ന്യൂദല്‍ഹി: മലാലയെ വച്ച് നിര്‍മ്മിച്ച ഒഗിള്‍വി ആന്റ് മേതര്‍ കമ്പനിയുടെ കാര്‍ട്ടൂണ്‍ പരസ്യം വിവാദമായി. പെണ്‍കുട്ടികളുടെ വിദ്യഭ്യാസ അവകാശത്തിന് വേണ്ടി പോരാടിയതിന്റെ പേരില്‍ താലിബാന് ഭീകരരില്‍ നിന്ന് വെടിയേറ്റ മലാലായ യൂസഫ് സായിയുടെ ജീവിതത്തിലേക്കുളള തിരിച്ചുവരവാണ് മെത്തയുടെ പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.
തീവ്രവാദികളുടെ വെടിയേറ്റ് മലാല കുര്‍ലോണ്‍ മെത്തയിലേക്ക് വീഴുന്നതും പിടഞ്ഞെണീറ്റ് ജീവിതത്തിലേക്ക് തിരിച്ചു വരുന്നതുമാണ് പരസ്യത്തിലെ പ്രമേയം. ധീരയായ മലാലയുടെ ജീവിതത്തെ ഹാസ്യരൂപത്തില്‍ അവതരിപ്പിച്ചു എന്നതാണ് പ്രധാന വിവമര്‍ശനം. ‘ബൗണ്‍സ് ബാക്’എന്ന ടാഗ് ലൈനോടെയാണ് പരസ്യം തയാറാക്കിയിരിക്കുന്നത്.
രാജ്യാന്തരതലത്തില്‍ പരസ്യം ഇപ്പോഴെ ചര്‍ച്ചയായിട്ടുണ്ട്. ഗാന്ധിജി വക്കീല്‍ ജോലി ഉപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തിനായി ഇറങ്ങുന്നതും സ്റ്റീവ് ജോബ്സ് പരാജയത്തിന്റെ പടുകുഴിയില്‍ നിന്ന് ആപ്പിള്‍ എന്ന ലോകോത്തര ബ്രാന്‍ഡ് കെട്ടിപ്പടുക്കുന്നതും ‘ബൗണ്‍സ് ബാക്ക്’ എന്ന പേരില്‍ തയാറാക്കുന്ന പരസ്യ സീരിസിലുണ്ടെങ്കിലും മലാലയെ ഉപയോഗിച്ച് തയാറാക്കിയ പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരിക്കുന്നത്.
മലാലയെ വില്‍പ്പന ചരക്കാക്കുന്നതിരെ പാക് സോഷ്യല്‍ മീഡിയയില്‍ പലരും രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിബന്ധങ്ങളെ തരണം ചെയ്ത് തിരിച്ചുവരാനുള്ള മഹാന്മാരുടെ കഴിവ് പ്രകടമാക്കുക എന്നുമാത്രമാണ് പരസ്യത്തിലൂടെ ഉദ്ദേശിച്ചതെന്നാണ് പരസ്യം തയാറാക്കിയ പ്രമുഖ പരസ്യ ഏജന്‍സിയായ ഒഗ്ലീവൈ ആന്‍ഡ് മാത്തേഴ്സിന്റെ ഇന്ത്യന്‍ വിഭാഗം പറയുന്നത്. എന്തായാലും സംഭവം വിവാദമായതോടെ കമ്പനി പരസ്യം വെബ്സൈറ്റില്‍ നിന്ന് പിന്‍വലിച്ചു.
ഇത്തരമൊരു പരസ്യ ചിത്രം പ്രദര്‍ശിപ്പിച്ചതിന് കമ്പനി വക്താവ് മാപ്പുപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: