Categories: Varadyam

മലയാളഭാഷയുടെ ഇന്നത്തെ അവസ്ഥ

Published by

“ചക്ഷു ശ്രവണ ഗളസ്ഥമാം ദര്‍ദ്ദുരം” എന്ന്‌ എഴുത്തച്ഛന്റെ ഒരു പ്രയോഗമുണ്ട്‌. പാമ്പിന്റെ വായില്‍ അകപ്പെട്ട തവള. ആ തവളയുടെ അവസ്ഥയിലാണ്‌ ഇന്ന്‌ മലയാളം. ഇംഗ്ലീഷ്‌ മലയാളത്തെ വായ്‌ക്കകത്താക്കികഴിഞ്ഞു. പാമ്പിന്റെ വായ്‌ക്കകത്തിരുന്നുകൊണ്ട്‌ നാക്കുനീട്ടി ഒരീച്ചയെ പിടിക്കാന്‍ കഴിയാഞ്ഞതില്‍ തവള ആഹ്ലാദിക്കുന്നതായി സങ്കല്‍പ്പിച്ചാല്‍ മലയാളത്തിന്‌ അടുത്തകാലത്ത്‌ കിട്ടിയ “ക്ലാസിക്കല്‍ ലാംഗ്വേജ്‌ സ്റ്റാറ്റസ്‌” എന്ന പദവിയുടെ മേന്മ ഉള്‍ക്കൊള്ളാം.

കേരളത്തിലെ ഏതെങ്കിലും റോഡില്‍ ഒരു നാലഞ്ചു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഒന്നുരണ്ട്‌ ഇംഗ്ലീഷ്‌ മീഡിയം നഴ്സറി സ്കൂളിന്റെ ആകര്‍ഷകമായ ബോര്‍ഡ്‌ കാണാന്‍ കഴിയും. സൗകര്യത്തിനുവേണ്ടി നഴ്സറി സ്കൂള്‍ എന്നു പറഞ്ഞുവെങ്കിലും ഈ സ്ഥാപനങ്ങള്‍ പലതരമുണ്ട്‌. ആറുമാസം പ്രായമുള്ള ശിശുക്കള്‍ മുതല്‍ അഞ്ചുവയസ്സായ കുഞ്ഞുങ്ങള്‍ വരെയുള്ളവരെ പഠിപ്പിക്കുന്ന സ്കൂളുകള്‍. ഇംഗ്ലീഷ്‌ മാധ്യമമാണെന്നതാണ്‌ ഇവയുടെ പൊതു സ്വഭാവം. അച്ഛനും അമ്മയും ജോലിക്കു പോകുന്ന അണുകുടുംബങ്ങള്‍ക്ക്‌ ഈ സ്ഥാപനങ്ങള്‍ ഒരുക്കുന്ന സൗകര്യം വലുതാണ്‌. നാടിനു വരുത്തുന്ന ആപത്ത്‌ അതിലും വലുതാണ്‌. ഒരു രണ്ടുമൂന്നു നഴ്സറി ബോര്‍ഡുകള്‍ കഴിയുമ്പോള്‍ ഒരു ഇംഗ്ലീഷ്‌ മീഡിയം പ്രൈമറി സ്കൂളും ഉണ്ടായിരിക്കും. നമുക്ക്‌ തല്‍ക്കാലം പ്രൈമറിക്കു മുമ്പുള്ള പ്രീ സ്കൂളുകള്‍ ശ്രദ്ധിക്കാം. ഇതില്‍ ഏതെങ്കിലും ഒന്നിനുള്ളില്‍ കടന്നു നോക്കിയാല്‍ ദരിദ്രമായ കേരളത്തിന്റെ അടുത്ത തലമുറ നമ്മുടെ നാട്ടിന്റെ കാലാവസ്ഥയ്‌ക്കു തീരെ യോജിക്കാത്ത വേഷമണിഞ്ഞ്‌ മലയാളത്തിലെ പ്രസിദ്ധമായ ഏതെങ്കിലും സിനിമാ പാട്ടിന്റെ ഈണത്തില്‍ ഇംഗ്ലീഷിലെ കുട്ടിക്കവിതകള്‍ മലയാള അക്ഷരങ്ങളുടെ ഉച്ചാരണത്തോടെ വികൃതമായി ചൊല്ലികളിക്കുന്നതുകാണാം. അവരെ പഠിപ്പിക്കുന്ന ടീച്ചേഴ്സ്‌ പൊതുവെ വലിയ വിദ്യാഭ്യാസമില്ലാത്ത പെണ്‍കുട്ടികളായിരിക്കും. അവരുടെ വേതനം പ്രതിമാസം ആയിരംരൂപയില്‍ കുറവായിരിക്കും. വിദ്യാര്‍ഥിക്കുഞ്ഞുങ്ങളുമായി പരിചയപ്പെടാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക്‌ ” യാ, താംക്യൂ, മമ്മി, ഡാഡി, ഗ്രാന്‍പാ, ഗ്രാന്‍മാ, ഓകെ തുടങ്ങിയ ചില പ്രയോഗങ്ങളേ പരിചയമുള്ളൂ എന്നും കാണാം. ഈ വൈകൃതത്തിന്‌ കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ ഓരോ മാസവും ചെലവാക്കേണ്ടത്‌ 700-800 രൂപയോളമാണ്‌. ഈ വിദ്യാഭ്യാസരീതി സമൂഹചേതനയ്‌ക്ക്‌ ഏല്‍പ്പിക്കുന്ന ആഘാതം പരിശോധിക്കേണ്ടതാണ്‌.

ഭാഷാ ശാസ്ത്രത്തിന്‌ “സൈക്കോ ലിംഗുസ്റ്റിക്സ്‌ (ജ്യ‍െരവീ ഹശിഴൗശെ‍ശേരെ‍) എന്നൊരു ശാഖയുണ്ട്‌. ഭാഷയും മനസ്സും തമ്മിലുള്ള ബന്ധമാണ്‌ ഈ ശാസ്ത്രത്തിന്റെ വിഷയം. മനുഷ്യശിശു മാതൃഗര്‍ഭത്തില്‍ ഏഴെട്ടുമാസത്തെ വളര്‍ച്ചയെത്തുമ്പോള്‍ തന്നെ ബാഹ്യപ്രപഞ്ചത്തില്‍നിന്ന്‌ അനുഭൂതികള്‍ ശേഖരിക്കാന്‍ തുടങ്ങുമെന്നാണ്‌ ഈ ശാസ്ത്രം പറയുന്നത്‌. ഗര്‍ഭത്തില്‍ നിന്നു പുറത്തുവരുന്നതോടെ അനുഭൂതികളില്‍നിന്ന്‌ ധാരണകളുണ്ടാക്കും. അമ്മയുടെ സ്പര്‍ശം, മുലപ്പാല്‍ വാത്സല്യത്തോടെയുള്ള ശബ്ദം മാതൃശരീരത്തിന്റെ ഗന്ധം തുടങ്ങിയവയോടൊപ്പം ഇഷ്ടപ്പെടാനും വെറുക്കാനുമുള്ള പ്രവണതയും ശിശുവിന്റെ മനസ്സിലും ബുദ്ധിയിലും രൂപപ്പെടും. ശേഖരിക്കുന്ന വിവരത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുമ്പോള്‍ ഇവയെ വിഭജിച്ച്‌ പല സംഘാതങ്ങളാക്കാന്‍ ശിശു ശ്രമിക്കും. കേട്ടു ശീലിച്ച ശബ്ദസമുച്ചയത്തിന്റെ ഏതെങ്കിലും ഭാഗവുമായി ബന്ധപ്പെടുത്തുകയായിരിക്കും ശിശുവിന്‌ എളുപ്പം. ഉദാഹരണത്തിന്‌ അമ്മ, അമ്മിഞ്ഞ തുടങ്ങിയ പദങ്ങള്‍ കുട്ടി ഇഷ്ടപ്പെടുന്ന അനുഭൂതികളുമായി ബന്ധപ്പെട്ടു കുട്ടിയുടെ വിജ്ഞാനശേഖരത്തിന്റെ തുടക്കമാകും. കുട്ടി വളരുന്നതോടുകൂടി കുട്ടിയുടെ അനുഭൂതികളും അവയോടു ബന്ധപ്പെട്ട ശബ്ദസമുച്ചയവും വളരും. അല്‍പം കൂടി വളരുമ്പോള്‍ കേട്ടു ശീലിച്ച ശബ്ദസമൂഹം സ്വയം ഉച്ചരിക്കാന്‍ കുട്ടി ശ്രമിക്കും. വളരെ സങ്കീര്‍ണമായ ഒരു പ്രക്രിയയാണിത്‌. ഭൂമിയിലുള്ള ബഹുകോടി ജീവികളില്‍ മനുഷ്യനു മാത്രമെ ആശയങ്ങളെ ഉച്ചതിര ശബ്ദവുമായി ബന്ധപ്പെടുത്തി ബുദ്ധിയില്‍ ശേഖരിക്കാനും ആവശ്യാനുസരണം എടുത്തുപയോഗിക്കാനും അക്ഷരങ്ങളായി എഴുതിവയ്‌ക്കാനും എഴുതിയതു വായിച്ചറിയാനും കഴിവുള്ളൂ.

കുട്ടിയുടെ ബുദ്ധിയില്‍ ആശയങ്ങള്‍ മാതൃഭാഷയുടെ ഉച്ചരിത ശബ്ദങ്ങളുടെയും പദങ്ങളുടെയും വാക്യഘടനയുടെ ലിപി വിന്യാസത്തിന്റെ നിയമനങ്ങളനുസരിച്ചാണ്‌ ശേഖരിക്കപ്പെടുന്നത്‌. അമ്മയെന്നും അച്ഛനെന്നും പാലെന്നും ചോറെന്നും കഞ്ഞിയെന്നും ഉടലെന്നുമൊക്കെ കേട്ടും പറഞ്ഞും ശീലിച്ച കുട്ടി മാസത്തില്‍ പത്തോ ഇരുപതോ ദിവസം ഏതാനും മണിക്കൂര്‍ മാത്രം മലയാളത്തിന്റെ ഉച്ചാരണരീതിയിലുള്ള ഇംഗ്ലീഷു പഠിക്കുമ്പോള്‍ ബുദ്ധിക്ക്‌ വല്ലാത്ത വൈക്ലബ്യമുണ്ടാക്കും.

അസാധാരണമായ നിഷണോവൈഭവമുള്ള ഏതാനും കുട്ടികള്‍ക്കേ ഈ കുഴപ്പത്തെ അതിജീവിക്കാനാകൂ. ഇംഗ്ലീഷും മലയാളവും ഉപയോഗിക്കാന്‍ കഴിവില്ലാത്ത ബുദ്ധിമാന്ദ്യക്കാരുടെ ഒരു തലമുറയെയാണ്‌ ഈ ഇംഗ്ലീഷ്‌ മീഡിയം കച്ചവടക്കാര്‍ സൃഷ്ടിക്കുന്നത്‌. എട്ടൊമ്പതു വയസ്സു പ്രായമാകുമ്പോള്‍ മാതൃഭാഷയുടെ ഘടനയ്‌ക്കനുഗുണമായി അറിവു ശേഖരിക്കുന്ന രീതി ഉറയ്‌ക്കും. പിന്നെ ഒരു രണ്ടാം ഭാഷയോ മൂന്നാം ഭാഷയോ പഠിക്കാന്‍ വിഷമമുണ്ടാകുകയില്ല. മാതൃഭാഷയില്‍നിന്ന്‌ പുതുതായി പഠിക്കുന്ന ഭാഷയ്‌ക്കുള്ള വ്യത്യാസങ്ങള്‍ ബുദ്ധി തിരിച്ചറിഞ്ഞ്‌ വേണ്ട സമയത്ത്‌ ഉപയോഗിച്ചുകൊള്ളും. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന “പ്രീ സ്കൂള്‍” സ്ഥാപനങ്ങള്‍ അവയുടെ ഉടമകളായ ചെറുകിട മുതലാളിമാര്‍ക്കും ആംഗ്ലോ അമേരിക്കന്‍ പുസ്തകവ്യാപാരികളുടെ കൂട്ടായ്മയ്‌ക്കും ധനസമ്പാദനത്തിന്‌ തീര്‍ച്ചയായും ഉതകും. അവര്‍ക്കേ ഉതകൂ.

ഇവിടെ നിന്നു കുട്ടികള്‍ ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകളില്‍ തന്നെ ചേരുമെന്നു തീര്‍ച്ചയാണ്‌. അടുത്തകാലത്തു നടന്ന ഒരു പഠനം വെളിപ്പെടുത്തുന്നതു ഇംഗ്ലീഷ്‌ മീഡിയം സ്കൂളില്‍ ചേരുന്ന ഒരു വിദ്യാര്‍ഥി സെക്കന്ററി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുമ്പോള്‍ വിദേശ പ്രസിദ്ധീകരണസ്ഥാപനങ്ങള്‍ക്ക്‌ പാഠപുസ്തകങ്ങള്‍ പഠനോപകരണങ്ങള്‍ എന്നിവയില്‍ നിന്നു മൂന്നുലക്ഷത്തോളം രൂപ കിട്ടുമെന്നാണ്‌. സാമ്പത്തികശേഷിയുള്ള രക്ഷിതാക്കള്‍ വാങ്ങാനിടയുള്ള നിഘണ്ടുകള്‍, വ്യാഖ്യാനകോശങ്ങള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ എന്നിവ ഇതില്‍ പെടുന്നില്ല.

ഇംഗ്ലീഷ്‌ ഭാഷയിലൂടെ നേടുന്ന ഈ വിദ്യാഭ്യാസം കൊണ്ട്‌ നമ്മുടെ കുട്ടികള്‍ എന്തു നേടുന്നു എന്നും പരിശോധിക്കേണ്ടതുണ്ട്‌. കേരളീയവും ഭാരതീയവുമായ സംസ്ക്കാരവുമായി ഒരു ബന്ധവുമില്ലാതെ വളരുന്ന ഈ കുട്ടികളിലധികംപേരും ഗള്‍ഫ്‌ നാടുകളില്‍ ഡ്രൈവര്‍, വാച്ചര്‍, കണക്കെഴുത്തുകാര്‍, സെയില്‍സ്മെന്‍ തുടങ്ങിയ ജോലികള്‍ ചെയ്ത്‌ നാട്ടിലേയ്‌ക്ക്‌ പണമയയ്‌ക്കും. അതുപയോഗിച്ച്‌ അവരുടെ കുടുംബം ഇവിടെ ആഡംബരജീവിതം നയിക്കും. അവരുടെ മക്കളും ഇംഗ്ലീഷ്‌ മീഡിയത്തില്‍ പഠിച്ച്‌ ആംഗ്ലോ അമേരിക്കന്‍ പ്രസിദ്ധീകരണശാലക്കാര്‍ക്ക്‌ കൂടുതല്‍ പണം ഉണ്ടാക്കികൊടുക്കും. വൃദ്ധരാകുമ്പോള്‍ രോഗഗ്രസ്തരായി നാട്ടില്‍ തിരിച്ചെത്തി ജീവിതത്തില്‍ നേടിയ പണത്തില്‍ മിച്ചമുള്ളത്‌ വിദേശികളുടെ മറ്റൊരു ചൂഷണോപാധിയായ അലോപ്പതി മരുന്നുകള്‍ക്കും അവയുടെ പ്രചാരകരായ ആശുപത്രികള്‍ക്കു വീതിച്ചുകൊടുത്തു മരിക്കും. നാടിനും നാട്ടാര്‍ക്കും നന്മവരുത്താന്‍ പോന്നവരായി ആരെയും ഈ വിദ്യാഭ്യാസം സൃഷ്ടിക്കുന്നില്ല. ജീവിതത്തില്‍ വിജയിച്ച ഭാരതീയരുടെ വിജയത്തിനുപിന്നില്‍ ഈ വിദ്യാഭ്യാസ സമ്പ്രദായത്തിനു നശിപ്പിക്കാന്‍ കഴിയാത്ത പ്രേരണകള്‍ ഉണ്ടായിരിക്കുമെന്നു തീര്‍ച്ച.

സ്വതന്ത്ര ഭാരതത്തില്‍നിന്ന്‌ പുസ്തകങ്ങളിലൂടെ വിദേശത്തേയ്‌ക്ക്‌ ഒഴുകുന്ന സമ്പത്തിന്റെ ഏകദേശരൂപം ഊഹിക്കാന്‍ ഉതകുന്നു. ഒരു ലഘുപരീക്ഷണം ആര്‍ക്കും നടത്താം. സാമാന്യ വിദ്യാഭ്യാസമുള്ള രണ്ടുമൂന്നു ഗണമുള്ള ഒരു കുടുംബത്തില്‍ ഏതാനും പുസ്തകങ്ങള്‍ ഉണ്ടായിരിക്കും. ആ പുസ്തകങ്ങള്‍ ഒരിടത്ത്‌ അടുക്കി വച്ച്‌ മലയാളപുസ്തകങ്ങള്‍ക്ക്‌ ചെലവാക്കിയ തുകയും ഇംഗ്ലീഷ്‌ പുസ്തകങ്ങള്‍ക്കു ചെലവായ തുകയും താരതമ്യപ്പെടുത്തി നോക്കുക. ഞാന്‍ എന്റെ പുസ്തക ശേഖരത്തില്‍ ഈ പഠനം നടത്തിനോക്കി. ഞാന്‍ മലയാളം പഠിച്ച്‌ മലയാളം പഠിപ്പിച്ചു കഴിഞ്ഞ ഒരാളാണ്‌. മലയാളം ലെക്സിക്കണ്‍ ഉള്‍പ്പെടെ നാലഞ്ചു നിഘണ്ടുകളും ഇരുപതോളം പഠനഗവേഷണഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്‌. എന്റെ കൈവശമുള്ള മലയാള പുസ്തകങ്ങളുടെ വില ഇംഗ്ലീഷു പുസ്തകങ്ങളുടെ വിലയുടെ പത്തിലൊന്നുപോലുമില്ല.

ഈ പഠനം ഞാന്‍ ആസൂത്രണം ചെയ്തതല്ല. ഭാരതത്തിന്റെ സമ്പദ്‌ വ്യവസ്ഥയെക്കുറിച്ചു പഠിക്കുന്ന ഒരു ഗവേഷക സംഘത്തിന്റേതാണ്‌. സ്കൂള്‍ ലൈബ്രറികളില്‍ ഇംഗ്ലീഷ്‌ മലയാളം പുസ്തകങ്ങളുടെ വിലയുടെ അനുപാതം ശരാശരി 20:1 എന്ന തോതിലാണ്‌. കോളേജ്‌ ലൈബ്രറികളില്‍ 90:1 എന്നതാണ്‌ ആനുപാതം. സര്‍വകലാശാലാ ഗ്രന്ഥശാലകളില്‍ 500:1 എന്ന ആനുപാതം നാട്ടിന്‍പുറങ്ങളില്‍ ഗ്രന്ഥശാല പ്രസ്ഥാനവുമായി ബന്ധപ്പെട്ട മിക്ക ഗ്രന്ഥശാലകളിലും ഇംഗ്ലീഷ്‌ പ്രസിദ്ധീകരണങ്ങള്‍ എടുത്തു പറയത്തക്കവണ്ണം ഇല്ല എന്നത്‌ ആശ്വാസകരമാണ്‌. പണം രാജ്യത്തിനു പുറത്തേയ്‌ക്കൊഴുകുന്ന മറ്റൊരു ചാല്‌ നിയമസംവിധാനമാണ്‌.

(അവസാനിക്കുന്നില്ല)

ഡോ. ബി.സി. ബാലകൃഷ്ണന്‍

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by