നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അധികാരത്തിലേറിയ 45 അംഗ മന്ത്രിസഭയില്‍ നാലില്‍ ഒന്ന് സ്ത്രീകളാണ്. ശക്തരായ ഏഴ് വനിതാ മന്ത്രിമാര്‍. ആറുപേര്‍ക്ക് സ്വതന്ത്രചുമതലയും ഒരാള്‍ക്ക് സഹമന്ത്രിസ്ഥാനവും. സുഷമ സ്വരാജ്, ഉമാഭാരതി, നജ്മ ഹെപ്തുള്ള, മനേക ഗാന്ധി, ഹര് സിമ്രത് കൗര്‍ ബാദല്‍, സ്മൃതി ഇറാനി കാബിനറ്റ് ചുമതലയുള്ള മന്ത്രിമാര്‍. നിര്‍മ്മല സീതാരാമന് സഹമന്ത്രി സ്ഥാനത്തും.
മന്ത്രിസഭയിലെ സ്വതന്ത്ര ചുമതലയുള്ള ഏറ്റവും പ്രായം കൂടിയ മന്ത്രിയും ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയും സ്ത്രീകളാണ്. സ്മൃതി ഇറാനിയാണ്(38) ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി. പ്രായം കൂടിയ മന്ത്രിയും ഏക മുസ്ലിം പ്രതിനിധിയുമാണ് നജ്മ ഹെപ്തുള്ള. പ്രായം 74. ഏറ്റവും പ്രധാന്യമര്‍ഹിക്കുന്ന വകുപ്പായ വിദേശകാര്യം കൈകാര്യം ചെയ്യുന്നതും വനിത തന്നെ, സുഷമ സ്വരാജ്. ഏറ്റവും ചെറിയ പ്രായത്തില്‍ മന്ത്രി സ്ഥാനത്തെത്തിയ വനിത, ദല്‍ഹിയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി, എന്നീ വിശേഷണങ്ങള്‍ക്കു പുറമെ ആദ്യത്തെ വനിത വിദേശകാര്യ മന്ത്രികൂടിയാണ് സുഷമ.
സ്വാതന്ത്ര്യസമരസേനാനിയായിരുന്ന മൗലാനാ അബ്ദുള്‍കലാം ആസാദിന്റെ ചെറുമകളാണ് നജ്മ ഹെപ്തുള്ള. കോണ്‍ഗ്രസിന്റെ രാജ്യസഭാംഗമായിരുന്ന നജ്മ 2004ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു.
തീപ്പൊരിനേതാവെന്ന് വിശേഷിപ്പിക്കാവുന്ന ബിജെപി നേതാവാണ് ഉമാഭാരതി. രാമജന്മഭൂമി പ്രക്ഷോഭത്തില്‍ മുന്‍നിരക്കാരിയായിരുന്നു ഉമ. 2003-ല്‍ മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ പാര്‍ട്ടിയെ ഭരണത്തിലെത്തിച്ച് മുഖ്യമന്ത്രിയായി. ഝാന്‍സി മണ്ഡലത്തില്‍ മത്സരിച്ചാണ് ലോക്സഭയില്‍ എത്തിയത്.
പരിസ്ഥിതി പ്രവര്‍ത്തകയും മൃഗസംരക്ഷകയുമായ മനേക ഗാന്ധിയാണ് മറ്റൊരു സ്ത്രീശക്തി. വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രിയാണ്. നെഹ്റുകുടുംബാംഗമായ മനേക ജനതാദളിലൂടെ എംപിയായി. പിന്നീട് 99-ല്‍ ബിജെപിയില്‍ ചേര്‍ന്നു. വാജ്പേയി സര്‍ക്കാരിലെ സാംസ്കാരിക മന്ത്രിയായിരുന്നു. ഇത്തവണ പിലിഭിത്തില്‍ നിന്ന് വിജയിച്ചാണ് മന്ത്രിസഭയില്‍ എത്തിയത്.
അകാലിദള്‍ നേതാവായ ഹര് സിമ്രത് കൗര്‍ ബാദലാണ് അടുത്ത വനിതാമന്ത്രി. ഭക്ഷ്യസംസ്ക്കരണ വകുപ്പിന്റെ ചുമതല വഹിക്കുന്ന ഹര്‍സിമ്രത് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലിന്റെ ഭാര്യയാണ്. ഭട്ടിന്‍ഡ മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചത്. താരപ്രഭയുള്ള മന്ത്രിയാണ് സ്മൃതി സുബിന് ഇറാനി. ബിജെപി ദേശീയ ഉപാദ്ധ്യക്ഷയായ സ്മൃതി സീരിയല്‍ താരവും മോഡലുമായിരുന്നു.
2003-ല്‍ ബിജെപിയില്‍ ചേര്‍ന്നു. 2004-ല്‍ ദല്‍ഹിയിലെ ചാന്ദ്നിചൗക്ക് മണ്ഡലത്തില്‍ കപില്‍ സിബലിനോട് മത്സരിച്ച് പരാജയപ്പെട്ടു. ബിജെപിയുടെ ദേശീയസമിതിയംഗമായ സ്മൃതി 2011 ല്‍ ഗുജറാത്തില്‍ നിന്നും രാജ്യസഭയിലെത്തി.
വാണിജ്യം-വ്യവസായം എന്നീ വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയാണ് ബിജെപിയുടെ ദേശീയ വക്താവായ നിര്‍മ്മല സീതാരാമന്. 2003-2005 കാലഘട്ടത്തില്‍ ദേശീയ വനിതാ കമ്മീഷന് അംഗമായിരുന്നു.
ദൃശ്യ ഉത്തമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: