപ്പെടുത്തി പുറത്തിറക്കി. 3000ത്തോളം രക്തദാതാക്കളുടെ പേരുകളും ഫോണ്‍ നമ്പരുകളും ഉള്‍പ്പടെയുള്ള ഡയറക്ടറി ഇന്ത്യയില്‍ തന്നെ ആദ്യമാണ്. മാഷ് പറയുന്നു.
1982ല്‍ അപകടത്തില്‍ പരിക്കേറ്റ് ഒരു പിഞ്ചു ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതോടെയാണ് സാമൂഹ്യ സേവനത്തിലേക്കുള്ള മാഷിന്റെ വഴിതിരിവ്. തോമസ് മാഷിന്റെ രക്തഗ്രൂപ്പറിയാവുന്ന ആശുപത്രി അധികൃതര്‍ കുട്ടിയുടെ നില ഗുരുതരമാണെന്നും സാറിന്റെ രക്ത ഗ്രൂപ്പാണെന്നും അറിയിച്ചു. അങ്ങനെ തോമസ് മാഷ് രക്തം നല്കി കുട്ടി ജീവിതത്തിലേക്ക് മടക്കി. പിന്നീട് ഇതൊരു നിയോഗമാക്കി മാഷ് മാറ്റുകയായിരുന്നു.
സന്നദ്ധപ്രവര്ത്തനങ്ങളിലെ മാഷിന്റെ പങ്കിന് അംഗീകാരമായി ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റെ സംസ്ഥാന അവാര്‍ഡും ഇദ്ദേഹത്തെ തേടിയെത്തി. രക്തദാന സേനയ്ക്ക് പുറമേ നേത്രദാന സേനയും മാഷ് രൂപീകരിച്ചിട്ടുണ്ട്. ഇതില്‍ അംഗങ്ങളായി മരിച്ച അഞ്ച് പേരുടെ കണ്ണുകള്‍ ദാനം ചെയ്ത് കഴിഞ്ഞു. അയ്യായിരം പേരുടെ നേത്രദാന സമ്മതപത്രം ഇതികം അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിക്ക് കൈമാറുകയും ചെയ്തു.
രക്തദാനമെന്ന മഹത്തായ സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കുന്ന തോമസ് മാഷിന് പിന്തുണയുമായി അദ്ദേഹത്തിന്റെ ഭാര്യ റീത്താമ, മക്കളായ ടോണി തോമസ്, ടിജോ തോമസ്, ടിന്റു തോമസ് എന്നിവരും ഒപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: