വസീരിസ്ഥാന്: പാക്കിസ്ഥാനിലെ വടക്കന്‍ വസീരിസ്ഥാനില്‍ കഴിയുന്ന നൂറ് കണക്കിന് ഗോത്രവര്ഗ്ഗസമൂഹം കൂട്ടത്തോടെ അഫ്ഗാനിസ്ഥാനിലേക്ക് പലായനം ചെയ്യുന്നു. ഈ മാസം 10-ന് മുമ്പായി വസീരിസ്ഥാനില്‍ നിന്ന് വിട്ടുപോകണമെന്ന താലീബാന്റെ ഭീഷണിയെതുടര്‍ന്നാണ് ഗോത്രവര്‍ഗ്ഗ സമൂഹം അഫ്ഗാനിലേക്ക് പലായനം ചെയ്തു തുടങ്ങിയത്. അഫ്ഗാനിലെ കോസ്റ്റ്, പകാടിക എന്നീ പ്രവശ്യകളിലേക്കാണിവര് കടക്കുന്നത്. ഇതിനോടകം, നൂറോളം കുടുംബങ്ങളാണ് അഫ്ഗാനിലേക്ക് അതിര്‍ത്തി കടന്നത്. വരും ദിനങ്ങളില്‍ ഇനിയും നിരവധി കുടുംബങ്ങള്‍ അഫ്ഗാനിലേക്ക് പോയേക്കും.
വീടുകളില്ലാത്തവര്ക്കുവേണ്ടി അതിര്‍ത്തിപ്രദേശമായ വസീരിസ്ഥാനില്‍ പാക്സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്കിയ താല്‍ക്കാലിക അഭയകേന്ദ്രങ്ങളില്‍ താമസിച്ചിരുന്ന ഗോത്രവര്‍ഗ്ഗ സമൂഹമാണ് ഇപ്പോള്‍ അഫ്ഗാനിലേക്ക് പോകുന്നത്. അഫ്ഗാനില്‍ നിന്നും പലപ്പോഴായി വസീരിസ്ഥാനിലെത്തിയവരാണ് ഇവര്‍.
പാക് സര്‍ക്കാരിന്റെ കാമ്പുകളില്‍ കഴിയുന്നവര്‍ പ്രദേശത്തുനിന്ന് ഉടന്‍ വിട്ടുപോകണമെന്ന് കഴിഞ്ഞ ആഴ്ച്ചയാണ് താലീബാന് നേതാവ് ഹാഫിസ് ഗുള്‍ ബഹദൂര്‍ പ്രസ്താവനയിലൂടെ അറിയിച്ചത്. പാക് സര്‍ക്കാര്‍ ഒരു ആക്രമണ പദ്ധതി ഉടന്‍ തയ്യാറാക്കുമെന്നും സാധാരണക്കാരെപോലും സൈന്യം ആക്രമിക്കുമെന്നും അതുകൊണ്ട് ജൂണ്‍ 10-ന് മുമ്പ് പ്രദേശത്തുനിന്ന് വിട്ടുപോകണമെന്നുമായിരുന്നു നിര്‍ദ്ദേശം. കാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സര്‍ക്കാര്‍ ഒരു തരത്തിലുമുള്ള സംരക്ഷണവും നല്‍കില്ല, പ്രദേശം വിട്ടു പോയില്ലെങ്കില്‍ അത് നിങ്ങളുടെ ജീവന് ഭീഷണിയായിതീരുമെന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
പാക് സൈന്യത്തിന്റെ നടപടി സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്ന താലിബാന്റെ നിര്‍ദ്ദേശം കൂടുതല്‍ പ്രശ്നങ്ങള്‍ക്കേ വഴിവെക്കൂ. ഇക്കൊല്ലം അഫ്ഗാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുന്നതോടെ താലിബാന് കൂടുതല്‍ കരുത്തരാകും. അതിര്‍ത്തി പ്രദേശമായതിനാല്‍ ഭീകര സംഘടനകളുടെ ഒളിത്താവളങ്ങള്‍ ഇവിടം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ പലായനം ചെയ്തവരുടെ ജീവന് ഇവിടെ യാതൊരു സുരക്ഷിതത്വവും ലഭിക്കില്ല. അഫ്ഗാനിലെ ഒളിത്താവളങ്ങള്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ മാസം പാക്കിസ്ഥാന് സൈന്യം നടത്തിയ വ്യോമാക്രമണം ഇവിടുത്തെ ഭീകരരെ ചൊടിപ്പിച്ചിരിക്കുകയാണ്. 2006-ല്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ച സമാധാന കരാര്‍ പാക്കിസ്ഥാന് ലംഘിച്ചുവെന്നാരോപിച്ച് അടുത്തിടെ വിളിച്ചു ചേര്‍ത്ത സമാധാന ചര്‍ച്ച താലിബാന് തള്ളിയിരുന്നു. പാക് സര്‍ക്കാരിന്റെ നടപടിക്കെതിരെ താലിബാന് അതിശക്തമായി പ്രതികരിക്കാന്‍ തീരുമാനമെടുത്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് വസീരിസ്ഥാനിലെ ഗോത്രവര്‍ഗ്ഗ സമൂഹത്തോട് പ്രദേശം വിടാന്‍ താലിബാന് നിര്‍ദ്ദേശം നല്‍കിയതെന്നാണ് സൂചന.
അഫ്ഗാനില്‍ പാക് സൈന്യം നടത്തുന്ന വ്യോമാക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഭീകരസംഘടനകള്‍ പലപ്പോഴായി മുന്നറിയിപ്പ് നല്‍കിയിരുന്നു. അല്ലാത്ത പക്ഷം അഫ്ഗാനിലെ ജനങ്ങളെ പാക്കിസ്ഥാനില്‍ നിന്നും രാജ്യത്തേക്ക് തിരിച്ചുവിളിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സൈന്യത്തിനെതിരായ യുദ്ധം അവസാനിപ്പിക്കുന്ന ഭീകരസംഘടനകളുമായി മാത്രമേ സമാധാന ചര്‍ച്ചക്കുള്ളൂവെന്ന് പാക് ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലി ഖാന് അടുത്തിടെ വ്യക്തമാക്കിയിരുന്നു.
ജീവിക്കാനുള്ള ആഗ്രഹത്തോടെയാണ് ഗോത്രവര്‍ഗ്ഗ സമൂഹം വസീരിസ്ഥാന് വിടുന്നതെങ്കിലും ഇനിയുള്ള നാളുകള്‍ ഇവര്‍ക്ക് കടുത്ത വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. താലിബാന്റെ നിര്‍ദ്ദേശങ്ങള്‍ക്കും, ഭീഷണികള്‍ക്കും വഴങ്ങിയില്ലെങ്കില്‍ ഒരു പക്ഷെ മരണമായിരിക്കും ഇവരുടെ വിധി. അല്ലാത്തപക്ഷം, ഭീകരവാദത്തിലേക്ക് ഇവര്‍ക്ക് തിരിയേണ്ടി യും വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: