ന്യൂദല്‍ഹി: ഇന്ത്യയുമായുള്ള സുഹൃദ്ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ചൈന. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ ബന്ധപ്പെട്ട ചൈനീസ് പ്രധാനമന്ത്രി ലി കെക്വിങ് ഇന്ത്യയിലെ പുതിയ സര്‍ക്കാരുമായി കൂടുതല്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും വ്യക്തമാക്കി.
ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാസ്വരാജുമായി ഫോണില്‍ സംസാരിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഇന്ത്യ-യുഎസ് ബന്ധം ദൃഢമാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടു പോകുന്നത് ലോകശക്തികളായ അമേരിക്കയ്ക്കും ചൈനയ്ക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നരേന്ദ്രമോദിയുമായി മികച്ച ബന്ധമുണ്ടാക്കുന്നതിന് ചൈന ശ്രമിക്കുമ്പോള്‍ വിസ പ്രശ്നത്തിലെ ഭിന്നിപ്പ് ഇല്ലാതാക്കുന്നതിനാണ് അമേരിക്കയുടെ ശ്രമം. മോദി സര്‍ക്കാരുമായി ഏതുവിധേനയും മികച്ച ബന്ധം ഉണ്ടാക്കിയെടുക്കുന്നതിനാണ് അമേരിക്കയുടെ ശ്രമം.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ചൈനീസ് പ്രധാനമന്ത്രി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മോദിയെ അഭിനന്ദിച്ചു. 25 മിനിറ്റോളം ഫോണില്‍ സംസാരിച്ച ഇരുവരും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തി. ലീയുടെ അഭിനന്ദനത്തിന് നന്ദി അറിയിച്ച മോദി, രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തന്റെ സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്നും പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ പ്രയോജനം തങ്ങളുടെ ജനങ്ങള്‍ക്കായിരിക്കുമെന്നും മോദി അഭിപ്രായപ്പെട്ടു. രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക ഉടമ്പടികളെ സ്വാഗതം ചെയ്യുന്നതായും മോദി അറിയിച്ചു.
എത്രയും പെട്ടെന്നു തന്നെ നേരില്‍ കണ്ട് ഉന്നതതല ചര്‍ച്ചകള്‍ നടത്താനും ഇരുനേതാക്കന്മാരും ധാരണയായി. ഈവര്‍ഷം അവസാനത്തോടെ ഇന്ത്യ സന്ദര്‍ശിക്കുന്ന ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്ങിന്റെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പരസ്പര ബന്ധം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച് ഇരുവരും ഏറെ നേരം ചര്‍ച്ച നടത്തി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര-വാണിജ്യ-വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച് സുഷമാ സ്വരാജുമായി വിശദമായ ചര്‍ച്ച നടത്തിയ ജോണ്‍ കെറി വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ സുഷമയെ അഭിനന്ദിച്ചു.
500 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക കരാറാണ് ഇരുരാജ്യങ്ങളും ലക്ഷ്യം വെക്കുന്നത്. സാര്‍ക്ക് രാജ്യങ്ങളുമായി ഇന്ത്യയുടെ സഹകരണത്തെക്കുറിച്ച് സുഷമ കെറിയുമായി സംസാരിച്ചതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു. നരേന്ദ്രമോദിയെ അമേരിക്കയിലേക്ക് ക്ഷണിക്കുന്നതിനായി ഒബാമ ഭരണകൂടം അത്യധികം താല്‍പ്പര്യം പ്രകടിപ്പിക്കുന്നതായി ജോണ്‍ കെറി ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: