പഠനം ഉഴപ്പിയാല്‍ നൃത്ത പഠനം മനസ്സില്‍ തന്നെ കുഴിച്ചുമൂടേണ്ടി വരുമെന്ന മാതാപിതാക്കളുടെ ഭീഷണിയ്‌ക്കു മുന്നില്‍ മുട്ടുകുത്തിയ പെണ്‍കുട്ടി. അത് അവളുടെ പരാജയമായിരുന്നില്ല. അങ്ങനെ മത്സരിച്ച അഞ്ച് ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി അര്‍ച്ചിത അനീഷ് എംജി കലോത്സവത്തിലെ കലാതിലകമായി. അതിന് പിന്നില്‍ വര്‍ഷങ്ങളുടെ നീണ്ട പരിശ്രമമുണ്ട്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരളനടനം, നാടോടിനൃത്തം എന്നീ നൃത്ത ഇനങ്ങളാണ് കലോത്സവത്തില്‍ അര്‍ച്ചിത അവതരിപ്പിച്ചത്. നാലാം വയസ്സുമുതല്‍ ഭരതനാട്യം അഭ്യസിക്കുന്നു.
ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കുച്ചിപ്പുടിയും മോഹിനിയാട്ടവും മനസ്സിനെ ഭ്രമിപ്പിക്കാന്‍ തുടങ്ങിയത്. അങ്ങനെ ആ നൃത്തരുപങ്ങളും അഭ്യസിക്കാന്‍ തുടങ്ങി. ഭരതനാട്യത്തില്‍ കലാമണ്ഡലം ലീലാവതിയും കുച്ചിപ്പുടിയില്‍ അനുപമ മോഹനും കേരള നടനത്തില്‍ വിനയ ചന്ദ്രനും നാടോടിനൃത്തത്തില്‍ സതീഷുമാണ് ഗുരുക്കന്മാര്‍. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ രണ്ടാം വര്‍ഷ സോഷ്യോളജി ബിരുദ വിദ്യാര്‍ത്ഥിനിയാണ് അര്‍ച്ചിത.
ഭരതനാട്യം നര്‍ത്തകി പ്രിയദര്‍ശനി ഗോവിന്ദിനെ ഏറെ ആരാധനയോടെ നോക്കിക്കാണുന്ന അര്‍ച്ചിതഎല്ലാ കലാകാരന്മാരുടേയും നല്ല വശങ്ങള്‍ നിരീക്ഷിച്ച് അത് സ്വാംശീകരിക്കുകയാണ് പതിവ്. നല്ലൊരു നര്‍ത്തകിയായി പേരെടുത്തുകഴിഞ്ഞ അര്‍ച്ചിതയെത്തേടി ചലച്ചിത്രലോകത്ത് നിന്നും അവസരങ്ങള്‍ എത്തിയെങ്കിലും തത്കാലം സിനിമയ്‌ക്ക് മനസ്സില്‍ സ്ഥാനമില്ല.
കുടുംബത്തില്‍ എല്ലാവരും കലാസ്വാദകരാണ് എന്നതിനപ്പുറം ആരും ചിലങ്കയണിഞ്ഞിട്ടില്ല എന്ന് അര്‍ച്ചിത പറയുന്നു. പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും പ്ലസ്ടുവിന് 97 ശതമാനവും മാര്‍ക്ക് വാങ്ങിയാണ് വിജയിച്ചത്. പകല്‍ നൃത്ത പരിശീലനവും രാത്രി പഠനവും എന്നതാണ് രീതി. രാത്രി 10 മണി മുതല്‍ രണ്ട് മണിവരെയാണ് മനസ്സിരുത്തിയുള്ള പഠനം. അച്ഛന്‍ അനീഷ് കുമാര്‍ മസ്കറ്റിലായിരുന്നു. ഇപ്പോള്‍ നാട്ടില്‍ ബിസിനസ് ചെയ്യുന്നു. അമ്മ അനിത അനീഷ് വീട്ടമ്മയാണ്. ഇവരുടെ ഏക മകളാണ് അര്‍ച്ചിത.
വിനീത വേണാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: