16-ാംലോക്സഭയില്‍ 61 അംഗ സ്ത്രീ ശക്തിയുണ്ടാകും. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പുരുഷന്മാര്ക്കൊപ്പം വനിതാ സ്ഥാനാര്‍ത്ഥികളും വീറും വാശിയോടെയും മത്സരിച്ചു. സംവരണത്തിന്റെ പിന്‍ബലമില്ലാതെയും സാന്നിദ്ധ്യമറിയിക്കാനുള്ള ഇച്ഛാശക്തി അതിനു പിന്നിലുണ്ടായിരുന്നുവോ. ഉണ്ടായിരുന്നിരിക്കണം. ആയിരത്തിലധികം വനിതകളാണ് മത്സരത്തിനിറങ്ങിയത്. ഇന്ത്യയിലെ ശക്തരായ വനിതകളെന്ന് അറിയപ്പെടുന്നവര്‍ മുതല്‍ പുതുമുഖങ്ങള്‍ വരെ പോരാട്ടത്തിനിറങ്ങി. പരാജയപ്പെട്ടവര്‍ ഇനിയും പോരാട്ടം തുടരും. വിജയിച്ചവര്‍ പാര്‍ലമെന്റില്‍ ജനങ്ങക്കു വേണ്ടിയും.
2009-ലെ പൊതുതെരഞ്ഞെടുപ്പിലൂടെ ലോക്സഭയിലെത്തിയത് 59 വനിതകളായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ ലോക്സഭയുടെ പടി കടക്കുന്നത് 61 വനിതകള്‍. ചരിത്രത്തിലെ ഏറ്റവും വലിയ വിജയം. 543 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ വനിതാ സ്ഥാനാര്‍ത്ഥികളുടെ വിജയം 11.23 ശതമാനമാണ്. 1977-ലെ തെരഞ്ഞെടുപ്പില്‍ 19 വനിതകളായിരുന്നു ലോക്സഭയിലെത്തിയത്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വനിതാവിജയവും അന്നായിരുന്നു.
സംസ്ഥാനങ്ങളെ വിലയിരുത്തിയാല്‍ വനിതാ പ്രതിനിധികളുടെ കാര്യത്തില്‍ മുന്നില്‍ പശ്ചിമബംഗാളാണ്. 2009-ല്‍ ഏഴ് വനിതകള്‍ ഇവിടെ നിന്നും മത്സരിച്ച് വിജയിച്ചപ്പോള്‍ ഇത്തവണ 14 പേരുണ്ട് ബംഗാള്‍ അക്കൗണ്ടില്‍. വനിതാ മുഖ്യമന്ത്രി മമതാ ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച വനിതകളാണ് 14 പേരും. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നുവെങ്കിലും ഇത്തവണ ഭാഗ്യം തുണച്ചത് മമതയേയും തൃണമൂലിനേയുമാണ്.
തെരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം നേടിയ പാര്‍ട്ടിയായിരുന്നു തമിഴ്നാട്ടിലെ എഐഡിഎംകെ. മുഖ്യമന്ത്രിയും തമിഴ്മക്കളുടെ തലൈവിയുമായ ജയലളിതയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി തകര്‍പ്പന്‍ വിജയം നേടിയപ്പോള്‍ ഇവിടെ നിന്നും ലോക്സഭയിലെത്തുന്നത് നാല് വനിതകള്‍. 2009-ലെ പൊതു തെരഞ്ഞെടുപ്പില്‍ ഒറ്റയാളേ വിജയിച്ചിരുന്നുള്ളു.
ഒരു വനിതാപ്രതിനിധി പോലും ജയിക്കാത്ത സംസ്ഥാനങ്ങളും മണ്ഡലങ്ങളും ഉണ്ട്. ഝാര്‍ഖണ്ഡ്, ഹരിയാന, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒരു വനിത പോലും വിജയിച്ചില്ല. ഝാര്‍ഖണ്ഡില്‍ 17 വനിതകളാണ് മത്സരിക്കാനുണ്ടായിരുന്നത്. 17 പേര്‍ക്കും കെട്ടിവെച്ച പണം നഷ്ടമായി. 2009-ല്‍ ഹരിയാനയിലും, മേഘാലയിലും രണ്ട് വനിതാ പ്രതിനിധികളുണ്ടായിരുന്നു. 2009-ല്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ലോക്സഭയിലെത്തിയത് 13 വനിതകളാണ്. കേരളത്തിലും, ജമ്മുകാശ്മീരിലും വനിതകള്‍ ഓരോ അക്കൗണ്ട് തുറന്നപ്പോള്‍ ഒഡീഷയില്‍ നിന്ന് മൂന്ന് വനിതകളാണ് ലോക്സഭയിലെത്തുന്നത്.
വനിതാ സ്ഥാനാര്‍ത്ഥികള്‍ പുരുഷ സ്ഥാനാര്‍ത്ഥികളേക്കാള്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നുണ്ടെന്ന് ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് നടത്തിയ പഠനത്തില്‍ പറയുന്നു. പാര്‍ലമെന്റിലെത്തുന്ന പുരുഷന്മാരേക്കാള് വിദ്യാഭ്യാസം കൂടുതല്‍ സ്ത്രീകള്‍ക്കാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 32 ശതമാനം വനിതാ പ്രതിനിധികളും ബിരുദാനന്തര ബിരുദമോ, ഡോക്ടറേറ്റ് നേടിയവരോ ആണ്. 30 ശതമാനം പുരുഷ പ്രതിനിധികളും വ്യത്യസ്ത വിദ്യാഭ്യാസ യോഗ്യതകളുള്ളവരും.
ആന്ധ്രാപ്രദേശില്‍ 42 സീറ്റുകളിലേക്കാണ് മത്സരം നടന്നത്. ഇവിടെ വിജയിച്ചത് മൂന്ന് വനിതകള്‍. 2009-ല്‍ അഞ്ച് വനിതകളാണ് വിജയിച്ചത്. ആസാമില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലും, ഈ തെരഞ്ഞെടുപ്പിലും രണ്ട് വനിതകള്‍ വിജയിച്ചു. ചണ്ഡീഗഢില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു വനിത പോലും വിജയിച്ചിരുന്നില്ല. ഇത്തവണ ഒരു വനിത വിജയക്കൊടി പാറിച്ചു. ഛത്തീസ്ഗഢില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ട് പേര് വിജയിച്ചപ്പോള്‍ ഇത്തവണ ഒരാള്‍ മാത്രമാണ് വിജയിച്ചത്. ജമ്മുകാശ്മീരില്‍ കഴിഞ്ഞവര്‍ഷം ഒരു വനിതപോലും വിജയിച്ചിരുന്നില്ല. ഇത്തവണ ഒരക്കൗണ്ട് തുറന്നു. കര്‍ണാടകയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു വനിതയാണ് വിജയിച്ചത്, ഇത്തവണയും.
മധ്യപ്രദേശില്‍ കഴിഞ്ഞ തവണത്തെ ആറ് നാലായി കുറഞ്ഞു. മഹാരാഷ്ട്രയില്‍ ഇത്തവണയും മൂന്നുതന്നെ. പഞ്ചാബില്‍ ഇത്തവണ നാല് ഒന്നായി. ബീഹാറില്‍ ഇത്തവണ നാല് മൂന്നായി കുറഞ്ഞു. ഒഡീഷയില്‍ രണ്ട് സീറ്റാണ് ഇത്തവണ വനിതകള്‍ സ്വന്തമാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും വനിതകള്‍ നേടിയിരുന്നില്ല. ഉത്തരാഖണ്ഡില്‍ ഇത്തവണ ഒരു സീറ്റ് വനിതകള്‍ക്ക് ലഭിച്ചു. ഉത്തര്‍പ്രദേശില്‍ പതിമൂന്ന് സീറ്റാണ് വനിതകള്‍ക്ക് ലഭിച്ചത്. കഴിഞ്ഞ വര്‍ഷവും 13 സീറ്റുകളാണ് വനിതകള്‍ക്ക് ലഭിച്ചത്. ഹരിയാനയില്‍ രണ്ട് സീറ്റ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചപ്പോള്‍ ഇത്തവണ ഒരു സീറ്റു പോലും ലഭിച്ചില്ല. രാജസ്ഥാനില്‍ കഴിഞ്ഞ വര്‍ഷം മൂന്നും ഇത്തവണ ഒന്നുമാണ് ലഭിച്ചത്.
ശ്യാമ ഉഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: