കൊല്ലം: ‘ തെറ്റ് പറ്റിപ്പോയി. കൊല്ലണമെന്ന് ഉദ്ദേശിച്ചല്ല വെടിവച്ചത്. 23 വര്‍ഷം പൊന്നുപോലെ വളര്‍ത്തികൊണ്ടുവന്ന മകളെ നഷ്ടപ്പെടുമെന്ന വിഭ്രാന്തിയിലായിരുന്നു എല്ലാം’ നിറകണ്ണുകളോടെ റോയിഫിലിപ്പ് കുറ്റസമ്മതം നടത്തി. ഇന്നലെ രാവിലെ 11നോടെയാണ് മകള്‍ റോണിയെ(26) വെടിവച്ച കേസില്‍ എറണാകുളത്ത് നിന്നും അറസ്റ്റിലായ റോയിചെറിയാനെ മീയണ്ണൂരിലെ വാടകവീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നത്.
കട്ടിലില്‍ കയറി കിടക്കാനാവശ്യപ്പെട്ട ശേഷം എയര്‍ ഗണ്ണുപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. ആദ്യത്തെ വെടി ദേഹത്ത് കൊണ്ടില്ല. രണ്ടാമത്തെ വെടിയാണ് വയറിന് മുകളിലായി കൊണ്ടത്. സമീപത്തൊന്നും വീടുകള്‍ ഇല്ലാത്തതിനാല്‍ ആരും ഓടിയെത്തിയില്ല. 19ന് രാവിലെ പത്തിനാണ് സംഭവം നടന്നത്. സംഭവത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലാണ് വെടിയേറ്റ റോണി ചെറിയാന്.
വര്‍ഷങ്ങളായി ഭാര്യയുമായി പിരിഞ്ഞുകഴിയുകയായിരുന്ന തന്നോട് പറയാതെ മകള്‍ എറണാകുളത്തെ മാതാവിനെ കണ്ടതാണ് റോയിയെ പ്രകോപിപിച്ചത്. അടുത്തദിവസം റോണി ജോലിക്ക് പോകാന്‍ തുടങ്ങുമ്പോഴാണ് റോയി ചെറിയാന് മകളോട് ദേഷ്യപ്പെടുന്നതും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്നതും. അമ്മയെ കാണുന്നതും മറ്റും വിലക്കിയും ഇതുവരെ നടന്ന കൂടിക്കാഴ്ചകള്‍ വിശദമാക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു ഇത്. എന്നാല്‍ റോണി ഇതിനൊന്നും കൂട്ടാക്കാതെ പുറത്തേക്ക് പോകാന്‍ തയ്യാറെടുക്കവെയാണ് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചതെന്ന് റോയി ചെറിയാന് പറഞ്ഞു. വെടിയേറ്റ മകള്‍ സമീപത്തെ വീട്ടില്‍ അഭയം തേടുകയും ഇതിനിടയില്‍ വെടിവയ്ക്കാനുപയോഗിച്ച തോക്കുമായി കാറില്‍ താന്‍ സ്ഥലംവിടുകയുമായിരുന്നു. ഈ തോക്ക് കുണ്ടറ മാമൂട്ടിലുള്ള ആളൊഴിഞ്ഞ സ്ഥലത്തെ ഒരു മരച്ചുവട്ടിലെ ഓലകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ പോലീസ് കണ്ടെടുത്തു. സംഭവദിവസം തോക്ക് ഒളിപ്പിച്ച ശേഷം കൊല്ലത്തെ ഒരു അഭിഭാഷകനെ കാണുകയും പിന്നീട് റോയി എറണാകുളത്തേക്ക് ഒളിവില്‍ പോകുകയുമായിരുന്നു. കാര്‍ അഭിഭാഷകന്റെ വീട്ടില്‍ പാര്‍ക്ക് ചെയ്താണ് ഒളിവില്‍ പോയതെന്ന് റോയി മൊഴിയില്‍ പറഞ്ഞു.
വര്‍ഷങ്ങളായി കാനഡയിലായിരുന്ന റോയി നാട്ടിലെത്തിയ ശേഷം കോട്ടയത്ത് മകളുമൊത്ത് വാടകക്ക് താമസിക്കുകയായിരുന്നു. മകള്‍ക്ക് മീയണ്ണൂരിലെ സ്ഥാപനത്തില്‍ ട്യൂട്ടറായി ജോലി കിട്ടിയശേഷം എളുപ്പത്തിനായാണ് ഇവിടെ വാടകയ്ക്ക് വീടെടുത്ത് താമസമാക്കിയത്.
ഇന്നലെ തെളിവെടുപ്പിന് എത്തിച്ച റോയി ചെറിയാനെ കാണാന്‍ വന്‍ജനാവലിയാണ് മീയണ്ണൂരിലും പരിസരത്തും തടിച്ചുകൂടിയത്. റൂറല്‍ എസ്പി സുരേന്ദ്രന്, ഡിവേ എസ്പി സുല്‍ഫിക്കര്‍, പൂയപ്പള്ളി എസ്ഐ മുബാറക്ക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പിന്നീട് കൊട്ടാരക്കര സെക്കന്റ് ക്ലാസ് ജൂഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: