നിങ്ങള്‍ കണക്കുകൂട്ടുന്നവരും മാധ്യമങ്ങളും വിശകലന വിദ്വാന്മാരും പാടിപ്പുകഴ്ത്തിയവരും മാത്രമാകില്ല ബ്രസീലിലെ ഹീറോകള്‍. നിനച്ചിരിക്കാത്ത നേരത്ത് ഒരു നക്ഷത്രം ഉദിച്ചുയരാം. പിന്നെ ലോകം അവനെ നെഞ്ചേറ്റും. താരപ്പിറവിയെന്ന് ഉദ്ഘോഷിക്കും. എല്ലാ ലോകകപ്പിലും പുതുതാരകങ്ങള് പിറന്നുവീഴാറുണ്ട്. ആദ്യമൊന്നും ആരും അവരെ ശ്രദ്ധിക്കാറില്ല. കളത്തിലിറങ്ങുമ്പോള്‍ അഭിവാദ്യമേകാറുമില്ല. പക്ഷേ, കളികഴിഞ്ഞു മടങ്ങുമ്പോള്‍ കാണികള്‍ തിരിച്ചറിയും അവരുടെ പ്രതിഭ. വരുന്നുണ്ട് ബ്രസീലിനെ പിടിച്ചുകുലുക്കാന്‍ പ്രാപ്തിയുള്ള ചില യുവ കളിക്കാര്‍. അക്കൂട്ടത്തിലെ പ്രധാനികളെ പരിചയപ്പെടാം
ജയിംസ് റോഡ്രിഗസ് (കൊളംബിയ) മുഴുവന്‍ പേര്- ജയിംസ് ഡേവിഡ് റോഡ്രിഗസ് വയസ്സ്- 22 പൊസിഷന്‍- മിഡ്ഫീല്‍ഡ് ക്ലബ്ബ്- മൊണാക്കോ ചെറുപ്പക്കാരുടെ കൂട്ടത്തിലെ പ്രഗത്ഭരിലൊരാള്‍. മത്സരഗതി ഒറ്റയ്ക്ക് മാറ്റിമറിക്കാന്‍ കഴിവുള്ളവന്. ചെല്ലപ്പേര്’ദി ന്യൂ കിഡ്’. കൊളംബിയന്‍ ഇതിഹാസം കാര്‍ലോസ് വാള്‍ഡറമയുടെ വിളിപ്പേര് ‘ദി കിഡ്’ എന്നായിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന റോഡ്രിഗസിന് ഈ നാമമല്ലാതെ മേറ്റ്ന്തുചേരാന്. വേഗവും പന്തിന്മേലുള്ള നിയന്ത്രണവും കാത്തുസൂക്ഷിക്കാനുള്ള വൈഭവമാണ് റോഡ്രിഗസിന്റെ കരുത്ത്. മികച്ച പാസിങ്ങും ഫിനിഷിങ് വൈദഗ്ധ്യവും മറ്റു ഗുണങ്ങള്‍. പ്രതിരോധനിരക്കാര്‍ ഇപ്പോഴേ റോഡ്രിഗ്സിനെ നോട്ടമിട്ടുകഴിഞ്ഞു.
ഷര്ദാന് ഷഖീരി (സ്വിറ്റ്സര്‍ലന്റ്) മുഴുവന്‍ പേര്- ഷര്ദാന് ഷഖീരി വയസ്സ്- 22 പൊസിഷന്‍- മിഡ്ഫീല്‍ഡ് ക്ലബ്ബ്- ബയേണ്‍ മ്യൂണിച്ച് മാജിക്ക് വാര്ഫെന്നും പവര്‍ ക്യൂബെന്നും വിളിപ്പേരുള്ള ഷര്ദാന് ഷഖീരിയുടെ ചിറകേറിയായിരിക്കും സ്വിസ് ടീമിന്റെ പ്രയാണം. അല്‍ബേനിയയിലാണ് ജനനമെങ്കിലും 1992ലെ കലാപത്തോടെ ഷര്‍ദാന്റെ കുടുംബം സ്വിറ്റ്സര്‍ലന്റ് ചേക്കേറുകയായിരുന്നു. നാല് വര്‍ഷം മുന്‍പ് യൂറോ കപ്പ് ക്വാളിഫയറില്‍ ഇംഗ്ലണ്ടിനെതിരായ ഗോള്‍ ഷര്ദാനെ ശ്രദ്ധേയനാക്കി. മത്സരത്തില്‍ സ്വിറ്റ്സര്‍ലന്റ് തോറ്റെങ്കിലും ഷര്‍ദാന്റെ മികവ് അംഗീകരിക്കപ്പെട്ടു. പന്തടക്കത്തില്‍ ഏറെ സമഗ്രത പുലര്‍ത്തുന്ന ഷര്ദാന് അളന്നു മുറിച്ച പാസുകള്‍ നല്‍കാനും കേമന്‍ തന്നെ.
പോള്‍ പോഗ്ബ (ഫ്രാന്‍സ്) മുഴുവന്‍ പേര്- പോള്‍ ലാബിലെ പോഗ്ബ വയസ്സ്- 21 പൊസിഷന്‍- മിഡ്ഫീല്‍ഡ് ക്ലബ്ബ്- ജുവന്റസ് ചെല്ലപ്പേര് കേള്‍ക്കുമ്പോള്‍ മനസിലാവും ആള് ചില്ലറക്കാരനല്ലെന്ന്. നീളമേറിയ കാലുകളാല്‍ ബോള്‍ ട്രിക്കുകള്‍ കാട്ടുന്ന താരത്തെ ഇഷ്ടക്കാരും എതിരാളികളും പോള്‍ നീരാളിയെന്ന് വിളിക്കുന്നു. അണ്ടര്‍ 20 ലോകകപ്പില്‍ ഫ്രാന്‍സിന്റെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. യൂറോപ്പിലെ മികച്ച യുവ കളിക്കാരനുള്ള പുരസ്ക്കാരവും പോഗ്ബ കൈപ്പടിയില്‍ ഒതുക്കി. പോഗ്ബ പകരുന്ന ഊര്‍ജ്ജമായിരിക്കും ലോകകപ്പില്‍ ഫ്രാന്‍സിന്റെ പ്രതീക്ഷകള്‍ ജ്വലിപ്പിക്കുന്നത്.
ക്രിസ്റ്റ്യന്‍ അസു (ഘാന) മുഴിവന്‍ പേര്- ക്രിസ്റ്റ്യന്‍ അസു ട്വാസം വയസ്സ്- 22 പൊസിഷന്‍- മിഡ്ഫീല്‍ഡ്/വിംഗ് ക്ലബ്ബ്- ചെല്‍സി 17-ാം വയസ്സില്‍ എഫ്സി പോര്ട്ടായ്ക്ക് വേണ്ടി ബൂട്ടണിഞ്ഞ് മുഖ്യധാരയിലെത്തി. കറുത്ത കുതിരകളാവാന്‍ വെമ്പുന്ന ഘാനയെ തോളിലേറ്റാന്‍ കെല്‍പ്പുള്ള അസുവിന്റെ വിളിപ്പേര്, ആഫ്രിക്കന്‍ മെസി. യോഗ്യതാ റൗണ്ടില്‍ ഘാനയ്ക്കുവേണ്ടി അസു മിന്നിത്തിളങ്ങി. അസുവിന്റെ സഹായത്താല്‍ ബ്രസീലില്‍ കൂടുതല്‍ ഉയരങ്ങളിലെത്താമെന്ന് ഘാന കണക്കുകൂട്ടുന്നു.
മാത്യു റയാന് (ഓസ്ട്രേലിയ) മുഴുവന്‍ പേര്- മാത്യു ഡേവിഡ് ഋയാന്‍ വയസ്സ്- 21 പൊസിഷന്‍- ഗോള്‍ കീപ്പര്‍ ക്ലബ്- ബ്രൂഗെ 2009-10 സീസണില്‍ സ്വന്തംനാട്ടിലെ സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്സ് യൂത്ത് ടീമില്‍ കളിയാരംഭിച്ചു. പിന്നീട് മൂന്ന് വര്‍ഷത്തെ കരാര്‍ വ്യവസ്ഥയില്‍ റിസര്‍വ് ഗോളിയായി അവരോധിക്കപ്പെട്ടു. പ്രഫഷണല്‍ മികവ് പുറത്തെടുത്ത റയാന് ആ വര്‍ഷത്തെ ‘യങ്ങ് ഫുട്ബോളര് ഓഫ് ദി ഇയര്‍ അവാര്‍ഡ്’ നേടിയെടുത്തു. പിന്നീടങ്ങോട്ട് കേളീമികവിന്റെ പര്യായമായിമാറി. ചിലിയും ഹോളണ്ടും സ്പെയ്നും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് സോക്കോറൂസ് മുന്നേറുമെന്ന് വലിയ പ്രതീക്ഷയില്ല. എന്നാല്‍ പോസ്റ്റിനു കീഴെ റയാന്റെ അത്ഭുത പ്രവൃത്തികളുണ്ടാവുമെന്നു തീര്‍ച്ച.
വില്യം കര്‍വാലോ (പോര്‍ച്ചുഗല്‍) മുഴുവന്‍ പേര്- വില്ല്യം സില്വാ ഡി കര്‍വാലോ വയസ്സ്- 22 പൊസിഷന്‍- മിഡ്ഫീല്‍ഡ് ക്ലബ്ബ്- സ്പോര്‍ട്ടിംഗ് ലിസ്ബണ്‍ അംഗോളയിലെ ലുവാണ്ടയില്‍ ജനിച്ച കര്വാലോയേയുടെ കുട്ടിക്കാലത്ത് തന്നെ കുടുംബം പോര്‍ച്ചുഗലിലേക്ക് കുടിയേറി. 13-ാം വയസ്സില്‍ സ്പോര്‍ട്ടിംഗ് ക്ലബ്ബില്‍ ചേര്‍ന്നു. 2012 ഒക്ടോബര്‍ 15ന് പോര്‍ച്ചുഗല്‍ അണ്ടര്‍-21 ടീമില്‍ അംഗത്വം നേടി. പറങ്കിപ്പടയുടെ മധ്യനിരയിലെ കൊടുങ്കാറ്റാകുമെന്നു കരുതപ്പെടുന്നു. മികച്ച അത്ലേറ്റ്ന്നും വിശേഷണം.
റിക്കാര്‍ഡോ റോഡ്രിഗസ് (സ്വിറ്റ്സര്‍ലന്റ്) മുഴുവന്‍ പേര്- റിക്കാര്‍ഡോ ഐവാന്‍ റോഡ്രിഗസ് അരായ വയസ്സ്- 21 പൊസിഷന്‍- ലെഫ്റ്റ് വിങ് ബാക്ക് ക്ലബ്ബ്- വോള്‍ഫ്സ്ബര്‍ഗ് സ്വിസ് ടീമിന്റെ വൈകല്യങ്ങളുടെ സുഷിരമടയ്ക്കാന് ശേഷിയുള്ള മിടുക്കന്. സെറ്റ്പീസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അഗ്രഗണ്യന്‍. 2009ല്‍ സീനിയര്‍ ടീമില്‍ ഇടം നേടി. അതിനു മുന്‍പ് എഫ് സി സൂറിച്ചില്‍ കളി തേച്ചുമിനുക്കി. 2009ല്‍ ഫിഫ അണ്ടര്‍-17 ലോകകപ്പിന് എത്തിയ സ്വിസ് ടീമിലെ അംഗം കൂടിയായിരുന്നു റോഡ്രിഗസ്. ബ്രസീലില്‍ ആ കാലുകളില്‍ ഏവരും ഉറ്റുനോക്കുന്നു.
റാഫേല്‍ വരാനെ (ഫ്രാന്‍സ്) മുഴുവന്‍ പേര്- റാഫേല്‍ വരാനെ വയസ്സ്- 21 പൊസിഷന്‍- സെന്റര്‍ ബാക്ക് ക്ലബ്ബ്- റയല്‍ മാഡ്രിഡ് പെരുമയുടെ ലോകത്ത് വരാനെ നേരത്തെ ഇടം ഉറപ്പിച്ചുകഴിഞ്ഞു. ഉന്നത നിലവാരമുള്ള സെന്റര്‍ ഡിഫന്ററായി കളി വിദഗ്ധരും വരാനെയെ വാഴ്ത്തുന്നു. കളത്തിലെ മാന്യമായ പെരുമാറ്റം അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്ത വിശേഷണം, മിസ്റ്റര്‍ ക്ലീന്‍. 2012 മാര്‍ച്ചില്‍ ജോര്‍ജിയയ്ക്കെതിരായ യോഗ്യതാ മത്സരത്തില്‍ വരാനെ ആദ്യമായി ഫ്രഞ്ച് ജഴ്സിയണിഞ്ഞു. കാനറികളുടെ മണ്ണില്‍ വരാനെ ഒരു തരംഗമായാല്‍ അത്ഭുതമില്ല.
എറിക്ക് ലമേല (അര്‍ജന്റീന) മുഴുവന്‍ പേര്- എറിക്ക് മാനുവല്‍ ലമേല വയസ്സ്- 22 പൊസിഷന്‍- അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍/വിങ്ങര്‍ ക്ലബ്- ടോട്ടനം ഹോട്സ്പര്‍ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ ലമേലയുടെ മികവ് ഏറെ പ്രശംസനീയം. അത്രത്തോളം ഡ്രിബ്ലിങ് മികവും വേഗതയും കൈമുതലാക്കിയ താരമാണ് ലമേല. അതിനാല്‍ തന്നെ ഈ 22കാരന് അര്‍ജന്റീന നിരയില്‍ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന മിഡ്ഫീല്‍ഡര്‍. റമേല കൊക്കോ എന്ന് ചെല്ല പേരില്‍ വിളിക്കുന്ന ലമേലയ്ക്ക് പന്തുമായി പ്രതിരോധനിര തകര്‍ത്ത് മുന്നേറാന്‍ സാധിക്കുമെങ്കിലും ഗോളെന്ന ലക്ഷ്യം പൂര്‍ത്തിയാക്കുന്നതില്‍ സാമര്‍ഥ്യം പോര. തുടരെയുള്ള പരിക്കുകളും താരത്തിന് തിരിച്ചടി സൃഷ്ടിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: