ഈഅടുത്തകാലത്ത് അന്തര്‍ദ്ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഐ.ടി. സ്ഥാപനത്തിനു വേണ്ടി, വിവരസാങ്കേതിക തലത്തില്‍ ബിരുദാനന്തരബിരുദം നേടിയ ഒരു കൂട്ടം ചെറുപ്പക്കാര്‍ക്ക് ജോലിക്കായി ഒരു ഇന്റര്‍വ്യൂ നടക്കുകയുണ്ടായി. അതില്‍ ഗ്രൂപ്പ് സംവാദത്തിനുവേണ്ടി ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് നല്കിയ വിഷയം എഴുതാനുള്ള കടലാസും പേനയും ഇല്ലാത്ത ഒരു കാലം എന്നതായിരുന്നു. പുരോഗതിയുടേയും പുരോഗമനത്തിന്റേയും അത്യുന്നതമായ ചര്‍ച്ചകളാണ് അവിടെ നടന്നത്. ഇത് നമുക്ക് ആവശ്യംതന്നെ.
ഇതിനും എത്രയോമുമ്പ് കടലാസും പേനയും ഉപയോഗിച്ച് കവി കുഞ്ഞുണ്ണി മൂന്നുവരികള്‍ കുറിച്ചിട്ടു. ഏതു പുരോഗതിയിലും കാലാതീതമായി നമുക്ക് ചിന്തിക്കുവാനായിരുന്നു ആ വരികള്‍.
ഒരു കുട്ടിയുണ്ടായിരുന്നു
ആകുട്ടിയുടെ അമ്മ ഒരുറുമ്പായിരുന്നു
ആ കുട്ടിയും ഉറുമ്പായിരുന്നു.
സ്മാര്‍ട്ട് ഫോണുകള്‍ വന്നതോടെ ഒരു ചെറിയ കമ്പ്യൂട്ടര്‍ നമുക്ക് കൊണ്ടുനടക്കാമെന്നായി. ഇന്റര്‍നെറ്റ് ഉപയോഗിക്കുവാനും ഫോണ്‍ചെയ്യാനും ഫോട്ടോ എടുക്കുവാനും സിനിമ കാണാനും ഉള്ള സൗകര്യങ്ങള്ക്കപ്പുറത്തേയ്ക്ക് കടന്ന്, പറയുന്ന വാക്കുകള്‍ ട്രാന്‍സ്ലേറ്റ് ചെയ്യാനും, ശബ്ദനിര്‍ദ്ദേശങ്ങള്‍ കൊണ്ട് തന്നെ ചിത്രങ്ങളും വീഡിയോയും എടുക്കാന്‍ കഴിയുന്ന, പറഞ്ഞാല്‍ കേള്‍ക്കുന്ന കണ്ണട വരുന്നു. പ്രോജക്റ്റ് ഗ്ലാസ്സ് എന്നപേരിലാണ് ഗൂഗിള്‍ ഇതിന് പേറ്റന്റ് എടുത്തത്. എന്നാണ് വാര്‍ത്ത.
വിവരസാങ്കേതിക രംഗത്ത് ഓരോ ദിവസവും നാം കുതിച്ചുകയറുകയാണ്. അപ്പോഴും നമ്മെ അലട്ടുന്ന വലിയൊരു പ്രശ്നം, വിവരവും വിദ്യാഭ്യാസവും ഉണ്ടെന്ന് അഭിമാനിക്കുന്ന നമ്മുടെ യുവതലമുറയുടെ ജീവിതമൂല്യം ഉയരുന്നുണ്ടോ എന്നതാണ്. ഇല്ലന്നുള്ളതിന്റെ സൂചനയാണ് ഏറ്റവും ഒടുവില്‍ ആറ്റിങ്ങലില്‍ നാം കണ്ടത്. ടെക്നോപാര്‍ക്കില്‍ ഒരേ സ്ഥാപനത്തിലെ ജോലിക്കാരായ യുവമാതാവും കാമുകനും ചേര്‍ന്ന് സ്വസ്തികയെന്ന നാലുവയസ്സുള്ള പിഞ്ചുകുഞ്ഞിനേയും ബന്ധുക്കളേയും ഇല്ലാതാക്കി. ഇവര്‍ക്ക് ഇങ്ങനെയാകാന്‍ കഴിയുന്നതിന്റെ കാരണമെന്താണ്? ഭൗതികതൃഷ്ണയാണോ, ആവശ്യത്തേക്കാള്‍ കൂടുതല്‍ ധനം നേടിയതാണോ, അറിവില്ലായ്മയാണോ; പട്ടിണി എന്തെന്നറിയാതിരുന്നതാണോ, അതോ ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ നേട്ടമോ കോട്ടമോ, നമ്മുടെ സമൂഹം ആഴത്തില്‍ വിലയിരുത്തേണ്ടതായ വസ്തുതകളാണ് ഇവയെല്ലാം. സമാനമായ വാര്‍ത്തകള്‍ തുടര്‍ന്നും കേരളത്തില്‍ വന്നു കൊണ്ടിരിക്കുന്നു.
മറ്റൊന്ന്; പഠനങ്ങള്‍ പറയുന്നത്, ഇനിയൊരു യുദ്ധം ഉണ്ടാവുകയാണെങ്കില്‍ അത് ശുദ്ധജലത്തിനും ആഹാരത്തിനും വേണ്ടിയായിരിക്കുമെന്നാണ്. ആഗോളതാപനം കൂടികൊണ്ടിരിക്കുമ്പോള്‍ തന്നെ നമ്മുടെ ഈ കൊച്ചു കേരളത്തില്‍ പോലും ഗാഡ്ഗില്‍ -കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ കാറ്റില്‍ പറത്തി, കാടുകള്‍ തീവെയ്ക്കപ്പെടുന്നു. പ്രകൃതി സംരക്ഷണത്തിന്റെ അനിവാര്യതയാണ് ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത്. ഇവിടെയാണ് കവി കുഞ്ഞുണ്ണി കോറിയിട്ട വരികളുടെ പ്രാധാന്യവും.
കവിയെഴുതി ഒരു കുട്ടിയുണ്ടായിരുന്നു ഏതൊരു ജീവിയുടേയും കുഞ്ഞുങ്ങളെ എല്ലാവര്ക്കും ഇഷ്ടമാണ്. കാരണം അവരിലെല്ലാം ഓമനത്വമുണ്ട്. അഴകുണ്ട്. ആനന്ദമുണ്ട്. അവരോട് ചേരുമ്പോള്‍ നമ്മുടെ മനസ്സില്‍ കരുണയും ആര്‍ദ്രതയും സ്നേഹവുമുണ്ടാകുന്നു. ഇവിടെയാണ് ജീവിത സഹവര്‍ത്തിത്വത്തിന്റെ ആഴം നമുക്ക് കാണാന്‍ കഴിയുക. ഈയൊരവസ്ഥ മറ്റു പ്രാണി വര്‍ക്ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി മനനം ചെയ്യാന്‍ കഴിയുന്ന മനുഷ്യനിലെത്തുമ്പോള്, നമ്മുടെ കുഞ്ഞുങ്ങള്‍ മൂല്യാധിഷ്ഠിത കുടുംബ-സാമൂഹ്യബന്ധങ്ങളുടെ ഉറപ്പുള്ള കണ്ണികളായി മാറ്റപ്പെടുന്നു.
കുട്ടിയുടെ കണ്‍കണ്ട ഗുരുവും ദൈവവുമാണ് അമ്മ. ആ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് കിട്ടുന്ന ചൂടാണ് കുഞ്ഞിന്റെ ആദ്യറിവ്. ആ കുട്ടി കുടുംബത്തിന്റെ ആനന്ദമായിമാറണമെങ്കില് അമ്മ നല്കുന്ന വിദ്യാഭ്യാസമാണ് ഏറെ പ്രയോജനപ്പെടുന്നത്. ഇതെല്ലാം ഓര്‍മ്മപ്പെടുത്തി കുഞ്ഞുണ്ണി അടുത്തവരി എഴുതുകയാണ്. ആ കുട്ടിയുടെ അമ്മ ഒരുറുമ്പായിരുന്നു. ഏതൊരമ്മയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞാണ്. ഏതുപ്രാണിയുടേയും കുഞ്ഞ് അതിന്റെ അമ്മയുടെ അടുത്ത് സുരക്ഷിതമാണ്. ഏതമ്മയും തന്റെ കുഞ്ഞിന്റെ സുരക്ഷിതത്വത്തിനായ് ത്യാഗത്തോടെ ആഹാര, നിദ്രാ, മൈഥുനാദികളെ മാറ്റിവെയ്ക്കുന്നു. എല്ലാ ജീവജാലങ്ങളും ഇതു ചെയ്യുമ്പോള്‍ മനുഷ്യമാതാവിന്റെ കടമ കവി നമ്മെ വീണ്ടും ഓര്‍മ്മപ്പെടുത്തുകയാണ്.
പിന്നീട് കവി കുഞ്ഞുണ്ണി മുന്നെഴുതിയ വരിക്ക് ഒരുറപ്പ് കൊടുത്തു. ആ കുട്ടിയും ഒരുറുമ്പായിരുന്നു. കവി നമ്മളോട് ആഹ്വാനം ചെയ്യുന്നു. ഒരു ഉറുമ്പിന്കുഞ്ഞിലൂടെ നമ്മുടെ പ്രകൃതിയെ ഒന്നറിയൂ. ആ കുഞ്ഞുറുമ്പിനെ അതിന്റെയമ്മ, സര്‍വ്വകലാശാലകളിലൊന്നും പറഞ്ഞയക്കാതെതന്നെ പ്രകൃതിപാഠങ്ങള്‍ പഠിപ്പിക്കുന്നു. ആഹാരം നേടാന്‍, മരച്ചുവട്ടില്‍ ഓരോ മണ്‍തരികളും എവിടെ എങ്ങനെ കൊണ്ട് വെച്ച് ഒരു കൂടുണ്ടാക്കാമെന്ന്, നേടിയത് ഒറ്റയ്ക്കനുഭവിക്കാതെ മറ്റുള്ളവരുമായി പങ്കുവെയ്ക്കുവാന്‍, വൈവിധ്യങ്ങള്‍ക്കു നടുവിലും താനായി തന്നെ നിലനില്ക്കാന്.. ആ കുഞ്ഞുറുമ്പിന്റേയും ഉറുമ്പമ്മയുടേയും അറിവ് നമുക്ക് നെഞ്ചേറ്റി കൂടെ?
അതെ കുട്ടികള്‍ക്കായുള്ള ബാലഗോകുലം എന്നും കവി കുഞ്ഞുണ്ണിയ്ക്കൊപ്പമാണ് സഞ്ചരിക്കുന്നത്. അതുകൊണ്ട് ബാലഗോകുലത്തിന്റെ പ്രതിവാര ക്ലാസ്സുകളില്‍ പ്രകൃതിജീവനവും ധര്‍മ്മബോധവും പഠിപ്പിക്കുന്നു. ദൈവത്തിന് എണ്ണകൊണ്ടുപോകുന്ന സുന്ദരിപ്പുഴുവിന്റെ മുത്തശ്ശികഥമുതല് മാതൃസ്നേഹംവരേയും; പുഴിവില്ലെങ്കില് പൂമ്പാറ്റയില്ല പൂമ്പാറ്റയില്ലെങ്കില് പരാഗണമില്ല, പരാഗണമില്ലെങ്കില്‍ ധാന്യങ്ങളില്ല, ധാന്യങ്ങളില്ലെങ്കില് ജീവജാലങ്ങളില്ല. അതുകൊണ്ട് പൂവും പുഴയും പൂമ്പാറ്റയും, കുന്നും കുളവും, കാവും കാനനങ്ങളും, നന്മനിറഞ്ഞ മാതാപിതാക്കളും, കുടുംബവും സമൂഹവും പരിശുദ്ധിയോടെ നിലനില്‍ക്കാനുതകുന്ന പാഠങ്ങള്‍ പകര്‍ന്നുകൊണ്ട് ബാലഗോകുലം അതിന്റെ യുഗധര്‍മ്മം നിര്‍വ്വഹിക്കുന്നു.
ഈ ധര്‍മ്മപാഠങ്ങള്‍ പുസ്തകരൂപേണ സമൂഹത്തിലെത്തിക്കുവാന്‍ ബാലഗോകുലത്തിന് ഒരു പ്രസിദ്ധീകരണ വിഭാഗമുണ്ട്. അതാണ് ബാലസാഹിതീപ്രകാശന്. ഇതിന്റെ കീഴില്‍ കുട്ടികളുടെ കവിയെ അനുസ്മരിച്ചുകൊണ്ട്, സമൂഹത്തിലെ വിശിഷ്ടവ്യക്തികള്‍ക്ക് കുഞ്ഞുണ്ണി പുരസ്കാരം വര്‍ഷം തോറും നല്കിവരുന്നു. ഈ വര്‍ഷത്തെ പുരസ്കാരത്തിന് അര്‍ഹയായത് ഡോ: ബി. സന്ധ്യ, ഐ.പി.എസ് ആണ്.
സഹ്യാദ്രിയിലെ സമീരണന് പറയുന്നു. ഇന്നുള്ള ബാലികാബാലന്മാര് അടുത്തതലമുറയിലെ നല്ല മാതാപിതാക്കളാകുന്നതുവരെ, അരക്ഷിത കുഞ്ഞുങ്ങളെ, നിങ്ങള്‍ക്ക് സുരക്ഷിതജീവിതത്തിനായി, പുനര്ജ്ജനിക്കുവാനൊരിടത്താവളമുണ്ട്; അതിയാരത്തമ്പിളിമുറ്റത്ത്, ചക്കര മാഞ്ചോട്ടിലൊരുകൂടുണ്ട്, അതിനകത്തൊരമ്മയുണ്ട്, കുഞ്ഞുണ്ണിയുടെ ഉറുമ്പമ്മ, കൂടെ നിങ്ങള്‍ക്കാസ്വദിക്കുവാന്‍, കാലാതീതനായൊരുകവിയുടെ, കാവ്യാലാപനാനന്ദമുണ്ട്.. വിവരവും വിദ്യാഭ്യാസവുമുള്ളവരുടെ അപ്പുറത്തേയ്ക്ക് വിജ്ഞാനവും വിദ്യാഭ്യാസവുമുള്ള വരും തലമുറകള്‍ നമുക്കുണ്ടാകേണ്ടതുണ്ട്.
(കുറിപ്പ്: അതിയാരത്ത് വീട് കുഞ്ഞുണ്ണിമാഷുടെ വീടാണ്)
പഴമ്പുഴ കെ.സി.മോഹനന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: