ജീവിതം വഴിമുട്ടിയപ്പോഴാണ് ചിത്രലേഖ എന്ന ദളിത് യുവതി ഓട്ടോ റിക്ഷാ ഡ്രൈവറാകാന്‍ തീരുമാനിച്ചത്. സ്ത്രീകളുടെ സാന്നിധ്യം കുറഞ്ഞ മേഖലയാണെന്നറിഞ്ഞ് കൊണ്ട് തന്നെയാണ് ചിത്രലേഖ പുതിയ പരീക്ഷണത്തിന് തുനിഞ്ഞിറങ്ങിയത്. ഭര്‍ത്താവ് ശ്രീഷ്കാന്തിന്റെ പിന്തുണ കൂടിയായപ്പോള്‍ ചിത്രലേഖയുടെ ആത്മവിശ്വാസം വാനോളമുയര്‍ന്നു. പിന്നീട് എല്ലാം ശരവേഗത്തില്‍. ഡ്രൈവിംഗ് പഠിച്ച് ലൈസന്‍സെടുത്തു, ബാങ്ക് വായ്പയില്‍ ഓട്ടോറിക്ഷയും വാങ്ങി. പുതിയ മേഖലയില്‍ ജീവിതം കരുപ്പിടിപ്പിക്കാമെന്നും സമൂഹത്തില്‍ മാന്യമായി ജീവിക്കാമെന്നുമുള്ള പ്രതീക്ഷയിലുമായിരുന്നു ചിത്രലേഖ. എന്നാല്‍ നിറയെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് പുരോഗമനത്തിന്റ മുഖം മൂടിയണിഞ്ഞ ഇടതു ഫാസിസ്റ്റുകളുടെ യഥാര്‍ത്ഥ മുഖം ചിത്രലേഖക്ക് ബോധ്യമായത്.
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്ത് എടാട്ട് എന്ന സ്ഥലത്താണ് പട്ടിക ജാതിക്കാരിയായ ചിത്രലേഖ താമസിക്കുന്നത്. നാളിതുവരെ പുരുഷന്മാര് മാത്രം ജോലി ചെയ്ത് വരുന്ന എടാട്ടെ ഓട്ടോ സ്റ്റാന്‍ഡില്‍ ഒരു ദളിത് യുവതി ഓട്ടോ ഡ്രൈവറായി വന്നതാണ് പ്രദേശത്തെ സിഐടിയുക്കാരെ പ്രകോപിപ്പിച്ചത്.
ഇവിടെ ഓട്ടോ ഡ്രൈവറായി തുടരാനാവില്ലെന്നും മറ്റ് ജോലിക്ക് പോകുന്നതാണ് നല്ലതെന്നും ഇവര്‍ നിരവധി തവണ ചിത്രലേഖയോട് പറഞ്ഞു. എന്നാല്‍ ഇവരുടെ ധാര്‍ഷ്ട്യത്തെ വകവെക്കാതെ തുടര്‍ന്നും ചിത്രലേഖ ഓട്ടോയുമായി എത്തിയതോടെയാണ് ഭീഷണിയുമായി ഡിവൈഎഫ്ഐ, സിഐടിയു സംഘം രംഗത്തിറങ്ങിയത്. ചിത്രലേഖയെ നിരന്തരമായി ഭീഷണിപ്പെടുത്തുകയും ഓട്ടോറിക്ഷ കേടുപാട് വരുത്തുകയും ചെയ്തു. ഒരു തവണ ഓട്ടോറിക്ഷ കത്തിക്കുകയും ഇവരെ ഓട്ടോ റിക്ഷ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. ചിത്രലേഖയുടെ ഭര്ത്താവുള്പ്പടെയുള്ള കുടുംബാംഗങ്ങളെ അപായപ്പെടുത്താനും ശ്രമം നടന്നു. അവസാനം സ്വന്തം നാട്ടില്‍ ജീവിക്കാനാവാതെ ചിത്രലേഖയും കുടുംബവും എടാട്ട് നിന്നും മാറി താമസിച്ചിരുന്നു. തുടര്‍ന്ന് രണ്ട് വര്‍ഷത്തെ പ്രവാസത്തിന് ശേഷം ചിത്രലേഖയും കുടുംബവും നാട്ടില്‍ തിരിച്ചെത്തിയപ്പോഴും സിഐടിയുക്കാര്‍ സംഘം ചേര്‍ന്ന് ഇവരെ ദ്രോഹിക്കുകയായിരുന്നു.
2005 മുതല്‍ ഇടതു സംഘടനകളുടെ നിരന്തരമായ സംഘടിത അക്രമത്തിനിരയായ ചിത്രലേഖയും കുടുംബവും ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി കണ്ണൂര്‍ കളക്ട്രേറ്റ് പടിക്കല്‍ അനിശ്ചിതകാല സമരം നടത്തുകയാണ്. സമരത്തിന് പിന്തുണയായി ഭര്‍ത്താവും മക്കളും വൃദ്ധയായ മാതാവും ചിത്രലേഖയോടൊപ്പമുണ്ട്. സമരത്തിനെതിരെ ഇടത് സംഘടനകള്‍ നിരന്തരമായി ഭീഷണി ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ എത്ര തന്നെ ഭീഷണിയുണ്ടായാലും സമരത്തില്‍ നിന്ന് പിന്മാറതെ ഉറച്ച് നില്‍ക്കാനാണ് ചിത്രലേഖയുടെ തീരുമാനം. സിപിഎമ്മിന് സ്വാധീനമുള്ള പ്രദേശങ്ങളില്‍ അവരുടെ ചൊല്‍പ്പടിക്ക് നില്ക്കാത്തവര് അനുഭവിക്കുന്ന പീഢനങ്ങള്‍ തുറന്ന് കാണിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ചിത്രലേഖ പറയുന്നു. ഇനിയൊരു കുടുംബത്തിനും ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാന്‍ തന്റെ സമരം കൊണ്ട് സാധിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ചിത്രലേഖ…
കെ. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: