അബൂജ: നൈജീരിയയില്‍ ബൊക്കൊ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥിനികളെ മോചിപ്പിക്കാന്‍ എല്ലാവിധ സഹായവും നല്‍കുമെന്ന് ചൈനയും ബ്രിട്ടണും അറിയിച്ചു. വിദ്യാര്‍ത്ഥിനികളെ കണ്ടെത്താന്‍ നൈജീരിയന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് സാങ്കേതികസഹായം നല്‍കാമെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു. തെരച്ചില്‍ നടത്താന്‍ അമേരിക്കയും വിദഗ്ധ സംഘത്തെ അയച്ചിട്ടുണ്ട്.
വിദ്യാര്‍ഥിനികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നതിനായി ചൈനീസ് ഉപഗ്രഹങ്ങളുടെയും ഇന്റലിജന്‍സ് ഏജന്‍സികളുടെയും സഹായം നൈജീരിയയ്ക്ക് ലഭ്യമാക്കുമെന്ന് ചൈനീസ് പ്രധാനമന്ത്രി ലീ കെചിയാംഗ് നൈജീരിയന്‍ പ്രസിഡന്റ് ഗുഡ്ലക്ക് ജോനാഥനുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചു.
തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സൈനികര്‍ക്ക് പരിശീലനം നല്‍കുന്നതടക്കം, തീവ്രവാദത്തിനെതിരായ നൈജീരിയയുടെ പോരാട്ടങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും ലീ കെചിയാംഗ് ഉറപ്പു നല്കി.
നൈജീരിയയ്ക്ക് ഇന്റലിജന്‍സ് ഏജന്‍സിയുടെ സഹായം നല്‍കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈനിക, നിയമവിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘത്തെ അയയ്ക്കുമെന്നും നൈജീരിയന്‍ പ്രസിഡന്റുമായി നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയില്‍ കാമറൂണ്‍ അറിയിച്ചിട്ടുണ്ട്.
നൈജീരിയയിലെ ബോര്‍ണോ സ്റ്റേറ്റിലെ സെക്കന്‍ഡറി സ്കൂളില്‍നിന്ന് മൂന്നാഴ്ച മുമ്പാണ് 276 പെണ്‍കുട്ടികളെ ബൊക്കൊഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിനികളെ അടിമകളായി കമ്പോളത്തില്‍ വില്‍ക്കുമെന്ന് തീവ്രവാദ സംഘടനയുടെ നേതാവ് അബൂബക്കര്‍ ഷെക്കാക്കു ഭീഷണി മുഴക്കുന്ന വീഡിയോ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഒരു മാസത്തിനിടെ 200 ലധികം വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയ സംഭവം അന്താരാഷ്ട്ര തലത്തില്‍ തന്നെ ഭീതി ഉയര്‍ത്തിയിട്ടുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോയിട്ട് ഒരു മാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത്തില്‍ പ്രതിഷേധവും ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: