ന്യൂദല്‍ഹി: കായികതാരങ്ങളുടെയും, സൈനികരുടെയും ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നതിനു മുമ്പു തന്നെ നരേന്ദ്രമോദി ഉറപ്പു നല്‍കിയിരുന്നു. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ എത്രത്തോളം പ്രാധാന്യത്തോടെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് അദ്ദേഹം.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സഹായം തേടി വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ നരേന്ദ്രമോദിയെ സമീപിച്ചിട്ടുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയും ഇന്ത്യയിലെ ഒന്നാം നിര ടെന്നീസ് താരവുമായ അങ്കിത റെയ്ന 2013-ല്‍ സംസ്ഥാന സ്പോര്‍ട്സ് അതോറിറ്റിയെ സമീപിച്ചത് അവരുടെ യാത്രാ പ്രശ്നവുമായാണ്. ഒരു തവണ മാത്രമാണ് അങ്കിത ഇക്കാര്യത്തില്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയത്.
രാജ്യത്തിന് പുറത്ത് നടന്ന 11 മത്സരങ്ങളില്‍ വിജയിച്ചിട്ടുള്ള താരത്തിന് സാമ്പത്തികപ്രശ്നം കാരണം വിദേശത്ത് നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാനാവാത്ത സ്ഥിതിയുണ്ടായി. തുടര്‍ന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി അങ്കിത ഗുജറാത്ത് സര്‍ക്കാരിനെ സമീപിച്ചു. നേരില്‍ കണ്ട് വിഷയങ്ങള്‍ ധരിപ്പിച്ചപ്പോള്‍ തന്നെ നടപടികള്‍ സ്വീകരിക്കാന്‍ മോദി സ്പോര്‍ട്സ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്കി.
മോദിയുടെ ഇടപെടലുകളെ തുടര്‍ന്ന് അഞ്ച് മാസം നീണ്ടു നിന്ന ഈ സീസണിലെ ഏഴ് വിദേശ മത്സരങ്ങളില്‍ അങ്കിതയ്ക്ക് മത്സരിക്കാനായി. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ കളിക്കാനാകുമെന്ന് മോദി ഉറപ്പു നല്‍കിയിരുന്നുവെന്ന് താരം പറയുന്നു. എല്ലാ ഉത്തരവാദിത്തവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കിയിരുന്നു. യുവാക്കളുടെ ഉന്നമനത്തിനുവേണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ശക്തിധൂത്ത് യോജന’ എന്ന പദ്ധതിയിലൂടെ 15 ലക്ഷം രൂപ താരത്തിന് സാമ്പത്തിക സഹായം നല്കാന് ആദ്യ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി നിര്‍ദ്ദേശിച്ചു.
ഭാരിച്ച ചെലവുവരുന്ന വിദേശ യാത്രകള്‍ക്ക് സ്പോണ്‍സര്‍മാരെ കിട്ടാതായതോടെയാണ് അങ്കിത സഹായമഭ്യര്‍ത്ഥിച്ച് ഗുജറാത്ത് സര്‍ക്കാരിനെ സമീപിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകളുള്ളതിനാല്‍ വിദേശ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞപ്പോള്‍, വേണ്ടതെല്ലാം ചെയ്യാമെന്ന് മോദി ഉറപ്പു നല്കി. ഒരു മാസത്തിനുള്ളില്‍ തന്നെ അഞ്ച് ലക്ഷത്തിന്റെ ചെക്ക് താരത്തിന് ലഭിച്ചു. തുടര്‍ന്നുള്ള എല്ലാ ചെലവുകളും വഹിച്ചത് ഗുജറാത്ത് സര്‍ക്കാരാണെന്ന് അവര്‍ പറഞ്ഞു.
ഗുജറാത്തിലെ കായിക താരങ്ങളെ സഹായിക്കുന്നതിനുവേണ്ടി മുന്‍ കാലങ്ങളെ അപേക്ഷിച്ച് സര്‍ക്കാര്‍ പുതിയ ആശയങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ടെന്ന് അങ്കിതയുടെ പരിശീലകന് ഹേമന്ത് ബെന്‍ഡ്രെ പറഞ്ഞു.
ഒരോ വര്‍ഷവും 25 ലക്ഷത്തിന്റെ സഹായം ലഭിക്കുമെന്നും സര്‍ക്കാര്‍ ഈ ടെന്നിസ് താരത്തിനു വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഗുജറാത്ത് സര്‍ക്കാരിന്റെ സഹായം തന്റെ കുടുംബത്തിന് വലിയ ആശ്വാസമായിരുന്നുവെന്ന് അങ്കിത ആവര്‍ത്തിച്ച് പറയുന്നു. പല മത്സരങ്ങളിലും പങ്കെടുക്കാന്‍ അങ്കിതയുടെ രക്ഷിതാക്കള്‍ ലോണ്‍ എടുത്തിരുന്നു. പെന്ഷന് തുക പോലും പിന്‍വലിച്ചാണ് 14 വയസുമുതല്‍ ആരംഭിച്ച മത്സരങ്ങള്‍ക്ക് പോയതെന്ന് അങ്കിതയുടെ അമ്മ പറഞ്ഞു. ചിലപ്പോള്‍ രണ്ട് ലക്ഷവും, അഞ്ച്ലക്ഷവും രൂപ വരെ ലോണ്‍ എടുത്തിട്ടുണ്ടെന്നും മോദി സര്‍ക്കാര്‍ ചെയ്തു തന്ന സഹായത്തിന് കേവലം നന്ദി മാത്രം പറഞ്ഞാല്‍ മതിയാകില്ലെന്നും താരത്തിന്റെ അമ്മ പറയുന്നു.
ഗുജറാത്തില്‍ പ്രത്യേകം ചടങ്ങു സംഘടിപ്പിച്ചാണ് താരത്തിന് തുക നല്‍കിയത്. സര്‍ക്കാരില്‍ നിന്നും തുക ലഭിച്ചതിനുശേഷം പങ്കെടുത്ത പല മത്സരങ്ങളിലും മികച്ച പ്രകടനമാണ് അങ്കിത കാഴ്ച്ചവെച്ചത്. സാമ്പത്തിക പിന്തുണയില്ലെങ്കില്‍ എല്ലാ താരങ്ങളും സമ്മര്‍ദ്ദത്തിന് അടിമപ്പെടുമെന്ന് പരിശീലകന് പറയുന്നു. എന്നാല്‍, ഇപ്പോള്‍ അങ്കിതയ്ക്ക് യാതൊരു സമ്മര്‍ദ്ദവുമില്ല. ഭയമില്ലാതെ എല്ലാ മത്സരങ്ങളേയും നേരിടാന്‍ അവര്‍ക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ച എന്‍ഡിഎ സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ ഊന്നല്‍ നല്കുന്ന പ്രധാന മേഖലകളിലൊന്നാണ് കായികം. കുട്ടികളെയും യുവാക്കളെയും സൃഷ്ടിപരമായി വികസിപ്പിക്കുന്നതിനും ആരോഗ്യമുള്ളവരാക്കി മാറ്റുന്നതിനുമുള്ള വേദിയായി കായിക മേഖലയെ വളര്‍ത്തിയെടുക്കണമെന്ന് നയപ്രഖ്യാപനത്തില്‍ പറയുമ്പോള്‍ അതിനു പിന്നിലുള്ള ദീര്‍ഘവീക്ഷണം ഒരു പക്ഷെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത് മാത്രമായിരിക്കും. കായിക മേഖലയുടെ ഉന്നമനത്തിനായി ദേശീയ സ്പോര്‍ട്സ് ടാലന്റ് സെന്റര്‍ ആരംഭിക്കുമെന്ന പ്രഖ്യാപനം കായിക മേഖലക്ക് പുത്തന്‍ ഉണര്‍വും പകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: