തിരുവനന്തപുരം: സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പിലാക്കുന്നതിന് ലോകബാങ്ക് അടക്കമുള്ള ഏജന്‍സികളില്‍ നിന്ന് സാമ്പത്തിക സഹായം തേടാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. സിയാല്‍ മോഡലില്‍ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ചും സ്വകാര്യ നിക്ഷേപം സ്വീകരിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മന്ത്രി കെ.സി ജോസഫ് അറിയിച്ചു. സബര്‍ബന്‍ റെയില്‍ പദ്ധതിയുടെ ആദ്യഘട്ടത്തിന് 3330 കോടി രൂപയാണ് ആകെ ചെലവ് വരുന്നത്. എന്നാല്‍ ഈ തുക മുടക്കാന്‍ സര്‍ക്കാരിന് കഴിയില്ല. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ പദ്ധതിക്ക് വേണ്ടിയുള്ള പണം നല്കാന് റെയില്‍വേയും തയാറാകാനിടയില്ലെന്നും ഈ സാഹചര്യത്തിലാണ് പണം കണ്ടെത്താന്‍ മറ്റുവഴികള്‍ തേടുന്നതെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ സാധ്യതാ പഠനത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. പദ്ധതിയുടെ സാധ്യതാ പഠനത്തിനായി സര്‍ക്കാര്‍ നിയോഗിച്ച മുംബൈ റെയില്‍ വികാസ് കോര്പ്പറേഷന് സി.എം.ഡി രാകേഷ് സക്സേനയെ മന്ത്രിസഭാ യോഗത്തില്‍ വിളിച്ചുവരുത്തിയാണ് ചര്‍ച്ച ചെയ്തത്. പദ്ധതിയുടെ ആദ്യഘട്ടമായ തിരുവനന്തപുരം-ചെങ്ങന്നൂര്‍ ഇരട്ടപാത വഴിയുള്ള സബര്‍ബന്‍ റെയില്‍ ഗതാഗതത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് മുംബൈ റെയില്‍ വികാസ് കോര്പ്പറേഷന് അധികൃതര്‍ മന്ത്രിസഭായോഗത്തില്‍ അവതരിപ്പിച്ചു.
െറൈയില് വികാസ് കോര്പ്പറേഷന് സമര്‍പ്പിച്ച പ്രാഥമിക സാധ്യതാ പഠന റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം പൂര്‍ണമായും അംഗീകരിച്ചിട്ടില്ല. റിപ്പോര്‍ട്ടില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയ ശേഷം അക്കാര്യം കോര്‍പ്പറേഷനെ അറിയിക്കും. വീണ്ടും മന്ത്രിസഭായോഗം ചേര്‍ന്ന് ഇത് വിലയിരുത്തിയ ശേഷമാകും പദ്ധതിക്ക് അന്തിമ രൂപം നല്‍കുകയെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ രണ്ടാംഘട്ടമായി ചെങ്ങന്നൂര്‍ മുതല്‍ എറണാകുളം വരെയാണ് സബര്‍ബന്‍ റെയില്‍ നടപ്പാക്കുന്നത്. പദ്ധതിക്ക് വേണ്ടി നിലവിലുള്ള ഇരട്ടപാത ഉപയോഗിക്കാന്‍ കഴിയും. അതിനാല്‍ സ്ഥലമേറ്റെടുക്കല്‍ പോലുള്ള പ്രതിസന്ധികള്‍ ഇല്ലെന്നും മന്ത്രി അറിയിച്ചു.
കോസ്റ്റല്‍ റഗുലേഷന് സോണ്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ കേരള തീരത്തെ മത്സ്യത്തൊഴിലാളികള്ക്കുള്പ്പടെയുണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തു. കേന്ദ്ര നിയമത്തില്‍ കേരള സാഹചര്യം കണക്കിലെടുത്ത് ആവശ്യമായ മാറ്റം വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതു സംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗത്തില്‍ വിശദമായ ചര്‍ച്ചയുണ്ടാകുമെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. ഉദ്യോഗസ്ഥന്മാരും മറ്റ് ബന്ധപ്പെട്ടവരുമായും ക്യാബിനറ്റ് തന്നെ ചര്‍ച്ച നടത്തി വേണ്ട ഭേദഗതികള്‍ കൊക്കൊള്ളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: