കൊച്ചി: ജില്ലയിലെ തൃപ്പൂണിത്തുറ – പൂത്തോട്ട റോഡ് നാലുവരിയാക്കി നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി റിപ്പോര്‍ട്ടിന് മന്ത്രിതല യോഗത്തില്‍ അംഗീകാരം. ഇന്നലെ തിരുവനന്തപുരത്ത് പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെയും ഫിഷറീസ് എക്സൈസ് മന്ത്രി കെ.ബാബുവിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് എസ്.എന്‍. ജംഗ്ഷന് മുതല്‍ പൂത്തോട്ട വരെയുള്ള 13.35 കിലോമീറ്റര്‍ നാലു വരിയില്‍ നിര്‍മ്മിക്കുന്നതിനുള്ള കിറ്റ്കോയുടെ പദ്ധതി റിപ്പോര്‍ട്ട് അംഗീകരിച്ചത്.
നിലവില്‍ 12 മീറ്റര്‍ വീതിയുള്ള റോഡ്, 22 മീറ്റര്‍ വീതിയിലാണ് നാലുവരിയായി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. റോഡ് നിര്‍മ്മാണത്തിനായി സ്ഥലം വിട്ടു നല്‍കുന്നവര്‍ക്ക് കെട്ടിട നിര്‍മ്മാണത്തില്‍ ഇളവ് നല്കുന്ന ട്രാന്‍സ്ഫറബിള്‍ ഡെവലപ്പ്മെന്റ് റൈറ്റ് നല്‍കുമെന്ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറിയിച്ചു. 135 കോടി രൂപയാണ് സ്ഥലമേറ്റെടുക്കലിനായി ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നത്. സൗജന്യമായി സ്ഥലം വിട്ടു നല്കുന്നവര്ക്കാണ് കെട്ടിട നിര്‍മ്മാണത്തില്‍ ഇളവ് നല്‍കുന്നത്.
ഉദയംപേരൂര്‍ പഞ്ചായത്തിലും, തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റിയിലും നാലുവരിയായി റോഡുകള്‍ വികസിപ്പിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്നും, ഈ മേഖലയിലുള്ള കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് ഇക്കാര്യം കൂടി കണക്കാക്കിയേ അനുമതി നല്‍കൂ എന്നും മന്ത്രി കെ. ബാബു അറിയിച്ചു.
വൈറ്റില മുതല്‍ കണിയാമ്പുഴ വഴി ഏരൂര്‍ വരെ പത്ത് മീറ്റര്‍ വീതിയില്‍ രണ്ട് വരിയായി നിര്‍മ്മിക്കുന്നതിന് കിറ്റ്കോ സമര്‍പ്പിച്ച അലൈന്‍മെന്റിന് മന്ത്രിതല യോഗം അംഗീകാരം നല്കി. മറ്റക്കുഴിയില്‍ തുടങ്ങി തിരുവാങ്കുളം വഴി കുണ്ടന്നൂര്‍ വരെയുള്ള തൃപ്പൂണിത്തുറ ബൈപ്പാസിന് സ്ഥലമേറ്റെടുക്കുന്നതിനായുള്ള കേന്ദ്രാനുമതി ഉടന്‍ തേടാനും ഇന്ന് ചേര്‍ന്ന യോഗം തീരുമാനിച്ചു. പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ്, ചീഫ് എഞ്ചിനീയര്‍മാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: