ഭാരതത്തിലെ വിജ്ഞാനകോശങ്ങളെ വളരെ ലഘുവായ ഒരു നിര്‍ദ്ദേശം കൊണ്ട് ഉപയോഗശൂന്യമാക്കിയതു നാം കണ്ടു. ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിച്ചുകഴിഞ്ഞപ്പോള് ഓരോ ഭാഷയിലും ആധുനികരീതിയിലുള്ള നിഘണ്ടുകള്‍ നിര്‍മ്മിക്കേണ്ടി വന്നു. എല്ലാ ഭാരതീയ ഭാഷകളിലും പലതരത്തിലുള്ള അനേകം നിഘണ്ടുകള്‍ ഉണ്ടായിരുന്നു. ആധുനിക നിഘണ്ടുക്കള്‍ ഭാരതീയ ഭാഷകളില്‍ അവതരിപ്പിച്ചത് ക്രിസ്ത്യന്‍ മിഷണറിമാരാണ്. അവരില്‍ മിക്കവരും ഭാഷാ പണ്ഡിതരോ നിഘണ്ടുനിര്‍മ്മാണത്തില്‍ പരിശീലനമുള്ളവരോ ആയിരുന്നില്ല. ഗുണ്ടര്ട്ടിനെയോ കിറ്റലിനെയോ ഒഴിച്ചു നിറുത്തിയാല്‍ മിക്ക മിഷണറി നിഘണ്ടുകളും നിലവാരമില്ലാത്തവ ആയിരുന്നു. എങ്കിലും ആധുനിക നിഘണ്ടു മാതൃക ഇന്ത്യക്കാര്‍ക്കു പരിചയപ്പെടുത്തിയത് ആ മിഷണറിമാരാണെന്ന് കൃതജ്ഞതയോടെ അംഗീകരിക്കാം. അവര്‍ പരിചയപ്പെടുത്തിയ മാതൃക പിന്തുടര്ന്ന് എല്ലാ ഭാഷകളിലും പല നിഘണ്ടുകളുണ്ടായി. എല്ലാം ഒറ്റപ്പെട്ട പണ്ഡിതന്മാരാണുണ്ടാക്കിയത്. ആസൂത്രിതമായ സാമഗ്രി സംഭരണമോ ശാസ്ത്രീയമായ അപഗ്രഥനമോ ക്രോഡീകരണമോ ഇല്ലാത്ത ഈ നിഘണ്ടുകള്‍ ഭാരതീയ ഭാഷാ പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതില്‍ വിജയിച്ചു എന്നു പറയാനാവില്ല. മലയാളം തന്നെ ഉദാഹരണമായി സ്വീകരിക്കാം. നമുക്ക് നൂറോളം നിഘണ്ടുകള്‍ പേരു പറയാനുണ്ട്. ഏതെങ്കിലും കാര്യത്തില്‍ മെച്ചപ്പെട്ടതെന്ന് എടുത്തുപറയാന്‍ മുന്നോ നാലോ നിഘണ്ടുക്കളില്‍ കൂടുതലില്ല. എല്ലാ ഭാരതീയ ഭാഷകളുടെയും സ്ഥിതി ഇതുതന്നെ.
“ലെക്സിക്കോഗ്രാഫിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ” ഭാരതത്തിലെ എല്ലാ വികസിത ഭാഷകള്‍ക്കു സമഗ്രവും ശാസ്ത്രീയവുമായ നിഘണ്ടുകളുണ്ടാക്കാന് തീരുമാനിച്ചു. സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയ്ക്ക് അതു നടപ്പിലാക്കാനുള്ള ചുമതല എനിക്ക് ഏറ്റെടുക്കേണ്ടി വന്നു. എല്ലാ ഭാഷകളിലും പ്രവര്‍ത്തിക്കാന്‍ യോഗ്യതയുള്ളവരെ ഉണ്ടാക്കാന്‍ രാജ്യത്തിന്റെ പലഭാഗത്തും “വര്‍ക്ക് ഷോപ്പുകള്‍” നടത്തി പരിശീലനം നല്കി ഒരു സംഘം നിഘണ്ടു പ്രവര്‍ത്തകരെ സൃഷ്ടിച്ചു. കേന്ദ്ര ഗവണ്മെന്റും യുജിസിയും നിഘണ്ടു വകുപ്പുകള്‍ സൃഷ്ടിച്ചു. ഞാന്‍ സെക്രട്ടറിയായിരുന്ന കാലത്തുതന്നെ പത്തിലേറെ ഭാഷകള്‍ക്ക് നിഘണ്ടു നിര്‍മ്മാണം ആരംഭിച്ചു. അതിനുശേഷവും പല ഭാഷകളില്‍ ആസൂത്രിതമായ നിഘണ്ടു നിര്‍മ്മാണശ്രമം ഉണ്ടായി. പല നിഘണ്ടുകളുടെയും പല വാല്യങ്ങള്‍ പ്രസിദ്ധപ്പെടുത്തി. പക്ഷേ ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തക്കവണ്ണം ഒന്നും പൂര്‍ത്തിയായിട്ടില്ല. ഇംഗ്ലീഷ് വ്യാഖ്യേയ ഭാഷയായോ വ്യാഖ്യാനഭാഷയായോ ഉള്ള നിഘണ്ടുകള്‍ അധികവും വിദേശ പ്രസിദ്ധീകരണസ്ഥാപനങ്ങളുടേത്, ലക്ഷക്കണക്കിനു ഭാരതത്തില്‍ വില്ക്കപ്പെടുന്നു. കോടിക്കണക്കിന് ഭാരതത്തിന്റെ ധനം പുറത്തേയ്ക്കൊഴുകുന്നു.
നിഘണ്ടുകളുടെ കാര്യത്തിലും ആംഗ്ലോ അമേരിക്കന്‍ ലോബിയുടെ തന്ത്രങ്ങള്‍ വിജ്ഞാനകോശങ്ങളെ നശിപ്പിക്കാന്‍ സ്വീകരിച്ചതില്‍ നിന്നു വ്യത്യസ്തമല്ല. മലയാള മഹാനിഘണ്ടുവിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇതു മനസ്സിലാക്കാന്‍ എളുപ്പമാണ്. മലയാളം ലെക്സിക്കണ്‍ എന്നുകൂടി പേരുള്ള മലയാള മഹാനിഘണ്ടുവിന്റെ പ്രവര്‍ത്തനം 1953 ലാണ് ആരംഭിച്ചത്. ഈ നിഘണ്ടുവിനെക്കുറിച്ച് ഈ പരമ്പരയില്‍ മുമ്പ് പരാമര്‍ശിച്ചിരുന്നു. ഭാരതീയ നിഘണ്ടുകാരന്മാരില്‍ പ്രമുഖനായ ഡോ. ശൂരനാട് കുഞ്ഞന്‍പിള്ളയാണ് ഈ നിഘണ്ടുവിന്റെ സ്ഥാപകന്‍. ശാസ്ത്രീയതയും സമഗ്രതയുംകൊണ്ട് മറ്റു ഭാരതീയ ഭാഷകള്‍ക്കു മാതൃകയായിത്തീര്‍ന്ന ഈ നിഘണ്ടുവിന്റെ സാമഗ്രി സംഭരണം 1957 ആയപ്പോഴേക്കും പൂര്‍ത്തിയായി. 1000 പുറം വീതമുള്ള ഏഴ് വാല്യങ്ങളുള്ള ഒന്നാം പതിപ്പിന്റെ നക്കല്‍ 1959ല്‍ പൂര്‍ത്തിയായി. 1965ല്‍ ഏഴു വാല്യങ്ങളുള്ള ഒന്നാം പതിപ്പ് പ്രസിദ്ധപ്പെടുത്താനായിരുന്നു തീരുമാനം. അപ്പോഴേക്കും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ ഒരു വിദഗ്ദ്ധസമിതി നിഘണ്ടുവിന്റെ പ്രവര്‍ത്തന പുരോഗതി പരിശോധിക്കാനെത്തി. പല ദിവസങ്ങള്‍ നീണ്ടുനിന്ന പരിശോധനയ്ക്കുശേഷം നിഘണ്ടു പ്രവര്‍ത്തനത്തെ വാനോളം എത്തുന്ന പ്രശംസയോടുകൂടിയ റിപ്പോര്‍ട്ട് കൊടുത്തു. ലെക്സിക്കണ്‍ പ്രവര്‍ത്തകര്‍ക്ക് യൂണിവേഴ്സിറ്റി അധ്യാപകരുടെ ശമ്പള സ്കെയിലുകള്‍ കൊടുത്തു. ജീവനക്കാരുടെ ശമ്പളം പലമടങ്ങു വര്‍ദ്ധിച്ചു. എല്ലാവര്ക്കും സന്തോഷം. കൂട്ടത്തില്‍ ഏഴു വാല്യമായി പ്രസിദ്ധപ്പെടുത്തുന്നതാണു നല്ലതെന്ന് ഒരു ഉപദേശം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടാതെ പരിശോധനകരിലാരോ യൂണിവേഴ്സിറ്റി ഭരണാധികാരികള്‍ക്കു കൊടുത്തു. ചീഫ് എഡിറ്റര്‍ക്ക് ആ ഉപദേശം ഇഷ്ടപ്പെട്ടില്ലെങ്കിലും എഡിറ്റോറിയല്‍ കമ്മറ്റിക്ക് ആ അഭിപ്രായം സ്വീകാര്യമായി. യൂണിവേഴ്സിറ്റി ഭരണാധിപരും അവരോടുചേര്‍ന്നു. സര്‍വവിജ്ഞാനകോശത്തിന്റെ കാര്യത്തില്‍ പറഞ്ഞതൊക്കെ ലെക്സിക്കണിലും നടന്നു. 1965ല്‍ ലെക്സിക്കന്റെ ഒന്നാം വാല്യം പ്രസിദ്ധീകരിച്ചു. 1965ല്‍ ഏഴുവാല്യവും ഒരുമിച്ചു പ്രസിദ്ധപ്പെടുത്താനാണ് ഉദ്ദേശിച്ചിരുന്നത്. അതു 1970 ലായിരുന്നെങ്കിലും ഇപ്പോള്‍ പരിഷ്ക്കരിച്ചു വിപുലീകരിച്ച മൂന്നാമത്തെയോ നാലാമത്തെയോ പതിപ്പു മലയാളികള്‍ക്ക് ഉപയോഗിക്കാന്‍ കിട്ടുമായിരുന്നു. തുടര്‍ന്നുള്ള വാല്യങ്ങള്‍ 1970, 1976, 1984, 1985, 1988, 1997, 2009 എന്നീ വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ചു. അക്ഷരമാലയില്‍ ‘പി’ എന്ന അക്ഷരം കൊണ്ടു തുടങ്ങുന്ന പദങ്ങളിലെ നിഘണ്ടു വരയേ എത്തിയിട്ടുള്ളൂ.
ഗ്രാന്റ് കമ്മീഷന്റെ പരിശോധക സമിതിയിലൂടെ അനൗപചാരികമായി പകര്‍ന്ന നിര്‍ദ്ദേശം അനുസരിച്ചതിന് ആംഗ്ലോ അമേരിക്കന്‍ ലോബി അവരുടെ കൃതജ്ഞത പ്രദര്‍ശിപ്പിക്കാന്‍ മറന്നില്ല. ഒന്നാം വാല്യം പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോള്‍ എഡിന്‍ബറോ സര്‍വകലാശാലയിലെ ഭാഷാ ശാസ്ത്ര വകുപ്പിന്റെ അധ്യക്ഷനായ ഡോ. ആര്.ഇ. ആപ്പര്‍ മഹാനിഘണ്ടു കാര്യാലയം സന്ദര്‍ശിച്ച് മലയാള മഹാനിഘണ്ടുവിന്റെ പദശേഖരവും ഒന്നാം വാല്യവും പരിശോധിച്ചു. ആ പ്രവര്‍ത്തനത്തെ പ്രശംസിച്ച് അദ്ദേഹമെഴുതിയ ലേഖനം രണ്ടാം വാല്യത്തിന്റെ ആമുഖമായി ചേര്‍ത്തിട്ടുണ്ട്. മലയാള മഹാനിഘണ്ടു അര്‍ഹിക്കുന്ന പ്രശംസ നല്‍കുന്നതിന് ഇംഗ്ലീഷുകാരും അമേരിക്കക്കാരും എതിരല്ല. അങ്ങനെയൊരു നിഘണ്ടു പൂര്‍ത്തിയായി മലയാളികള്‍ എടുത്തുപയോഗിക്കാനിടയാകരുതെന്നേ അവര്‍ക്ക് നിര്‍ബന്ധമുള്ളൂ.
1971ല്‍ ഡോ. കുഞ്ഞന്‍പിള്ള ലെക്സിക്കണില്‍ നിന്നു പിരിഞ്ഞു. തുടര്‍ന്നുള്ള വാല്യങ്ങള്‍ പ്രസിദ്ധികരിച്ചു തുടങ്ങിയപ്പോള്‍ നിഘണ്ടു നിര്‍മ്മാണത്തിന്റെ ഗതിവേഗം തടയേണ്ടത് വിദേശലോബിക്ക് ആവശ്യമാണെന്നു തോന്നി. ഇത്തവണ പുതിയ ഒരു തന്ത്രമാണ് സ്വീകരിച്ചത്. 1986-ല്‍ സര്‍വകലാശാല “മലയാളം ലെക്സിക്കണ്‍ അക്കാദമിക് ഡിപ്പാര്‍ട്ട്മെന്റല്ല” എന്ന് വിചിത്രമായ ഒരു തീരുമാനമെടുത്തു. അതിന്റെ ഫലമായി ഡിപ്പാര്ട്ടുമെന്റിലുണ്ടായ പരിചയസമ്പന്നരായ നിഘണ്ടു പ്രവര്‍ത്തകര്‍ക്ക് 55 വയസ്സില്‍ പെന്ഷന് പറ്റി പിരിയേണ്ടിവന്നു. ശമ്പളത്തിലും പെന്‍ഷനിലും ഏറെ കുറവുണ്ടായി. സ്വാഭാവികമായി നിഘണ്ടുവിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായി. അവിടെയുണ്ടായിരുന്ന പരിചയസമ്പന്നരായ നിഘണ്ടുകാരെ അവഗണിച്ച് നിഘണ്ടുപ്രവര്ത്തനവുമായി ബന്ധമില്ലാത്തവരെ ഉയര്‍ന്ന തസ്തികകളില്‍ നിയമിക്കാനും തുടങ്ങി. 1988നുശേഷം രണ്ടു വാല്യങ്ങള്‍ മാത്രമാണ് പുറത്തുവന്നത്. ഇപ്പോള്‍ ആ ഡിപ്പാര്‍ട്ട്മെന്റ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഒന്നു രണ്ടു വാല്യങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ ആംഗ്ലോ- അമേരിക്കന്‍ ലോബി അനുവദിച്ചേയ്ക്കും. അപ്പോഴേക്കും നിഘണ്ടു പൂര്‍ത്തിയാകാതിരിക്കാന്‍ എന്തെങ്കിലും പുതിയ തന്ത്രം അവര്‍ കണ്ടുപിടിക്കും.
ഓരോ വാല്യമായി പ്രസിദ്ധപ്പെടുത്താനുള്ള നിര്‍ദ്ദേശം നിഘണ്ടുവിനെ എങ്ങനെ ബാധിച്ചുവെന്നറിയാന്‍ ഒന്നുരണ്ടു ഉദാഹരണങ്ങള്‍ നോക്കുക. “അന്തരപ്രഭവ” എന്നൊരു പദം ഒന്നാം വാല്യത്തിലുണ്ട്. അതിന്റെ അര്‍ത്ഥം പറഞ്ഞപ്പോള്‍ “പ്രതിപാലന്, അന്തരാളന്‍, വ്രാത്യന്‍ തുടങ്ങിയ സങ്കരജാതിയില്‍പ്പെട്ട” എന്നാണ് അര്‍ത്ഥം പറഞ്ഞത്. അര്‍ത്ഥമായി പറഞ്ഞ മൂന്ന് പദങ്ങളില്‍ “അന്തരാളന്‍” ഒന്നാം വാല്യത്തില്‍ തന്നെ വിശദമായി വ്യാഖ്യാനിച്ചിട്ടുണ്ട്. പ്രതിപാലന്, വ്രാത്യന്‍ എന്നീ പദങ്ങള്‍ വ്യാഖ്യാനിക്കുന്ന വാല്യങ്ങള്‍ 49 വര്‍ഷങ്ങള്‍ക്കുശേഷവും പ്രസിദ്ധീകരിച്ചിട്ടില്ല. “അര്ദ്ധമ്പീതികന്”എന്നൊരു പദം “പാതിവാരക്കാരന്‍” എന്നര്‍ത്ഥം. ” സീതികന്റെയും വാരക്കാരന്റെയും” അര്‍ത്ഥമറിയാന്‍ ഇനി എത്ര വര്‍ഷം കഴിയണം?
മലയാള മഹാനിഘണ്ടുവല്ല നമ്മുടെ ചര്‍ച്ചാവിഷയം. ഉദാഹരണമായി ഈ ലേഖന പരമ്പര വായിക്കുന്നവര്‍ക്കു മനസ്സിലാക്കാന്‍ എളുപ്പമുള്ള ഈ നിഘണ്ടുവിനെ പരാമര്‍ശിച്ചു എന്നേയുള്ളൂ. സ്വാതന്ത്ര്യലബ്ധിക്കുശേഷമാണ് ആസൂത്രിതവും ശാസ്ത്രീയവുമായ നിഘണ്ടു നിര്‍മ്മാണ പരിശ്രമം ഭാരതത്തില്‍ ആരംഭിച്ചതെന്നും മുമ്പു പറഞ്ഞിരുന്നു. ഇതുവരെ ഒരു നിഘണ്ടുപോലും ഉപയോഗിക്കാന്‍ തക്കവണ്ണം പൂര്‍ത്തിയായിട്ടില്ല. പ്രവര്‍ത്തനം നടക്കുന്നുണ്ട്. വാല്യങ്ങള്‍ തുടര്‍ച്ചയായി പുറത്തുവരുന്നു. വില്പനയും നടക്കുന്നു. ഉപയോഗിക്കാന്‍ ഒരു നിഘണ്ടു ഇല്ല. ഈ ദുഃസ്ഥിതിയില്‍നിന്നും ഭാരതീയ ഭാഷകളെ മോചിപ്പിക്കാന്‍ ഇച്ഛാശക്തിയുള്ള ഒരു ജനതയും ആ ജനതയോടു പ്രതിബദ്ധതയുള്ള കേന്ദ്രഗവണ്മെന്റും സംസ്ഥാന ഗവണ്മെന്റുകളും വേണം. നിര്‍ഭാഗ്യവശാല്‍ നമ്മുടെ മാതൃഭൂമി നേടിയ രാഷ്ട്രീയ സ്വതന്ത്ര്യം ബ്രിട്ടീഷ്-അമേരിക്കന്‍ താത്പര്യങ്ങള്‍ക്കു മുന്‍ഗണന കൊടുക്കുന്നവരുടെ കയ്യിലാണകപ്പെട്ടത്. അതിന്റെ പരിണതഫലമാണ് ഭാരതീയ ഭാഷകളുടെ ദുഃസ്ഥിതി.
വ്യാകരണങ്ങളുടെ കാര്യത്തിലും ഭാരതീയ ഭാഷകള്‍ ദരിദ്രമാണ്. പാണിനിയും തൊല്കാപ്പിയരും ജീവിച്ച ഭാരതത്തിലെ ഭാഷകള്‍ക്കു വ്യാകരണമുണ്ടാക്കിതരാന് ക്രിസ്ത്യന്‍ മിഷണറിമാരുടെ സഹായം വേണോ? വേണ്ടി വന്നു എന്നുള്ള സത്യം. ഭാരതീയ ഭാഷകളുടെ കൂട്ടത്തില്‍ മലയാളം ഇക്കാര്യത്തില്‍ ഭാഗ്യവതിയാണ്. കേരളപാണിനി എന്നു പ്രസിദ്ധനായ എ.ആര്. രാജരാജവര്‍മ്മയുടെ വിഖ്യാതമായ കേരള പാണിനീയം വിവരണാത്മകവും ആഗമികവുമായി മലയാളഭാഷയെ അപഗ്രഥിക്കുന്ന വ്യാകരണമാണ്. പാണിനിയെ അനുകരിച്ച് സൂത്രവും വൃത്തിയുമായി രചിച്ച ആ വ്യാകരണത്തിന് നൂറു വയസ്സാകുന്നു. മലയാളഭാഷയ്ക്ക് ആഗമികവും വിവരണാത്മകവുമായ രണ്ടു വ്യാകരണങ്ങള്‍ നിര്‍മ്മിക്കാന്‍ തിരുവിതാംകൂര്‍ സര്‍വകലാശാല ഉണ്ടാക്കിയ ഭാഷാ ശാസ്ത്രവിഭാഗം യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന് അമേരിക്കന്‍ ഭാഷാ ശാസ്ത്രം പഠിപ്പിക്കുന്ന ടീച്ചിംഗ് ഡിപ്പാര്‍ട്ടുമെന്റാക്കി. എങ്കിലും കുറെയേറെ മലയാള കൃതികളുടെയും മലയാളത്തിന്റെ ഭാഷാഭേദങ്ങളുടെയും വിവരണാത്മകവ്യാകരണങ്ങള് അവിടെയുണ്ടായി. ആ പഠനങ്ങളെല്ലാം ഇംഗ്ലീഷിലാണ്. ഇവ ഉപയോഗിച്ച് മലയാളത്തില്‍ വ്യാകരണമുണ്ടാക്കുന്നത് ശ്രമസാദ്ധ്യമാണ്. അതിന് ഒരു പരിശ്രമം ആരംഭിക്കുന്നത് കേരള പാണിനിയ്ക്കു കേരളമര്പ്പിക്കുന്ന പുഷ്പാഞ്ജലിയാകും. ഭാഷാശാസ്ത്ര വിഭാഗം 50-ാം വയസ്സാഘോഷിക്കുന്ന ഇപ്പോഴെങ്കിലും ഒരു പരിശ്രമം ഉണ്ടാകുമെന്നാശിക്കാം.
ഭാരതീയ ഭാഷകളുടെ വികാസത്തിനായി കേന്ദ്രഗവണ്മെന്റ് “സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യന്‍ ലാങ്ങ്വേജസ്” എന്നൊരു സ്ഥാപനം ഉണ്ടാക്കിയിട്ടുണ്ട്. പേരു സൂചിപ്പിക്കുന്നതുപോലെ ആ സ്ഥാപനത്തിന്റെ പ്രവര്‍ത്തന മാദ്ധ്യമം ഇംഗ്ലീലാണ്. പുതിയ കേന്ദ്രഗവണ്മെന്റ് തീരുമാനിച്ചാല്‍ എല്ലാ ഭാരതീയ ഭാഷകള്‍ക്കും ഒരേ മാതൃകയില്‍ വ്യാകരണങ്ങളുണ്ടാക്കാന് ഒന്നു രണ്ടു കൊല്ലങ്ങള്‍ക്കകം സാധിക്കും. അതിനുവേണ്ട ഉപാദാനശേഖരം അവിടെയുണ്ട്. ഇംഗ്ലീഷിന്റെ ഊരാകൂടുക്ക് അല്പമൊന്നു അയച്ചാല്‍ മതിയാകും. എല്ലാ ഭാരതീയ ഭാഷകള്‍ക്കും ഒരേ മാതൃകയില്‍ അതതു ഭാഷയില്‍ വ്യാകരണമുണ്ടാകുമെന്നാശിക്കാം. (അവസാനിക്കുന്നില്ല)
ഡോ. ബി.സി. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: