നൃത്തകലയെ ഉപാസിക്കുകയും നൃത്തം പഠിപ്പിക്കുകയും ചെയ്യുന്നതിലല്ല, നൃത്തത്തോട് നൂറുശതമാനം ആഭിമുഖ്യം പുലര്‍ത്തുന്നവരെയാണ് നൃത്തം പഠിപ്പിക്കേണ്ടതെന്ന് തെളിയിച്ച അധ്യാപികയാണ് ഗിരിജാ ചന്ദ്രന്. 25 വയസ്സുമുതല്‍ 65 വയസ്സുവരെയുള്ള 45 വീട്ടമ്മമാരെ ഉള്‍പ്പെടുത്തി നൃത്തം പഠിപ്പിച്ച് അരങ്ങിലെത്തിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് നൃത്താധ്യാപികയായ ഗിരിജ ടീച്ചര്‍. 1972-ല്‍ സ്വയംതൊഴില്‍ ലക്ഷ്യമിട്ട് ആരംഭിച്ച റിഗാറ്റ എന്ന സ്ഥാപനം ഇന്ന് തിരുവനന്തപുരത്തെ ജവഹര്‍ നഗര്‍, കുളത്തൂര്‍, വഞ്ചിയൂര്‍, ഇടപ്പഴഞ്ഞി എന്നിവിടങ്ങളിലായി 700-ല്‍ അധികം പേര് പഠിക്കുന്ന നൃത്ത വിദ്യാലയമായി വളര്‍ന്നു കഴിഞ്ഞു. വിദ്യാലയത്തിന്റെ വളര്‍ച്ചയ്ക്കു പിന്നില്‍ ടീച്ചറുടെ കറതീര്‍ന്ന കലാസ്നേഹം മാത്രം.
കുട്ടികളെ നൃത്തം പഠിപ്പിക്കാന്‍ എത്തുന്ന അമ്മമാരില്‍ ചിലരുടെ താത്പര്യമാണ് വീട്ടമ്മമാര്‍ക്കായി ഒരു ക്ലാസ് നടത്താമെന്ന തീരുമാനത്തില്‍ എത്തിയത്. വിദ്യാഭ്യാസ കാലത്ത് മികവ് തെളിയിച്ച് കലാതിലകം വരെ എത്തിയ പലരും വീട്ടമ്മമാരായി ഒതുങ്ങിക്കൂടുകയാണ്. ഇവരിലെ കലാവാസന വളര്‍ത്തിയെടുത്ത് കലാരംഗത്ത് സജീവമാക്കുകയായിരുന്നു ലക്ഷ്യം. നൃത്ത പഠനത്തിലൂടെ സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ടു. നൃത്തപഠനം നടത്തുന്ന പാവപ്പെട്ട വീട്ടമ്മമാര്‍ക്ക് നൃത്താദ്ധ്യാപനം ഒരു തൊഴിലായി തെരഞ്ഞെടുക്കാനും കൂടിയായിരുന്നു പരിശീലനം. വെറും നൃത്തപഠനമല്ല കര്‍ണാടക സംഗീതം, സംസ്കൃതം, എന്നിവ ഉള്‍പ്പെടുത്തിയായിരുന്നു പഠനം. ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിര, കുച്ചുപ്പുടി എന്നീ നൃത്തയിനങ്ങളാണ് പഠിപ്പിക്കുന്നത്. 2009 മെയിലാണ് യൂണിവേഴ്സിറ്റി വിമന്‍സ് അസോസിയേഷനുമായി ചേര്‍ന്ന് വീട്ടമ്മമാര്‍ക്കായി നൃത്തപഠനം തുടങ്ങിയത്.
വീട്ടമ്മമാര്‍, ഉദേ്യാഗസ്ഥര്‍, നൃത്തം വരുമാനമാര്‍ഗമാക്കിയവര്‍ അങ്ങനെ പല മേഖലകളില്‍ നിന്നുള്ളവര്‍ ഇവിടെ നൃത്തപഠനം നടത്തുന്നു. തങ്ങളുടെ കുട്ടികള്‍ നൃത്തം അഭ്യസിക്കുമ്പോള്‍ അവരുടെ പോരായ്മകള്‍ ചൂണ്ടിക്കാട്ടാനായി നൃത്തം അഭ്യസിക്കുന്നവരുമുണ്ട്.
വീട്ടമ്മമാരുടെ മാനസികോല്ലാസമാണ് പരമപ്രധാനമെന്ന് ഗിരിജ ടീച്ചര്‍ പറയുന്നു. 59 വയസ്സുള്ള പ്രിയദര്‍ശിനി എന്ന വീട്ടമ്മയാണ് ഏറ്റവും പ്രായം കൂടിയ നൃത്ത വിദ്യാര്‍ഥിനി. സര്‍വകലാശാല കലോത്സവങ്ങളിലെ താരവും ദൂരദര്‍ശനിലെ ആദ്യത്തെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റുമായ ഉഷാകുമാരി, യൂണിവേഴ്സ്റ്റി കലാതിലകമായിരുന്ന ഗായത്രി ഗോപിനാഥ്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ദേവി, ഐശ്വര്യ വിനോദ് എന്നിവര്‍ ടീച്ചറുടെ ശിഷ്യരാണ്.
യൂണിവേഴ്സിറ്റി വിമന്‍സ് അസോസിയേഷന്റെ 50-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച ് സംഘടിപ്പിച്ച ”ഗൃഹനായിക” എന്ന പേരിലുള്ള ഒരു നൃത്തസന്ധ്യ നടത്തിയാണ് ടീച്ചറുടെ വീട്ടമ്മമാരായ ശിഷ്യര്‍ അടുക്കളയില്‍നിന്ന് അരങ്ങത്തെത്തിയത്. ഈ ലക്ഷ്യത്തിലെത്താന്‍ ഗിരിജ ടീച്ചറിന്റെ അക്ഷീണ പരിശ്രമമുണ്ട്.
സിനിമാറ്റിക് ഡാന്‍സിലും റിയാലിറ്റി ഷോയിലും പങ്കെടുപ്പിക്കാന്‍ വേണ്ടി ഇവിടെ നൃത്തം പഠിപ്പിക്കാറില്ല. കാരണം നൂറുശതമാനം ശാസ്ത്രീയ നൃത്തത്തിനാണ് പ്രാധാന്യം നല്‍കുന്നത്. കലോത്സവ മത്സരങ്ങള്‍ക്കുവേണ്ടി മാത്രമായും നൃത്തം പഠിപ്പിക്കില്ലെന്ന് ഗിരിജ ടീച്ചര്‍ പറയുന്നു…
ഷീനാ സതീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: