ദേവന് ശില്പിയോ ചിത്രകാരനോ വാഗ്മിയോ? അതോ എഴുത്തുകാരനോ…?
വെറെതേ പോലും അങ്ങനെ ചോദിക്കേണ്ടതില്ല – ചിന്തിക്കേണ്ടതുമില്ല – സാമൂഹിക തിന്മകള്ക്കെതിരെ ‘നാക്കുളി’ ചിത്രകാരനും ആയിരുന്നു ദേവനെന്ന മഠത്തില്‍ വാസുദേവന്‍…
ആലുവ ചൂര്‍ണ്ണിക്കരയില്‍ ‘ചൂര്‍ണ്ണി’ എന്നുപേരിട്ട് സ്വന്തമായി രൂപകല്‍പ്പന ചെയ്ത കേരളീയ വാസ്തു ഭവനത്തില്‍ ‘തപം’ കൊണ്ടു ജീവിക്കുകയായിരുന്നു അദ്ദേഹം; അര്‍ഹിക്കുന്നതെല്ലാം വഴിമാറി പോകുന്നതു കണ്ടിട്ടും അക്ഷോഭ്യനായി.
രേഖചിത്രകലക്ക് അംഗീകാരത്തിന്റെ അനേകം തലങ്ങള്‍ കാട്ടികൊടുത്ത ചിത്രകാരന്. കല്ലില്‍ ആര്‍ദ്ര സംഗീതത്തിന്റെ ഈണവും ഭാവവും കൊത്തിയെടുത്ത രാജശില്പി. വാക്കില്‍ ചാട്ടുളിവേഗവും വീതുളി മൂര്‍ച്ചയും കാത്തുവെച്ച വാഗ്മി. സര്‍വ്വോപരി സാമൂഹിക തിന്മകള്ക്കെതിരെ മുഖം നോക്കാതെ പൊരുതിയ ‘വാഗ്ഭടന്’.
എങ്കിലും സംശയങ്ങള്‍ ബാക്കി – ദേവന് ശില്പിയോ ചിത്രകാരനോ, വാഗ്മിയോ…? വീണ്ടും പറയുന്നു; ഇതു മൂന്നുമാണെന്ന ഒറ്റയുത്തരം – ആലങ്കാരികത ലേശം ചോരാതെതന്നെ പറയാം – ത്രിമൂര്ത്തിയെന്ന്.
കടുപ്പമേറിയ ശിലകളെ കൊത്തുളികൊണ്ട് പരുവപ്പെടുത്തി – രൂപപ്പെടുത്തി നേത്രോന്മീലനം നടത്തി – ജീവസ് പകരുന്ന സ്രഷ്ടാവ്…
വരകളൊരുക്കി – നിറങ്ങളൊരുക്കി – നിറവായ് ജ്വലിക്കുന്ന ചിത്രങ്ങള്‍ – ഒറ്റ വരകൊണ്ട് ആയിരം ഭാവങ്ങള്‍ – ഉറൂബിന്റേയും, ബഷീറിന്റേയും കാരൂരിന്റെയുമെല്ലാം കഥാപാത്രങ്ങള്‍ ഇന്നും അനുവാചകനുള്ളില്‍ ജീവന് തുടിച്ചു നില്‍ക്കുന്നത് ദേവന്റെ രേഖാചിത്രങ്ങളിലൂടെയാണ് – ‘രണ്ടാമൂഴം’ നമ്പൂതിരിയുടെ ചിത്രങ്ങളിലൂടെന്നപോലെ…
സമകാലികരായ ദേവനും നമ്പൂതിരിയും – അവര്‍ക്ക് മുമ്പേ നടന്ന ഗുരു കെ.സി.എസ്. പണിക്കരും വരയ്ക്കുന്ന പുത്തന്‍ ചിന്തകള്‍ക്ക് നീരുപകര്ന്ന മദ്രാസും ചോളമണ്ഡലവും… എന്നിട്ടും കേരളീയതയിലൂന്നി ദേവനും നമ്പൂതിരിയും വരച്ചു; ഗുരു കെസിഎസ്സിന്റെ ഫ്രെയിമിനു പുറത്തു കടന്നുകൊണ്ട്…
ബാല്യം കൊണ്ട് വരയെ വരിച്ച മഠത്തില്‍ വാസുദേവന്‍ 18-ാം വയസ്സില്‍ മാതൃഭൂമിയിലെത്തി – മാതൃഭൂമിക്കും വായനക്കാര്‍ക്കും വരയിലൂടെ കഥാപാത്രങ്ങളെ വായിച്ചെടുക്കാമെന്നു പരിചയപ്പെടുത്തിയ ചിത്രകാരന്. അധികകാലം മാതൃഭൂമിയില്‍ നിന്നില്ലെങ്കിലും, വരയുടെ പുതിയ അറിവുകള്‍ തേടിയുള്ള അലച്ചില്‍ ദേവനെ ഒരു തപസ്വിയാക്കിമാറ്റി – പിന്നെ തൊടുന്നതെല്ലാം ജീവല്‍ സ്പന്ദനങ്ങളായി – അന്നുവരെ കേരളം ശീലിച്ച ചിത്രകലയിലും ശില്പകലയിലും മാറ്റങ്ങള്‍ കണ്ടുതുടങ്ങി – അങ്ങനെയാണ് കലാഗ്രാമവും കലാപീഠവുമെല്ലാം രൂപപ്പെടുന്നത്…
കേരള ലളിതകലാ അക്കാദമിയുടെ പ്രസിഡണ്ട് – കേന്ദ്ര ലളിതകലാ അക്കാദമി അംഗം എന്നതിലുപരി മദ്രാസ് ചോളമണ്ഡലത്തിന്റെ സ്ഥാപകരില്‍ ഒരാള്‍ കൂടിയായിരുന്നു ആ ദേവശില്പി…
ചിത്രകാരന്മാരും ശില്പികളുമെല്ലാം കൈവേലക്കാരായതിനാല് ഞാനുമുള്പ്പടെയുള്ളവര് “കമ്മാള”രാണെന്നു ഒരു മടിയും കാണിക്കാത്ത – അടിച്ചമര്‍ത്തപ്പെടുന്നവന്റെ പക്ഷത്തുനിന്നുകൊണ്ടു ശബ്ദിച്ച ദേവന് കമ്മ്യൂണിസ്റ്റുകാര്‍ ഉള്‍പ്പെടെ ശത്രുക്കളായി ഉണ്ടായിരുന്നു; മരണംവരെ. ഇനി വരുംകാലം എങ്ങനെയെന്ന് പറയാനാവില്ല.
കലയുടെയും സാഹിത്യത്തിന്റെയും ദാര്‍ശനികതയുടെ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നുകൊണ്ട് തന്റേതായൊരു ശൈലിയും ചിന്തയും വാര്‍ത്തെടുത്ത ദേവന്റെ ഇന്നും ജ്വലിക്കുന്ന വാക്കുകളുള്ളത് അയ്യപ്പപ്പണിക്കരുടെ ആദ്യ കവിതാസമാഹാരത്തിലാണ്. കടമ്മനിട്ടകവിതകള്ക്ക് പ്രചുര പ്രചാരം നല്കിയതും അതിന്റെ പ്രചാരകനായി ആദ്യം കയറിനിന്നതും ദേവന് തന്നെയെന്നു പറയാം. ഉപരിതല സ്പര്‍ശിയായിരുന്നില്ല ദേവന്റെ ചിന്തകളും പ്രവൃത്തികളും ആഴത്തിലുള്ള പഠനവും ചിന്തയും, വായനയും നിരീക്ഷണവും ആ ചെറിയ മനുഷ്യനെ ഋഷിതുല്യനാക്കി.
1928ല്‍ തലശ്ശേരി ചൊക്ലിയില്‍ ജനിച്ച് വരയുടെ ലോകത്ത് നടന്ന്, ശില്പകലയുടെ രൗദ്രതയില്‍ ശയിച്ച്, ചിന്തയുടെ പത്മവ്യൂഹം ഭേദിച്ച് കടന്ന് – ഒടുക്കം ആലുവയിലെ ചൂര്‍ണ്ണിയില്‍ അന്ത്യവിശ്രമത്തിനായി കിടക്കുമ്പോഴും മാനവികതയുടെ പ്രതിപുരുഷന്റെ മുഖത്ത് രൗദ്രത്തിന്റെ തീക്ഷ്ണത നിറഞ്ഞു നിന്നിരുന്നതായി തോന്നിയിരുന്നു. ഇനിയും പ്രതികരിക്കാന്‍ ബാക്കിവെച്ചതെന്തോ ആ മുഖത്ത് മരവിച്ചു കിടന്നിരുന്നു. വരുംകാലം അതെല്ലാം ഏറ്റുപറയുമായിരിക്കും.
തൃശ്ശിവപുരം മോഹനചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: