ഇല്ലായ്മകളില്‍ നിന്നും വളര്‍ന്നുവന്ന ബാല്യമായിരുന്നു ആര്യാദേവിയുടേത്. പത്തനാപുരത്തെ കുഗ്രാമമായ കമുകുംചേരിയില്‍ ജനിച്ച ആര്യാദേവി പട്ടിണിക്ക് മുന്നില്‍ പതറാതെ നിന്നു. അറിവ് സമ്പാദിക്കുന്നതിലായിരുന്നു കുട്ടിക്കാലം മുതല്‍ക്കെ അവള്‍ക്ക് താല്‍പര്യം. കമുകുംചേരി തിരുവിളങ്ങോനപ്പന്‍ ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ രാധാകൃഷ്ണന്റെയും സാവിത്രിയുടേയും മകളായി ജനിച്ച ആര്യ 2010, 2011, 2012 വര്‍ഷങ്ങളില്‍ നടന്ന സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ പങ്കെടുത്ത ഇനങ്ങളിലെല്ലാം ഒന്നാം സ്ഥാനം നേടിയാണ് ജനശ്രദ്ധയിലെത്തുന്നത്.
വൈദ്യുതിബന്ധം പോലുമില്ലാത്ത വീടായിരുന്നു രാധാകൃഷ്ണന്റേത്. അടുത്ത വീടുകളിലും പബ്ലിക് ലൈബ്രറികളിലും പോയി പത്രം വായിച്ചായിരുന്നു വാര്‍ത്ത മനസിലാക്കിയിരുന്നത്. വിജ്ഞാനസമ്പാദനത്തിന് ആര്‍ക്കുമുന്നിലും സങ്കോചപ്പെടാതിരുന്ന ആര്യാദേവി വിദ്യാഭ്യാസത്തില്‍ മികച്ച നിലവാരം പുലര്‍ത്തി. എല്ലാ ക്ലാസുകളിലും മികച്ച മാര്‍ക്കോടെ ആര്യാദേവി പാസായി. അധ്യാപകര്‍ക്ക് ഓമനയായി മാറിയ ആര്യാദേവിക്ക് സഹപാഠികളും പിന്തുണയേകി. വീട്ടിലെ പട്ടിണിക്കും ദുരിതങ്ങള്‍ക്കുമിടയില്‍ ജീവിക്കുമ്പോഴും ആര്യാദേവി പഠനത്തില്‍ മികവോടെ മുന്നേറി.
പുരാണങ്ങളും ആധ്യാത്മികഗ്രന്ഥങ്ങളും സസൂക്ഷ്മം വായിച്ച് ഹൃദിസ്ഥമാക്കിയ ആര്യാദേവി ഇതിനോടകം നൂറോളം വേദികളില്‍ ആത്മീയപ്രഭാഷണം നടത്തിയിട്ടുണ്ട്. വിദ്യാഭ്യാസ ചെലവിനായി പണം കണ്ടെത്താന്‍ ഗ്രാമത്തിലെ വീടുകളില്‍ പത്രമിടുന്ന ജോലിയും ചെയ്തിട്ടുണ്ട്. സ്കൂള്‍ കാലഘട്ടത്തില്‍ ടീച്ചര്‍മാരില്‍ നിന്നും മികച്ച പിന്തുണയും സഹായവുമാണ് ലഭിച്ചത്. ഇത് വിദ്യാഭ്യാസത്തില്‍ മികവ് കാട്ടാന്‍ ആര്യയെ സഹായിച്ചു. ഏഴാം ക്ലാസ് വരെ നടുത്തേരി യുപിഎസിലായിരുന്നു പഠനം. തുടര്‍ന്ന് പത്തനാപുരം മൗണ്ട് താബോര്‍ സ്കൂളില്‍. ജീവിതപ്രയാസങ്ങള്‍ക്ക് നടുവിലും ആര്യക്ക് പഠനം സാധ്യമാക്കിയത് ദേശീയതല സ്കോളര്‍ഷിപ്പ് ലഭിച്ചതിനാലാണ്. യോഗ്യതാപരീക്ഷയെഴുതിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ സ്കോളര്‍ഷിപ്പ് കൊച്ചുമിടുക്കി നേടിയത്.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ കലാമത്സരങ്ങളില്‍ മുന്‍പന്തിയില്‍നിന്നു. സാമ്പത്തികപരാധീനതകാരണം മികച്ച ഗുരുക്കന്മാരില്‍ നിന്നും കലാഭ്യാസം ലഭിക്കാതിരുന്നിട്ടും ആര്യാദേവിയിലെ കലാകാരിയെ അതൊന്നും ബാധിച്ചില്ല. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കുളക്കടയില്‍ നടന്ന ഉപജില്ലാ കലോത്സവത്തില്‍ സംസ്കൃതപ്രഭാഷണം, കഥാകഥനം, പ്രശ്നോത്തരി തുടങ്ങി വിവിധ മത്സരങ്ങളില്‍ തിളങ്ങിയായിരുന്നു കലാജീവിതത്തിന്റെ തുടക്കം. 2010-ല്‍ കോഴിക്കോടും 2011-ല്‍ കോട്ടയത്തും 2012-ല്‍ തൃശൂരിലുമായിസംസ്ഥാനസ്കൂള്‍ കലോത്സവങ്ങളില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം നേടിയ ആര്യാദേവി പിസിഎ എന്‍ഡോവ്മെന്റിനായുള്ള പ്രസംഗമത്സരത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗത്തില്‍ സംസ്ഥാനതലത്തില്‍ തന്നെ പ്രതിഭ തെളിയിച്ച ജേതാവായും പിന്നീട് മാറി.
കേന്ദ്രസര്‍ക്കാരിന്റെ കള്‍ച്ചറല്‍ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ജപ്പാന്‍ സന്ദര്‍ശിക്കാന്‍ ഭാഗ്യം സിദ്ധിച്ച മലയാളി പെണ്‍കുട്ടി കൂടിയാണ് ആര്യാദേവി. 2012 മേയ് 12-നായിരുന്നു ആര്യ ജപ്പാനിലേക്ക് പറന്നത്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആറ് വിദ്യാര്‍ത്ഥികളില്‍ ഒരാളായാണ് ആര്യക്ക് നറുക്ക് വീണത്. പതിനഞ്ച് ദിവസത്തെ സാംസ്കാരിക വിനിമയ പരിപാടിയില്‍ ജപ്പാന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ആ നാടിന്റെ പൈതൃകം മനസിലാക്കുകയും ചെയ്തു. ഇപ്പോള്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ രണ്ടാം വര്‍ഷ ബിഎ ഇക്കണോമിക്സ് വിദ്യാര്‍ത്ഥിനിയാണ് ആര്യാദേവി. ബിരുദ പഠനത്തിനിടയിലും ആധ്യാത്മികപ്രഭാഷണങ്ങള്‍ക്ക് സമയം കണ്ടെത്തി പോകാറുണ്ട്. ഇതില്‍ നിന്നും ലഭിക്കുന്ന സാമ്പത്തികവും വിദ്യാഭ്യാസ ആവശ്യത്തിനായാണ് ആര്യാദേവി ചെലവിടുന്നത്. ആര്യാദേവിയുടെ പ്രവര്‍ത്തനവും പഠനനൈപുണ്യവും ശ്രദ്ധയില്‍പ്പെട്ട സാമൂഹ്യസംഘടനയായ തേവലക്കര മാര്‍ ആബോ സോഷ്യല്‍ ഫോറം ഈ കുട്ടിയെ ആദരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സംഘടനയുടെ ഭാഗത്ത് നിന്നും 10001 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന മാര്‍ ആബോ യുവപ്രതിഭാ അവാര്‍ഡ് അടുത്തമാസം ആര്യാദേവിക്ക് സമ്മാനിക്കും. വിദ്യാഭ്യാസത്തിലൂടെ മുന്നേറാനുള്ള ഋഷീശ്വരന്മാരുടെയും നവോത്ഥാനനായകരുടെയും ഉദ്ബോധനം സ്വജീവിതത്തില്‍ അന്വര്‍ത്ഥമാക്കി മാതൃകയാവുകയാണ് ആര്യാദേവി.
എ. ശ്രീകാന്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: