ഓരോ ലോകകപ്പും നഷ്ടങ്ങളുടെ കൂടാരങ്ങള്‍. കളി തുടങ്ങുന്നതിനു മുന്‍പ് തന്നെ നഷ്ടക്കണക്കുകളുടെ താളുകള്‍ തുറക്കപ്പെടും. നമ്മള് കാണണമെന്നു കൊതിച്ച ചിലരെ കാണാന്‍കിട്ടില്ല, വിധിയുടെ ചില മൈനസ് പാസുകള്‍. വരുമെന്നു പറഞ്ഞിട്ടും വരാത്ത വിരുന്നുകാരുടെ പട്ടിക ബ്രസീലും തയ്യാറാക്കിത്തുടങ്ങിയിട്ടുണ്ട്. ലോകകപ്പില്‍ കൊമ്പുകോര്‍ക്കാനിറങ്ങുന്ന 32 രാജ്യങ്ങളും അന്തിമസംഘത്തെ പ്രഖ്യാപിച്ചുകഴിഞ്ഞപ്പോള്‍ പുറത്തായ വമ്പന്മാരുടെ എണ്ണം ചെറുതല്ല. ചില താരങ്ങള്‍ പരിക്കുകാരണം പിന്മാറി. മറ്റുചിലര്‍ തഴയപ്പെടുകയും ഒഴിവാക്കപ്പെടുകയുമൊക്കെ ചെയ്തു.
മൊണാക്കോയുടെയും കൊളംബിയയുടെയും സൂപ്പര്‍താരം റദമല്‍ ഫാല്‍ക്കാവോ, ഫ്രാന്‍സിന്റെ ഫ്രാങ്ക് റിബറി, ഇറ്റലിയുടെ റിക്കാര്‍ഡോ മോണ്ടോലിവോ, ഗിസെപ്പെ റോസി, ഹോളണ്ടിന്റെ റാഫേല്‍ വാന്‍ഡര്‍ വാര്‍ട്ട് തുടങ്ങിയവരാണ് പരിക്കുകാരണം ലോകകപ്പില്‍ കളിക്കാന്‍ കഴിയാത്തവര്‍. ഇംഗ്ലണ്ടിന്റെ ആഷ്ലി കോള്‍, അമേരിക്കയുടെ ലാന്ഡന് ഡൊണാവന്, ജര്‍മ്മനിയുടെ മരിയോ ഗോമസ്, സ്പാനിഷ് ടീമിനെ അണ്ടര്‍ 21 യൂറോ ചാമ്പ്യന്മാരാക്കുന്നതില് നിര്‍ണായക പങ്കുവഹിച്ച ഇസ്കോ, ബ്രസീലിന്റെ മുന്‍ ലോക ഫുട്ബോളര് കാക, നൈജീരിയയുടെ സണ്‍ഡേ എംബ, ഫ്രാന്‍സിന്റെ സമിര്‍ നസൃ, അര്‍ജന്റീനയുടെ കാര്‍ലോസ് ടെവസ്, പോര്‍ച്ചുഗലിന്റെ റിക്കാര്‍ഡോ ക്വാറെസ്മ എന്നിവര്‍ സ്വന്തം ടീമുകളില്‍ ഇടംകണ്ടെത്തിയില്ല. സ്വീഡിഷ് ഗോളടിയന്ത്രം സ്ലാട്ടന് ഇബ്രാഹിമോവിച്ച്, ലോക ഫുട്ബോളിലെ ഏറ്റവും വിലയേറിയ കളിക്കാരിലൊരാളായ വെയ്ല്‍സിന്റെ ഗാരെത് ബെയ്ല് എന്നിവര്‍ക്കും ബ്രസീലിലേക്ക് വിമാനംകയറാന്‍ ഭാഗ്യമുണ്ടായില്ല. സ്വീഡനും വെയ്ല്‍സും യോഗ്യത നേടാതിരുന്നതാണ് ഈ രണ്ട് സൂപ്പര്‍ താരങ്ങളുടെ മാസ്മരിക പ്രകടനം ബ്രസീലിന് അന്യമാക്കിയത്.
മരിയോ ഗോമസ് (ജര്‍മ്മനി)
സമകാലിക ഫുട്ബോളിലെ ഏറ്റവും മികച്ച മുന്നേറ്റനിരക്കാരിലൊരാളായ മരിയോ ഗോമസിന് ഫോമില്ലായ്മയാണ് ദോഷം ചെയ്തത്. തീരെ നിറംമങ്ങിയതു കാരണം ബയേണ്‍ മ്യൂണിക്കിന്റെ ആദ്യ ഇലവനില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഗോമസ് കഴിഞ്ഞ ജൂലൈയില്‍ ഇറ്റലിയിലെ ഫിയോന്റീനയിലേക്ക് കൂടുമാറിയെങ്കിലും കാല്‍മുട്ടിനേറ്റ പരിക്ക് അവിടെയും സൈഡ് ബെഞ്ചിലിരുത്തി. യോഗ്യതാ മത്സരങ്ങളില്‍ സ്കോര്‍ ചെയ്യാനാവാത്തതും ഗോമസിന് തിരിച്ചടിയായി.
കാര്‍ലോസ് ടെവസ് (അര്‍ജന്റീന)
അര്‍ജന്റൈന്‍ കോച്ച് അലക്സാന്ദ്രെ സബെല്ലയുമായുള്ള ശീതസമരമാണ് കാര്‍ലോസ് ടെവസിന്റെ ലോകകപ്പ് മോഹം നുള്ളിക്കളഞ്ഞത്. കഴിഞ്ഞ ജനുവരിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ഇറ്റാലിയന്‍ ക്ലബ്ബ് ജുവന്റസിലേക്ക് ചേക്കേറിയ ടെവസ് അവരെ ലീഗ് ചാമ്പ്യന്മാരാക്കുന്നതില് മുഖ്യപങ്ക് വഹിച്ചെങ്കിലും സബെല്ല അതു കണ്ടില്ലെന്നു നടിച്ചു. 2004-ല്‍ ദേശീയ ടീമില്‍ ഇടംപിടിച്ച ടെവസ് 2011 വരെ സ്ഥാനം നിലനിര്‍ത്തി. എന്നാല്‍ 2011 സബെല്ല പരിശീലക സ്ഥാനം ഏറ്റെടുത്തതോടെ ടെവസ് ടീമിനു വെളിയിലായി. ഇത്തവണ ടെവസ് മിന്നുന്ന ഫോമിലായിരുന്നു. അതൊന്നും കോച്ചിനെ മാറിച്ചിന്തിപ്പിച്ചില്ല.
ആഷ്ലി കോള്‍ (ഇംഗ്ലണ്ട്)
ഇംഗ്ലീഷ് നിരയില്‍ ആഷ്ലി കോള്‍ എന്ന ലെഫ്റ്റ് ബാക്കിന്റെ അഭാവമാണ് ആരാധകരെയും കളി വിദഗ്ധരെയും ഏറ്റവും ഞെട്ടിച്ചത്. ഒരു വ്യാഴവട്ടം ഇംഗ്ലണ്ടിന്റെ പ്രതിരോധ കോട്ടയിലെ ആണിക്കല്ലായി നിലകൊണ്ട ഈ 33കാരനെ ഒഴിവാക്കാന്‍ കോച്ച് റോയ് ഹോഡ്ജ്സനെ നിര്‍ബന്ധിച്ചത് താരത്തിന്റെ നിറംകെടല്‍. 1998 മുതല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഭാഗമാണ് കോള്‍. ലോകകപ്പ് ടീമില്‍ ഇടം കിട്ടാഞ്ഞതിന് പിന്നാലെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് കോള്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. 12 വര്‍ഷം നീണ്ട കരിയറില്‍ 107 തവണയാണ് കോള്‍ ഇംഗ്ലീഷ് ജഴ്സിയണിഞ്ഞത്.
ലാന്ഡന് ഡൊണോവന്‍ (അമേരിക്ക)
അമേരിക്ക കണ്ട ഏറ്റവും മികച്ച താരമായ ലാന്ഡന് ഡൊണാവന് ബ്രസീലില്‍ പന്തുതട്ടില്ല. 2000 മുതല്‍ യുഎസ് ടീമിന്റെ അഭിവാജ്യ ഘടകമായിരുന്നു ഡൊണാവന്. 2002-ലെ ലോകകപ്പില്‍ ഏറ്റവും മികച്ച യുവ താരത്തിനുള്ള ബഹുമതിയും നേടിയെടുത്തിരുന്നു. എന്നാല്‍ ഇത്തവണ ടീം പ്രഖ്യാപിച്ചപ്പോള്‍ കോച്ച് യൂര്‍ഗന്‍ ക്ലിന്സ്മാന് ഡൊണാവനെ കൈവിട്ടു. 32കാരനായ ഡൊണാവന് പരിശീലന ക്യാമ്പില്‍ മറ്റുതാരങ്ങളുടെ നിലവാരത്തിലെത്താന്‍ കഴിഞ്ഞില്ല എന്നതായിരുന്നു ക്ലിന്‍സ്മാന്റെ വിശദീകരണം. പക്ഷേ, തൊട്ടുപിന്നാലെ ലോസ് ആഞ്ചലസ് ഗ്യാലക്സിക്ക് വേണ്ടി രണ്ടു ഗോളുകള്‍ നേടി തന്റെ പ്രതിഭയ്ക്ക് മങ്ങലേറ്റിട്ടില്ലെന്ന് തെളിയിക്കുകയും ചെയ്തു ഡൊണാവന്.
സമിര്‍ നസ്റി (ഫ്രാന്‍സ്)
26കാരനായ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ സമിര്‍ നസ്റിയുടെ അഭാവം ലോകകപ്പിന്റെ ചന്തത്തില്‍ ചാര്‍ത്തിയ മറുക് ഇപ്പോഴേ തെളിഞ്ഞുകാണാം. 2012ലെ യൂറോ കാപ്പില്‍ സ്പെയിനിനോട് തോറ്റ് ഫ്രാന്‍സ് പുറത്തായതിന് പിന്നാലെ തെറിവിളി നടത്തിയ നസ്റിയെ ഫ്രഞ്ച് ഫുട്ബോള്‍ അസോസിയേഷന് മൂന്നു മത്സരങ്ങളില്‍ വിലക്കിയിരുന്നു. അതിസാഹസത്തിന് ഏറെ പഴിയും കേട്ടു നസ്റി. അതിനുശേഷം ദേശീയ ടീമില്‍ ഇടംപിടിക്കാന്‍ ഈ വികൃതിക്കാരന് കഴിഞ്ഞിട്ടില്ല. സീസണിന്റെ അവസാന ഘട്ടത്തില്‍ നസ്റി താളംകണ്ടെത്തിയെങ്കിലും ദിദിയര്‍ ദെഷാമ്പ്സിനെ സന്തോഷിപ്പിക്കാന്‍ അതൊന്നും പോരായിരുന്നു.
സണ്‍ഡെ എംബ (നൈജീരിയ)
നൈജീരിയന്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ ഏവരും ഉറപ്പിച്ചിരുന്ന ഒരാള്‍ക്ക് ഇടംലഭിച്ചില്ല. പ്ലേമേക്കര്‍ സണ്‍ഡെ എംബാക്കാണ് കോച്ച് സ്റ്റീഫന്‍ കെഷി സ്ഥാനം നിഷേധിച്ചത്. യാത്രാരേഖകള്‍ കൈമോശംവന്നതു കാരണം സ്കോട്ട്ലന്റുമായുള്ള സന്നാഹ മത്സരത്തിനുള്ള ക്യാമ്പില്‍ വൈകിയാണ് അദ്ദേഹം എത്തിയത്. ഇതുമൂലം മത്സരത്തിനിറങ്ങാനും എംബക്കു കഴിഞ്ഞില്ല. പിന്നാലെ ലോകകപ്പ് ടീമില്‍ നിന്നും താരം പുറന്തള്ളപ്പെട്ടു.
റിക്കാര്‍ഡോ ക്വാറസ്മ (പോര്‍ച്ചുഗല്‍)
പോര്‍ച്ചുഗല്‍ ടീമിലുണ്ടാവുമെന്ന് ഏറക്കുറെ പ്രതീക്ഷിക്കപ്പെട്ട താരമായിരുന്നു റിക്കാര്‍ഡോ ക്വാറസ്മ. കഴിഞ്ഞ സീസണില്‍ എഫ്സി പോര്‍ട്ടോക്ക് വേണ്ടി നടത്തിയ നല്ല പ്രകടനം അദ്ദേഹത്തിന്റെ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. ആ മികവ് ക്വാറസ്മയ്ക്ക് 30 അംഗ സാധ്യതാ ടീമില്‍ ഇടംനേടിക്കൊടുത്തു. ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ കളിക്കാനാവാതെ പോയതിന്റെ നിരാശ ഇക്കുറി തീര്‍ക്കാമെന്നും ക്വാറസ്മ കരുതി. പക്ഷ, കോച്ച് പൗളോ ബെന്റോയുടെ അന്തിമ തീരുമാനം ക്വാറസ്മയ്ക്ക് എതിരായിമാറി.
റാഫേല്‍ വാന്‍ഡര്‍ വാര്‍ട്ട് (ഹോളണ്ട്)
പരിക്കു കാരണം ഹോളണ്ട് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട അറ്റാക്കിങ് മിഡ്ഫീല്‍ഡറാണ് ഹോളണ്ടിന്റെ റാഫേല്‍ വാന്‍ഡര്‍ വാര്‍ട്ട്. 2004, 2008, 2012 യൂറോ കപ്പുകളിലും 2006, 2010 ലോകകപ്പുകളിലും ഡച്ച് നിരയില്‍ തിളങ്ങി നിന്നു ഈ 31കാരന്. ഇത്തവണയും 30 അംഗ സാധ്യതാ ടീമില്‍ ഉള്‍പ്പെട്ടു. അതിനിടെയാണ് പരിക്ക് വില്ലനായത്. പരിശീലനത്തിനിടെ വാന്‍ഡര്‍ വാര്‍ട്ടിന്റെ കാല്‍വണ്ണയ്ക്കു പരിക്കേല്‍ക്കുകയായിരുന്നു. പരിചയസമ്പന്നനായ വാര്‍ട്ടിന്റെ അസാന്നിധ്യം ഹോളണ്ടിന് കനത്തപ്രഹരം തന്നെ. 2001 മുതല്‍ ഓറഞ്ച് പടയില്‍ അംഗമായ വാര്‍ട്ട് 109 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകള്‍ നേടിയിട്ടുണ്ട്. ഇക്കുറി യോഗ്യതാ റൗണ്ടില്‍ കുറിച്ച അഞ്ചെണ്ണവും അതില്‍ ഉള്‍പ്പെടുന്നു.
ഫ്രാങ്ക് റിബറി (ഫ്രാന്‍സ്)
ഇത്തവണത്തെ ബ്രസീല്‍ ലോകകപ്പില്‍ ഫ്രഞ്ച് കുതിപ്പിന് നായകത്വം വഹിക്കേണ്ടിയിരുന്ന താരമാണ് റിബറി. നട്ടെല്ലിന് കീഴ്ഭാഗത്തേറ്റ പരിക്കാണ് ബയേണ്‍ മ്യൂണിക്കിന്റെ കുന്തമുനയായ റിബറിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയത്. 23 അംഗ ലോകകപ്പ് ടീമില്‍ റിബറി ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസം പരിക്കുകാരണം പുറത്തായത് ഫ്രാന്‍സിനെ കുഴയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കുറച്ചുകാലമായി അലട്ടുന്ന പുറംവേദനയാണ് ഇപ്പോള്‍ അതിന്റെ പാരമ്യത്തിലെത്തിയത്. ഏപ്രില്‍ 29ന് ശേഷം റിബറി ബയേണിന് വേണ്ടിയോ ഫ്രാന്‍സിനുവേണ്ടിയോ ബൂട്ടണിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങളിലും പങ്കെടുക്കാന്‍ ഈ വിംഗര്‍ക്ക് കഴിഞ്ഞില്ല. യോഗ്യതാ മത്സരങ്ങളില്‍ അഞ്ച് ഗോളുകള്‍ നേട ടീമിന്റെ ടോപ്സ്കോററായ റിബറിയുടെ അഭാവം ലോകകപ്പില്‍ ഫ്രഞ്ച് പടക്ക് കനത്ത നഷ്ടം തന്നെയാണ്. റിബറിയെ കൂടാതെ ഇടുപ്പിന് പരിക്കേറ്റ മിഡ്ഫീല്‍ഡര്‍ ക്ലെമന്റ് ഗ്രെയ്നര്‍ പുറത്തായതും ഫ്രാന്‍സിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് കനത്ത തിരിച്ചടിയായിത്തീര്‍ന്നിരിക്കുകയാണ്.
വിനോദ് ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: