മട്ടാഞ്ചേരി: ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന് വിസില്‍ മുഴങ്ങാന്‍ മണിക്കുറുകള്‍ മാത്രമിരിക്കെ ഫുട്ബോള്‍ കളരിയുടെ പഴയകാല നഗരി ആവേശത്തിലമരുകയാണ്. ബ്രസീലില്‍നിന്ന് അകലെയാണെങ്കിലും അറബിക്കടലിന്റെ റാണിയായ കൊച്ചിയില്‍ ആവേശവും ആഘോഷവും ഫുട്ബോള്‍പ്രേമികളുടെ കൂട്ടായ്മയുടെ ഉത്സവമായാണ് മാറുന്നത്.
ഇന്ത്യന്‍ ഫുട്ബോളിന് ദേശീയ-അന്തര്‍ദേശീയ താരങ്ങളെ സമ്മാനിച്ച പശ്ചിമകൊച്ചി ദേശക്കാര്‍ക്ക് ഫുട്ബോള്‍ മത്സരം എന്നും ആഘോഷത്തിന്റെ സ്മൃതികളാണുര്‍ത്തുക. ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, തോപ്പുംപടി, മുണ്ടംവേലി, തീരദേശനഗരികള്‍ എന്നിവ കേന്ദ്രീകരിച്ച് ഉയര്‍ന്നുപൊങ്ങിയ ഫ്ലക്സ് ബോര്‍ഡുകള്‍ ഫുട്ബോള്‍ മാമാങ്കത്തിന്റെ ആവേശലഹരിയാണ് വിളിച്ചോതുന്നത്.
ലോകകപ്പ് ഫുട്ബോള്‍ മാമാങ്കവേദിയും ആഘോഷകൂട്ടായ്മയുമായി ഒട്ടേറെ കായികസംഘടനകള്‍ മുന്നിട്ടിറങ്ങിയപ്പോള്‍ അവര്‍ക്ക് പിന്‍ബലമേകി സാമൂഹ്യ-സാംസ്കാരിക സംഘടനകളും രംഗത്തുണ്ട്. ബ്രസീലിനും അര്‍ജന്റീനക്കുമാണ് പശ്ചിമകൊച്ചി ആരാധനയിലും വിജയത്തിനും മുന്‍തൂക്കം നല്കുന്നതെങ്കിലും ഇംഗ്ലണ്ട്, ഹോളണ്ട്, ജര്‍മ്മനി, ഇറാന് തുടങ്ങിയ ടീമുകള്‍ക്കും ശ്രദ്ധേയ സ്ഥാനം നല്‍കുന്നുണ്ട്.
ലോകകപ്പിന് സ്വാഗതമോതി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുയര്‍ന്ന ഫ്ലക്സ് ബോര്‍ഡുകളില്‍ മത്സരടീമുകളുടെ വീര്യം പ്രകടമാക്കി വാക്ശരങ്ങളും ശ്രദ്ധേയമാകുന്നുണ്ട്. “പട്ടി പെറ്റത് നൂറ് എണ്ണം എന്തിന്!! സിംഹം പെറ്റത് ഒരേണ്ണം, പോരേ! അര്‍ജന്റീനയുടെ ചുണക്കുട്ടന്മാര് നിരന്ന ബോര്‍ഡിലെ വാചകമാണിത്. “അഹങ്കാരികളുടെ നാട്ടിലേക്ക് ഓറഞ്ച് പട” എന്നാണ് ഹോളണ്ടിന്റെ വിശേഷണം. ജര്‍മ്മനി, ബ്രസീല്‍, ഹോളണ്ട് എന്നീ ശക്തരുടെ ടീമുകള്‍ക്ക് ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പ് കളി പഠിപ്പിക്കാനറിയാമെങ്കില്‍ പരാജയപ്പെടുത്താനും ഞങ്ങള്‍ക്കറിയാം” എന്നതാണ്.
‘കിരീടത്തിന് അവകാശി രാജാവാണ്’ എന്ന വാക്ശരമാണ് ബ്രസീല്‍ സഘത്തിന്റേത്. നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്ന ഫ്ലക്സുകളും കമാനങ്ങളും ചുവരെഴുത്തുകളുമെല്ലാം കൊച്ചിയുടെ ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിന്റെ ആവേശം പ്രകടമാക്കുകയാണ്. മത്സരവേളയില്‍ കളി കാണാനെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കി ചില ക്ലബുകള്‍ രംഗത്തെത്തിയപ്പോള്‍, വിദ്യാര്‍ത്ഥികള്‍ക്ക് മത്സരമൊരുക്കി ഫുട്ബോള്‍ ചരിത്രം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാനാണ് മറ്റ് സംഘടനകള്‍ തീരുമാനിച്ചിരുന്നത്.
സ്വാതന്ത്ര്യ സമര കാലഘട്ടങ്ങള്‍ക്ക് മുമ്പേയുള്ളതാണ് പശ്ചിമകൊച്ചിയുടെ ഫുട്ബോള്‍ ആവേശം. ഇരുപതിലേറെ മൈതാനങ്ങളുണ്ടായിരുന്ന പൈതൃക-രാജനഗരിയില്‍ ഒരു ഘട്ടത്തില്‍ പ്രതിവര്‍ഷം ചെറുതും വലുതുമായ 40 ഒാളം ഫുട്ബോള്‍ മത്സരങ്ങളാണ് നടന്നിരുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ പാക്കിസ്ഥാനിലെ ക്ലബുമായി മത്സരിച്ച ടീം കൊച്ചിയുടേതാണ്. ഇന്നും പ്രതിവര്‍ഷം 10 ഓളം ഫുട്ബോള്‍മത്സരങ്ങള്‍ക്ക് വേദിയൊരുക്കി ഫുട്ബോള്‍ കളിക്കളത്തെ തലമുറകള്‍ക്ക് ഹരമാക്കി മാറ്റുന്നതിലും കൊച്ചി മുന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: