കൊച്ചി: സരിത എപ്പിസോഡില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളുടെ പങ്ക് അന്വേഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഒരുങ്ങുന്നു. കെപിസിസി നേതൃത്വമാണ് ഇതിന് താല്പര്യമെടുക്കുന്നത്. തെരഞ്ഞെടുപ്പിനുശേഷം സരിത വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തെളിവെടുപ്പിനും നടപടികള്‍ക്കും തുടക്കമാകും.
സംസ്ഥാനത്ത് ഭരണമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് ഈ അന്വേഷണം നീളും. നേതൃമാറ്റം ഉണ്ടാകുമെന്ന് ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേന്ദ്രനേതൃത്വവും കെപിസിസിയുടെ താല്പര്യത്തിന് അനുകൂലമായ നിലപാടിലാണ്. എ.കെ. ആന്റണിയുടെയും വി.എം. സുധീരന്റെയും പ്രത്യേക താല്പര്യപ്രകാരമാണ് സരിതാ കേസ് അന്വേഷിക്കുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഏറെ നാണക്കേടുണ്ടാക്കിയ സരിത വിഷയത്തില്‍ ഒന്നാംപ്രതിസ്ഥാനത്ത് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിതന്നെയാണെന്ന നിലപാടിലാണ് ആന്റണിയും സുധീരനും. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ തോല്‍വി ഏറ്റുവാങ്ങുന്ന സാഹചര്യംകൂടിയുണ്ടായാല് ഉമ്മന്‍ചാണ്ടിക്ക് സ്ഥാനമൊഴിയേണ്ടിവരും.സരിതാകേസിലെ അന്വേഷണവും ഉമ്മന്‍ചാണ്ടിയുടെ നില പരുങ്ങലിലാക്കും. രമേശ് ചെന്നിത്തലയെയും ‘ഐ’ ഗ്രൂപ്പിലെ പ്രമുഖ നേതാക്കളെയും കുരുക്കാന്‍ ലക്ഷ്യമിട്ട് ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ് സരിത ‘എപ്പിസോഡിന്റെ’ തിരക്കഥ തയ്യാറാക്കിയത് എന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വത്തിന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായ ജിക്കുമോനും ജോപ്പനും സലിംരാജുമാണ് സരിതയെ ‘ഐ’ ഗ്രൂപ്പ് നേതാക്കള്‍ക്ക് പരിചയപ്പെടുത്തിയത്. ചെന്നിത്തലയെ കുരുക്കുക വഴി മുഖ്യമന്ത്രിക്കസേരക്ക് അടുത്തകാലത്തൊന്നും മറ്റൊരവകാശി ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. ആദ്യഘട്ടത്തില്‍ ഈ നീക്കം വിജയിച്ചെങ്കിലും ‘എ’ ഗ്രൂപ്പ് നേതാക്കളായ മന്ത്രിമാരും സരിതയുടെ വലയില്‍ വീണതോടെ ഉമ്മന്‍ചാണ്ടി പ്രതിരോധത്തിലാവുകയായിരുന്നു. ഇതിനിടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങളുടെ സരിതബന്ധം പുറത്തുവന്നതും മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കി. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ‘ഐ’ ഗ്രൂപ്പ് ഹൈക്കമാന്റിന് നല്കിയ പരാതി ഇപ്പോള്‍ കെപിസിസി നേതൃത്വത്തിന്റെ പക്കലുണ്ട്.
മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ ഇതില്‍ അക്കമിട്ട് നിരത്തുന്നതായാണ് സൂചന. ഇരുവിഭാഗത്തിലും പെട്ടവര്‍ കുടുങ്ങിയതോടെ ‘എ’ ഗ്രൂപ്പും ‘ഐ’ ഗ്രൂപ്പും ഇപ്പോള്‍ പ്രശ്നത്തില്‍ സമവായത്തിലെത്തിയിട്ടുണ്ട്. എന്നാല്‍ ആന്റണിയും സുധീരനും ഉള്‍പ്പെടെ ഗ്രൂപ്പില്‍ സജീവമല്ലാത്ത മുതിര്‍ന്ന നേതാക്കള്‍ അന്വേഷണം വേണമെന്ന നിലപാടിലാണ്. സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പുസമവാക്യത്തിലും ഇവരുടെ നിലപാട് മാറ്റം സൃഷ്ടിക്കും. കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്, ടി.എന്‍. പ്രതാപന്, തെന്നല ബാലകൃഷ്ണപിള്ള തുടങ്ങിയവര്‍ അന്വേഷണം വേണമെന്ന നിലപാടുള്ളവരാണ്.
പരസ്യമായെങ്കിലും രണ്ട് ധ്രുവങ്ങളിലായി നിന്നിരുന്ന ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഇതോടെ ഒരു കളത്തിലേക്കെത്തുകയും വി.എം. സുധീരന്റെ നേതൃത്വത്തില്‍ മറുചേരി ശക്തിയാര്‍ജിക്കുകയും ചെയ്യുമെന്നാണ് സൂചന. എ.കെ. ആന്റണിയുടെ പിന്തുണയും ഈ ഗ്രൂപ്പിന് കരുത്താകും.
ടി.എസ് നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: