ഭാരതത്തിനും ലോകത്തിനും പ്രാര്‍ഥനാ ഗീതം വേണമെന്ന ആവശ്യവുമായി ഒറ്റയാള്‍ പോരാട്ടം. ശ്രീനാരായണ ഗുരുദേവന്റെ ‘ദൈവദശകം’ ഭാരതത്തിന്റെ പ്രാര്‍ഥനാ ഗീതമാക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ കാളാത്ത് സുമേരുവില്‍ കെ.എം. ജയസേനന് പോരാട്ടം തുടങ്ങിയിട്ട് ഒരുദശകം പിന്നിട്ടു. ആദ്യം തന്റെ അഭിപ്രായം കേട്ട പലരും പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്തു. എന്തിന് ശ്രീനാരായണീയ സംഘടനകള്‍ പോലും ഇത് പാഴ്ശ്രമമാകില്ലേയെന്ന് സംശയം പ്രകടിപ്പിച്ചു.
പരിഹാസങ്ങളില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടാണ് പിന്നീടുള്ള നാളുകള്‍ താന്‍ പ്രവര്‍ത്തിച്ചതെന്ന് ജയസേനന് പറയുന്നു. ദൈവദശകം ഇന്ന് അല്ലെങ്കില്‍ നാളെ ഭാരതത്തിന്റെയും എന്തിന് ലോകത്തിന്റെ തന്നെ പ്രാര്‍ഥനാ ഗീതമാകുമെന്നതില് തനിക്ക് സംശയമില്ലെന്ന് ജയസേനന് തറപ്പിച്ച് പറയുമ്പോള്‍ ആ മുഖത്ത് ആത്മവിശ്വാസം പ്രകടമായി. 2002ല്‍ തുടങ്ങിയ നിയമപോരാട്ടം 2014 എത്തിയപ്പോഴേക്കും സുപ്രീം കോടതിയിലെത്തിയിരിക്കുകയാണ്.
വളരെ കുട്ടിക്കാലത്ത് അച്ഛന് മാധവന് ദൈവദശകം വായിക്കാന്‍ പ്രേരിപ്പിക്കുകയും അര്‍ഥം പറഞ്ഞുതരികയും ചെയ്തിരുന്നു. അമ്മ പൊന്നമ്മയുടെ പ്രോത്സാഹനം കൂടിയായപ്പോള്‍ കൂടുതല്‍ അറിയാനായുള്ള ആഗ്രഹം തോന്നി. ദൈവദശകത്തിന്റെ സ്വാധീനം തന്റെ ജീവിതത്തെത്തന്നെ മാറ്റി മറിച്ചതായി ജയസേനന് ഓര്‍ക്കുന്നു. മുപ്പത്തിയഞ്ചിലധികം ശ്ലോകങ്ങളും ആയിരത്തിലധികം ലേഖനങ്ങളും ഇതിനെ അടിസ്ഥാനമാക്കി ഉണ്ടായിട്ടും മഹത്തരമായ ഈ പ്രാര്‍ഥനയെ ആരും ശ്രദ്ധിക്കാതെ പോയതിനെ കുറിച്ചായിരുന്നു പിന്നത്തെ ചിന്ത. ദൈവദശകത്തെ സര്‍വമത പ്രാര്‍ഥനയായാണ് കണക്കാക്കുന്നത്. പിന്നീട് എങ്ങനെ ഇത് അനാഥമായി എന്ന ചോദ്യവും നിലനില്ക്കുന്നു. പിന്നീട് അതിനെ കുറിച്ചുള്ള പഠനമായി. അങ്ങനെയാണ് ഭാരതത്തിന് ഒരു പ്രാര്‍ഥനാ ഗീതമില്ലെന്ന് ബോധ്യപ്പെടുന്നത്. തുടര്‍ന്ന് ഭാരതത്തിന്റെ പ്രാര്‍ഥനാ ഗീതമായി ദൈവദശകത്തെ അംഗീകരിക്കണമെന്ന ആവശ്യവുമായി ജയസേനന് പോരാട്ടം തുടങ്ങി.
ആദ്യകാലങ്ങളില്‍ ഈ ആവശ്യവുമായി ജയസേനന് മുട്ടാത്ത വാതിലുകളില്ല, സംഘടനകളില്ല, രാഷ്ട്രീയക്കാരില്ല. ആരില്‍ നിന്നും അനുകൂലമായ ഒരു മറുപടിയും ലഭിച്ചില്ല. ചിലര്‍ ശ്രമിച്ചു നോക്കാമെന്ന ഒഴുക്കന്‍ മറുപടി പറഞ്ഞ് തിരിച്ചയച്ചു. തുടര്‍ന്നാണ് നിയമപരമായ പോരാട്ടത്തിലേക്ക് ജയസേനന് നീങ്ങുന്നത്.
ഭാരതത്തിന് ദേശീയപതാകയും, ദേശീയപക്ഷിയും, ദേശീയമൃഗവും, ദേശീയഗീതവും, ദേശീയ ഉദ്യാനവും ഉണ്ട്. എന്നാല്‍ പ്രാര്‍ഥനയില്ല. ആധ്യാത്മികതയുടെ കളിത്തട്ടായ ഭാരതത്തിന് പ്രാര്‍ഥന ഇല്ലെന്നത് ഏറെ വിഷമകരമാണെന്ന് ജയസേനന് പറയുന്നു. 2002ല്‍ ശിവഗിരി തീര്‍ഥാടനത്തോട് അനുബന്ധിച്ച് അന്നത്തെ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍കലാം ശിവഗിരിയില്‍ എത്തിയപ്പോള്‍ ദൈവദശകം പ്രാര്ഥനയാക്കണമെന്ന് ആവശ്യപ്പെട്ട് ജയസേനന് നിവേദനം നല്കി. തുടര്‍ന്ന് പ്രധാനമന്ത്രിക്കും നിവേദനം നല്കി. കേരള സര്‍ക്കാര്‍ പിന്തുണച്ചുകൊണ്ടുള്ള കത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് ജയസേനന് അന്നത്തെ മുഖ്യമന്ത്രിയെയും സാംസ്ക്കാരിക മന്ത്രിയെയും കണ്ടു. 2004ല്‍ സാംസ്ക്കാരിക വകുപ്പ് ദൈവദശകം ഭാരതത്തിന്റെ പ്രാര്‍ഥനാ ഗീതമാക്കാമെന്ന് ശുപാര്‍ശ ചെയ്തു. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് ഇതിന് അടിസ്ഥാനപരമായ പിന്തുണയില്ലെന്നും, പിന്തുണ വേണമെന്നും ആവശ്യപ്പെട്ട് കത്തയച്ചു.
തുടര്‍ന്ന് ജയസേനന് എം.കെ. സാനു, മുനിനാരായണ പ്രസാദ്, ശിവഗിരി മഠത്തിലെ സന്ന്യാസിമാര്‍, ഡോ. ഗീതാ സ്വരാജ്, ഡോ.ടി. ഭാസ്ക്കരന്‍ എന്നിവരുമായി ബന്ധപ്പെട്ട് വിശദമായ കത്ത് തയാറാക്കി സാംസ്ക്കാരിക വകുപ്പിന് കൈമാറി. ശ്രീനാരായണ അന്തര്‍ദേശിയ പഠനകേന്ദ്രത്തോട് സാംസ്ക്കാരിക വകുപ്പ് അഭിപ്രായം ആരാഞ്ഞു. തുടര്‍ന്ന് ചില ഭേദഗതികളോടെ ദൈവദശകത്തിന്റെ പകര്‍പ്പ് അയച്ചു കൊടുക്കുകയായിരുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ ദൈവദശകത്തിന്റെ മൂന്ന് ശ്ലോകങ്ങള്‍ ആലപിച്ചാല്‍ മതിയെന്ന് ശിവഗിരിമഠം നിര്‍ദേശിച്ചു. ഒന്ന്, ഏഴ്, പത്ത് ശ്ലോകങ്ങള്‍ ഉള്‍പ്പെടുത്തി പ്രാര്‍ഥനാ ഗീതം പാടാമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ മുനി നാരായണപ്രസാദ് ഒന്നും പത്തും ശ്ലോകങ്ങള്‍ പാടിയാല്‍ മതിയെന്ന് നിര്‍ദേശിച്ചിരുന്നു. ശിവഗിരിമഠത്തിന്റെ നിര്‍ദേശമാണ് കേന്ദ്രത്തിന് അയച്ചു കൊടുത്തത്. ഇതേവരെ ഈ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
ഇന്ത്യയില്‍ ഈ പ്രാര്‍ഥന അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് കേന്ദ്രം തള്ളിയത്. ഒരു മതത്തിന്റെ പ്രാര്‍ഥന അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് മറുപടിയില്‍ പരാമര്‍ശിച്ചിരുന്നത്. ‘ഒരു ജാതി, ഒരു മതം, ഒരു മതം മനുഷ്യന്’ എന്ന് ഉദ്ബോധിപ്പിച്ച ശ്രീനാരായണ ഗുരുവിനെ ഒരു മതത്തിന്റെ ചട്ടക്കൂടില്‍ പൂട്ടിയിടാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. താന്‍ ഇതുസംബന്ധിച്ച് വീണ്ടും സര്‍ക്കാരിന് കത്തയച്ചു. തുടര്‍ന്ന് പരിശോധിക്കാം എന്ന മറുപടിയാണ് ലഭിച്ചത്.
കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി, കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ.വി. തോമസ്, കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ഇ. അഹമ്മദ് തുടങ്ങി എല്ലാ മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും നിവേദനത്തിന്റെ പകര്‍പ്പ് നല്‍കിയെങ്കിലും ആരും പ്രതികരിച്ചില്ല. തുടര്‍ന്ന് മറ്റു സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും ഈ ആവശ്യമുന്നയിച്ച് ജയസേനന് കത്തുകളയച്ചു. പലരും പരിശോധിച്ച് മറുപടി നല്‍കാമെന്ന് പറഞ്ഞതല്ലാതെ വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും ജയസേനന് പറഞ്ഞു.
കര്‍ണാടകം, ആസാം, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങള്‍ പഠിച്ച ശേഷം അഭിപ്രായം പറയാമെന്ന് ചൂണ്ടിക്കാട്ടി കത്തയച്ചു. എന്നാല്‍ ജമ്മു-കശ്മീര്‍, ബിഹാര്‍, ബംഗാള്‍, സിക്കിം, പോണ്ടിച്ചേരി സംസ്ഥാനങ്ങള്‍ ഇത് സംബന്ധിച്ച് കൂടുതല്‍ അറിവില്ലെന്ന് പറഞ്ഞു. രാജസ്ഥാനും ഗുജറാത്തും പഠിച്ച ശേഷം പരിഗണിക്കാമെന്ന് അറിയിച്ചു.
2012ല്‍ ദൈവദശകം വിശ്വപ്രാര്ഥനാ ഗീതമാക്കണമെന്ന് ആവശ്യപ്പെട്ട് യുഎന്നിനും കത്തയച്ചു. ഗുരുദേവന്റെ ജന്മസ്ഥലമായ കേരളം ആദ്യപടിയെന്ന നിലയില്‍ കേരളത്തിന്റെ പ്രാര്‍ഥനയായി ദൈവദശകത്തെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കിയെങ്കിലും യാതൊരു പ്രതികരണവുമുണ്ടായില്ലെന്നും ജയസേനന് പറഞ്ഞു.
2002ല്‍ നിരന്തരമായി നിവേദനങ്ങളുമായി രാഷ്ട്രീയ-സാംസ്ക്കാരിക രംഗത്തെ പ്രമുഖരുമായി ബന്ധപ്പെടുമ്പോള്‍ തന്നെ നിയമനടപടികളുമായി ജയസേനന് മുന്നോട്ടു പോയി. പലപ്പോഴും സാമ്പത്തിക ക്ലേശം അനുഭവിച്ചെങ്കിലും കടം വാങ്ങിയും പലിശയ്ക്കെടുത്തും കേസുമായി മുന്നോട്ടു പോയി. ഒരു പൈസ പോലും ഈ ആവശ്യത്തിനായി മറ്റുള്ളവരോട് ചോദിക്കാന്‍ ജയസേനന് മനസു വന്നില്ല. തന്റെ പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് ലഭിച്ച തുക പൂര്‍ണമായും നിയമനടപടികള്‍ക്കായി ചെലവഴിക്കുകയായിരുന്നു.
12 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ കഴിഞ്ഞ ഒരു വര്‍ഷമായി കൂടുതല്‍ ആള്ക്കാര് തന്റെ പ്രവര്‍ത്തനത്തെ അംഗീകരിക്കുകയും അനുകൂലമായ നിലപാടുകളുമായി മുന്നോട്ടു വരുന്നതില്‍ സന്തോഷമുണ്ടെന്ന് ജയസേനന് പറഞ്ഞു.
ഇതിനിടെ, സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം ഉയര്‍ത്തുന്നതിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് ഈ അറുപത്തിയൊന്നുകാരന്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായമായ അറുപതിനൊപ്പം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം ഉയര്‍ത്താനുള്ള ശ്രമം ആരംഭിച്ചപ്പോള്‍ ഹൈക്കോടതി ജീവനക്കാരുടെ പെന്ഷന് പ്രായം 58 ആയി ഉയര്‍ത്തി. ആരോഗ്യവകുപ്പ് ജീവനക്കാരനായ ജയസേനന് സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായവും ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്കി. ഈ ആവശ്യമുന്നയിച്ച് ഡിവിഷന് ബഞ്ചിന് നല്കിയ ഹര്‍ജി കോടതി തള്ളി. ഇന്ന് സുപ്രീം കോടതിയില്‍ ഈ കേസ് നിലവിലുണ്ട്. തന്റെ അന്നത്തെ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം 56 ആക്കി ഉയര്‍ത്തിയതെന്ന് ജയസേനന് അവകാശപ്പെടുന്നു.
ഗുരുധര്‍മ പ്രചരണസഭ ആലപ്പുഴ മണ്ഡലം കമ്മറ്റി പ്രസിഡന്റ്, എസ്എന്‍ഡിപി ഗുരുദേവപുരം ശാഖാ പ്രസിഡന്റ്, കേരളാ ഹെല്‍ത്ത് സര്‍വീസസ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ സാജിയും മക്കള്‍ സജിതാസേനനും സവിതാ സേനനും എല്ലാ പിന്തുണയുമായി ജയസേനനൊപ്പമുണ്ട്.
ആര്. അജയകുമാര്‍
ദൈവദശകം
ശ്രീനാരായണ ഗുരുദേവന് 1914ല്‍ ശിവഗിരിമഠത്തിലെ അന്തേവാസികള്‍ക്ക് ചൊല്ലാനായി രചിച്ചതാണ് ‘ദൈവദശകം’. 2014ല്‍ ദൈവദശകം രചിച്ചതിന്റെ നൂറാം വര്‍ഷമാണ്. ഉപനിഷത് സാരങ്ങളാല് അര്‍ഥസമ്പുഷ്ടമായ ദൈവദശകം സര്‍വമതക്കാര്‍ക്കും ഈശ്വരനെ ഭജിക്കാന്‍ പറ്റിയ രീതിയിലുള്ള പ്രാര്‍ഥനയായാണ് രചിച്ചിട്ടുള്ളത്.
ദൈവമേ! കാത്തുകൊള്‍കങ്ങു
കൈവിടാതിങ്ങു ഞങ്ങളേ;
നാവികന് നീ ഭവാബ്ധിക്കൊ
രാവിവന്‍തോണി നിന്‍പദം.
ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ
ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്പന്ദമാകണം.
അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു
തന്നെ ഞങ്ങള്‍ക്കു തമ്പുരാന്.
ആഴിയും തിരയും കാറ്റും
ആഴവും പോലെ ഞങ്ങളും
മായയും നിന് മഹിമയും
നീയുമെന്നുള്ളിലാകണം.
നീയല്ലോ സൃഷ്ടിയും സൃഷ്ടാ
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ,സൃഷ്ടി
യ്ക്കുള്ള സാമഗ്രിയായതും
നീയല്ലോ മായയും മായാ
വിയും മായാവിനോദനും
നീയല്ലോ മായയെനീക്കി
സ്സായൂജ്യം നല്കുമാര്യനും.
നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറ
ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ.
അകവും പുറവും തിങ്ങും
മഹിമാവാര്‍ന്ന നിന് പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാനേ, ജയിയ്ക്കുക.
ജയിയ്ക്കുക മഹാദേവ,
ദീനാവന പരായണാ,
ജയിയ്ക്കുക ചിദാനന്ദ,
ദയാസിന്ധോ ജയിയ്ക്കുക.
ആഴമേറും നിന് മഹസ്സാ
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: