ഫുട്ബോള്‍ സംഗീതംപോലെയാണ്. ചിലപ്പോഴത് ചടുലമേളങ്ങളിലൂടെ നിങ്ങള്‍ക്ക് വിവരണാതീതമായ അനുഭൂതി സമ്മാനിക്കും. മറ്റുചിലപ്പോള്‍ ലാസ്യതാളങ്ങളിലൂടെ നിങ്ങളെ ഉത്തേജിപ്പിക്കും. നിനച്ചിരിക്കാതെ പൊട്ടിവീഴുന്ന മഴത്തുള്ളികള്‍ പോലെ കുളിരണിയിക്കും. സംഗീത സമാനമായ കളിക്കു കൂട്ടായൊരു പാട്ട് വേണ്ടെ? വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോകകപ്പ് ഗ്യാലറികളെ റിക്കി മാര്ട്ടിന് ‘വി വാണ്ട് ഗോള്‍ അലേ അലേ..’ എന്നു പാടിച്ചു. 2010ല്‍ ഷക്കീറയുടെ ‘വാക്കാ.. വാക്ക’.. അലയൊലികള്‍ തീര്‍ത്തു. ഇത്തവണയും ചുണ്ടോടു ചേര്‍ക്കാന്‍ ഒരു പാട്ടുണ്ട്, ‘വി ആര് വണ്‍ ഒലെ… ഒലെ’.. അതു സമ്മാനിക്കുന്നത് പ്രശസ്ത അമേരിക്കന്‍ റാപ്പ് സംഗീതജ്ഞന് പിറ്റ്ബുള്ളും ഹോളിവുഡ് നടിയും ഗായികയുമൊക്കെയായ ജെന്നിഫര്‍ ലോപ്പസും ചേര്‍ന്ന്. ബ്രസീലിയന്‍ ഗായിക ക്ലോഡിയ ലെയ്റ്റയും പാട്ടുകാരുടെ കൂട്ടത്തിലുണ്ട്. പിറ്റ്ബുള്ളും ജെന്നിഫര്‍ ലോപ്പസും ഡെന്മാര്ക്ക് ഗാനരചയിതാവ് തോമസ് ട്രോയില്സെനും ലെയ്റ്റയും കൊളംബിയന്‍ പ്രതിഭ ഡാനി മെര്‍സറും അടക്കം ഒമ്പതു പേര് ചേര്‍ന്നാണ് ഔദ്യോഗിക ആല്‍ബത്തിലെ ഗാനങ്ങള്‍ക്ക് തൂലിക ചലിപ്പിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടിന് ആല്‍ബം റിലീസ് ചെയ്തു. അതേസമയം, ലോകകപ്പിന്റെ ഔദ്യോഗിക ആല്ബത്തിനെപ്പറ്റി വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. പിറ്റ്ബുള്ളിന്റെ പാട്ടുകള്‍ അധികമായിപ്പോയെന്നും ലോപ്പസിനും ലെയ്റ്റയ്ക്കും കാര്യമായ അവസരം ലഭിച്ചില്ലെന്നുമുള്ളത് അതിലൊന്ന്. കഴിഞ്ഞ തവണ ഷക്കീറ ഒരുക്കിയ ഗാനത്തിനടുത്തെങ്ങും ‘വി ആര് വണ്‍’ (ഒലെ ഒലെ) എത്തില്ലെന്നും ചിലര്‍ പറയുന്നു.
ഷക്കീറ ഇക്കുറിയും ലോകകപ്പ് സംഗീതത്തിന്റെ ഭാഗമാകുന്നു. ആരാധകര്‍ ഏറെയുള്ള കൊളംബിയന്‍ ഗായിക ലാ..ലാ.. ല എന്ന നമ്പര്‍ ഇറക്കിക്കഴിഞ്ഞു. പിറ്റ്ബുള്‍ ടീമിന്റെ ഗാനവുമായി ഷക്കീറ ഏറ്റുമുട്ടലും തുടങ്ങി. റിലീസ് ചെയ്ത് ആദ്യ അഞ്ചു ദിവസത്തിനുള്ളില്‍ വീഡിയോ ഹോസ്റ്റിംഗ് സേവനദാതാക്കളായ വെവോ വഴി 36.6 ദശലക്ഷം പേര് ഷക്കീറയുടെ പാട്ട് വീക്ഷിച്ചെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ദൃശ്യ ഉത്തമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: