ജീവിതത്തിന്റെ പാതയിലൂടെ സഞ്ചരിക്കാനുള്ള കണ്ണുകളിലെ വെളിച്ചം വിധി ജന്മനാ കെടുത്തിയെങ്കിലും അകക്കണ്ണിന്റെ പ്രകാശത്തില്‍ സംഗീത വഴിയിലൂടെ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുന്ന കലാകാരിയാണ് ലക്ഷ്മിശ്രീ ഓമനക്കുട്ടന്. ടെലിവിഷന്‍ സംഗീത റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന ലക്ഷ്മിശ്രീ ഓമനക്കുട്ടന് അറിയപ്പെടുന്ന മിമിക്രി കലാകാരി കൂടിയാണ്. ഏകമകള്‍ അന്ധയാണെന്നറിഞ്ഞിട്ടും തളരാതെ അവളുടെ വാസനയ്ക്ക് അനുസരിച്ചുള്ള മേഖലയിലേക്ക് തിരിച്ചുവിട്ട് വേണ്ട പിന്തുണ നല്കിയതും ജീവിതം അകക്കണ്ണിന്റെ വെളിച്ചത്തില്‍ വെട്ടിപ്പിടിക്കാന്‍ പ്രേരിപ്പിച്ചതും അച്ഛന് ഓമനക്കുട്ടനും അമ്മ ഷീബയുമാണ്.
സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ 7 വര്‍ഷം തുടര്‍ച്ചയായി മിമിക്രിയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ മാറിമാറി കരസ്ഥമാക്കി വേദിയെ അദ്ഭുപ്പെടുത്തിയിരുന്നു ഈ കലാകാരി. കേരള യൂണിവേഴ്സിറ്റി കലോത്സവത്തില്‍ രണ്ടുവര്‍ഷവും തുടര്‍ച്ചയായി ഒന്നാം സ്ഥാനം ലക്ഷ്മിശ്രീക്കായിരുന്നു.
കെ.ബി. സുന്ദരാംബാളിന്റെ ഭക്തിഗാനങ്ങളുടെ പ്രചാരക കൂടിയായ ലക്ഷ്മിശ്രീയുടെ ശബ്ദം സുന്ദരാംബാളിന്റെതിന് സമാനമാണ്. റിയാലിറ്റി ഷോകളുടെ മത്സരത്തിലും സുന്ദരാംബാളുടെ കീര്‍ത്തനങ്ങള്‍ ആലപിച്ചു തന്നെയാണ് മുന്നേറിയിരുന്നത്. അമൃതയിലെ സംഗീത പരിപാടിയില്‍ സെമിഫൈനലിസ്റ്റും കൈരളി മാമ്പഴം പരിപാടിയില്‍ രണ്ടു സീസണുകളിലെ വിജയിയുമാണ്.
ലോട്ടറി ഏജന്റായ ഓമനക്കുട്ടന് മകളെ സംഗീതം പഠിപ്പിക്കാനുള്ള സാമ്പത്തികശേഷി ഉണ്ടായിരുന്നില്ല. വളരെ കഷ്ടപ്പെട്ടാണെങ്കിലും സംഗീതപഠനം മികച്ച ഗുരുവിന്റെ കീഴില്‍ തന്നെയാകണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. മൂന്നര വയസ്സില്‍ തന്നെ സംഗീതത്തിലെ പ്രാഥമിക ശിക്ഷണം ആരംഭിച്ചിരുന്നു. അടിസ്ഥാന പാഠങ്ങള്‍ പഠിച്ചെത്തിയ ലക്ഷ്മിശ്രീ എം.ജി. രാധാകൃഷ്ണനെന്ന ഗുരു നയിച്ച വഴികളിലൂടെയാണ് പിന്നീട് സഞ്ചരിച്ചത്.
സംഗീതം ഉപേക്ഷിച്ചൊരു ജീവിതം ഈ കലാകാരിക്ക് ഒരിക്കലും സങ്കല്പ്പിക്കാന് കഴിയുമായിരുന്നില്ല. ജീവിതത്തിന്റെ വെളിച്ചമായ സംഗീതത്തെ നെഞ്ചോട് ചേര്‍ക്കാന്‍ വേണ്ടി തിരുവനന്തപുരം ഗവണ്മെന്റ് വിമന്‍സ് കോളജില്‍ സംഗീതം ഐച്ഛികവിഷയമായി ഡിഗ്രിക്കു ചേര്‍ന്നു. എന്നാല്‍ ശുദ്ധ സംഗീതത്തിന്റെ ആത്മാവിനെ കണ്ടെത്താനും കാവ്യാര്‍ത്ഥം മനസ്സിലാക്കുവാനും മലയാളത്തില്‍ മറ്റൊരു ബിഎ കൂടി നേടുകയായിരുന്നു.
മികച്ച ഗായികയ്ക്കുള്ള കമുകറ പുരുഷോത്തമന് അവാര്‍ഡ് അന്നത്തെ രാഷ്ട്രപതി കെ.ആര്. നാരായണനില്‍ നിന്നും ലക്ഷ്മിശ്രീ ഏറ്റുവാങ്ങിയിട്ടുണ്ട്. ഒട്ടനവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ലക്ഷ്മിശ്രീ ഓമനക്കുട്ടന് ശബരി എന്ന സ്വന്തം ഗാനമേള ട്രൂപ്പുണ്ട്. ചലച്ചിത്ര പിന്നണി ഗായികയാവുക എന്നതാണ് ലക്ഷ്മിശ്രീയുടെ ലക്ഷ്യം. വൈക്കം വിജയലക്ഷ്മിക്ക് കിട്ടിയതുപോലെ തനിക്കും ഒരവസരം വരുമെന്നുതന്നെയാണ് ഈ അന്ധഗായികയുടെ പ്രതീക്ഷ.
ഹരി . ജി. ശാര്‍ക്കര
പ്രതികരിക്കാൻ ഇവിടെ എഴുതുക: