കാലടി: ആദിശങ്കരകുല ദേവക്ഷേത്രമായ കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഞ്ച് ദിവസത്തെ അക്ഷയതൃതീയ കനകധാരായജ്ഞത്തിന് ഭക്തിനിര്‍ഭരമായ തുടക്കം.
ഇന്നലെ രാവിലെ മഹാഗണപതിഹോമത്തിന് ശേഷം യന്ത്രങ്ങളും നെല്ലിക്കകളും പുറ്റുമണ്‍ നാല്പ്പാമരകഷായപുണ്യാഹ ശുദ്ധിക്രിയകള്‍ക്ക് ശേഷം കനകധാരാ യജ്ഞത്തിന് തുടക്കമായി. 32 ബ്രാഹ്മണശ്രേഷ്ഠര്‍, പതിനായിരത്തിയെട്ട് ഉരു കനകധാരാസ്തോത്രം ജപിച്ചശേഷം. യന്ത്രവിധികള്ക്കനുസൃതമായി തയ്യാറാക്കിയ കനകധാര മഹാലക്ഷ്മി യന്ത്രങ്ങളും മഹാലക്ഷ്മിയുടെ പ്രാണപ്രതിഷ്ഠ നടത്തിയ സ്ഫടികം അടക്കം ചെയ്ത സ്വര്‍ണ്ണം, വെള്ളി, നെല്ലിക്കകളും യജ്ഞ മണ്ഡപത്തില്‍ ലക്ഷ്മീനാരായണവിഗ്രഹങ്ങള്ക്ക് മുമ്പില്‍ പ്രതിഷ്ഠിച്ചു.
കനകധാരാസ്തോത്രം ചൊല്ലി സ്വര്‍ണ്ണനെല്ലിക്കകള്‍ പെയ്തതിനാല്‍ അക്ഷയതൃതീയദിനമായ നാളെ രാവിലെ അനുഗ്രഹപുണ്യം നിറഞ്ഞുനില്ക്കുന്ന അന്തരീക്ഷത്തില്‍ കനകലക്ഷ്മിയുടെ വിഗ്രഹത്തില്‍ സ്വര്ണ്ണനെല്ലിക്കകൊണ്ട് കനകാഭിഷേകം നടത്തിയശേഷം സ്വര്‍ണ്ണം, വെള്ളി നെല്ലിക്കകളും മഹാലക്ഷ്മി യന്ത്രങ്ങളും ഭക്തജനങ്ങള്‍ക്ക് നല്‍കും. എല്ലാ ദിവസങ്ങളിലും വൈകുന്നേരം 6ന് ലക്ഷ്മീനാരായണ വിഗ്രഹങ്ങള്‍ പൂര്‍ണ്ണാനദിയില്‍ അഭിഷേകം നടത്തും.
ശ്രീശങ്കരജയന്തിദിനമായ 4ന് വൈകുന്നേരം 6.30ന് സവിശേഷമായ മാതൃവന്ദനം ചടങ്ങ് യജ്ഞത്തോടൊപ്പം നടക്കും. ശ്രീ ശങ്കരാചാര്യരുടെ മാതൃപഞ്ചകം ചൊല്ലി ഫലമൂലാദികളും വസ്ത്രവും നല്കി ശങ്കരാചാര്യരുടെ 32 വര്‍ഷത്തെ ജീവിതത്തെ ആസ്പദമാക്കി 32 അമ്മമാരെ ആദരിക്കും. ക്ഷേത്രം തന്ത്രി കിടങ്ങാശ്ശേരി രാമന് നമ്പൂതിരിപ്പാട്, യജ്ഞാചാര്യന്‍ ആവണപറമ്പ് പ്രദീപ് നമ്പൂതിരിപ്പാട് എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: