കല്‍പ്പറ്റ : ഇന്ത്യന്‍ വനങ്ങളില്‍ കടുവകള്‍ക്ക് കഷ്ടകാലം. ഇന്ത്യയുടെ ദേശീയ മൃഗമായ കടുവയുടെ അംഗബലം ഓരോ വര്‍ഷവും കുറയുകയാണ്. വെള്ളിയാഴ്ച്ച ചെതലയം റെയ്ഞ്ചിലെ മരിയനാട് കാട്ടിനുള്ളില്‍ ചത്തനിലയില്‍ കണ്ടെത്തിയ കടുവ ഈ പട്ടികയില്‍ ഒടുവിലത്തേത്. വയനാട്ടില്‍ മയക്ക് വെടിവെക്കുന്നതിനിടെ വെറ്റിനറി സര്ജന് അരുണ്സക്കറിയയെ ആക്രമിച്ചുപരിക്കേല്‍പ്പിച്ച ഈ കടുവ അഞ്ച് ദിവസം കഴിഞ്ഞാണ് ചത്തത്.
1947ല്‍ 40,000 ഓളം കടുവകളുണ്ടെന്ന് കണക്കാക്കിയിരുന്ന ഇന്ത്യയില്‍ നിലവില്‍ അവയുടെ എണ്ണം 1800-ല്‍ താഴെയാണ്. രാജ്യത്തെ കാടുകളില്‍ 1,706 കടുവകള്‍ ഉള്ളതായാണ് 2005ല്‍ രൂപീകൃതമായ ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ (എന്‍ടിസിഎ) 2010ലെ കണക്കുകള്‍ പറയുന്നത്. 2014ലെ കണക്കെടുപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
വിവിധ സംസ്ഥാനങ്ങളിലായി 44 കടുവാസങ്കേതങ്ങളുള്ള ഇന്ത്യയില്‍ 155 കടുവകളാണ് കഴിഞ്ഞ 28 മാസത്തിനിടെ ചത്തത്. 2012ല്‍ മാത്രം 72 കടുവകള്‍ക്ക് ജീവന് നഷ്ടമായി. മഹാരാഷ്ട്രയില്‍ 13-ഉം മധ്യപ്രദേശില്‍ 12-ഉം ഉത്തരാഖണ്ഡില്‍ 11-ഉം കേരളത്തില്‍ ഡിസംബര്‍ രണ്ടിന് ബത്തേരി മൂലങ്കാവിനടുത്ത് സ്വകാര്യ തോട്ടത്തില്‍ വെടിവെച്ചുകൊന്നതടക്കം അഞ്ചും തമിഴ്നാട്ടില്‍ ഒന്നും കടുവകള്‍ അക്കൊല്ലം ചത്തു. 2013ല്‍ രാജ്യത്ത് 63-ഉം 2014ല്‍ ഇതുവരെ 19-ഉം കടുവകളുടെ പ്രാണന് പോയതായാണ് എന്‍ടിസിഎ രേഖകളില്‍. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലയം റെയ്ഞ്ചില്‍പ്പെട്ട പാപ്ലശേരിയില്‍ ഏപ്രില്‍ 18ന് റിപ്പോര്‍ട്ട് ചെയ്തതാണ് പുറംലോകം അറിഞ്ഞ ഏറ്റവും ഒടുവിലുത്തെ കടുവാമരണം. ഇതു സംബന്ധിച്ച വിവരം എന്‍ടിസിഎ രേഖകളില്‍ ഇടംപിടിക്കാനിരിക്കുന്നതേയുളളൂ.
2013ല്‍ ചത്ത 63 കടുവകളില്‍ 14 എണ്ണം വേട്ടക്കാരുടെ ഇരകളായിരുന്നു. ഏഴ് എണ്ണത്തിന്റേതാണ് സ്വാഭാവിക മരണമെന്ന് സ്ഥിരീകരിച്ചത്.
2013ല്‍ 16 കടുവകള്‍ ചത്തത് കര്‍ണാടക വനത്തിലാണ്, മഹാരാഷ്ട്രയില്‍ ഒന്‍പതും അസമിലും ഉത്തരാഖണ്ഡിലും എട്ടുവീതവും കേരളത്തില്‍ അഞ്ചും കടുവകള്‍ക്ക് ജീവന് നഷ്ടമായി. കര്‍ണാടകയിലെ കടുവാമരണങ്ങളില് അഞ്ചെണ്ണം ബന്ദിപ്പുര സങ്കേതത്തിലും അത്രതന്നെ എണ്ണം നാഗരഹോള സങ്കേതത്തിലുമായിരുന്നു. കേരളത്തിലെ അഞ്ച് കേസുകളില്‍ മൂന്നും റിപ്പോര്‍ട്ട് ചെയ്തത് ബന്ദിപ്പുര, നാഗര്‍ഹോള, തമിഴകത്തെ മുതുമല കടുവാസങ്കേതങ്ങളുമായി അതിരിടുന്ന വയനാട് വന്യജീവി സങ്കേതത്തില്‍നിന്നാണ്. പറമ്പിക്കുളത്തിനടുത്ത് നെന്മാറയില് ജൂലൈ 16നും സൗത്ത് വയനാട് വനം ഡിവിഷനില്‍ നവംബര്‍ 21നും റിപ്പോര്‍ട്ട് ചെയ്തതാണ് മറ്റു കേസുകള്‍. മാര്‍ച്ച് 14നും മെയ് ഒന്‍പതിനും സെപ്റ്റംബര്‍ ഏഴിനുമായിരുന്നു വന്യജീവി സങ്കേതത്തിലെ കടുവാമരണങ്ങള്. നീലഗിരി സൗത്ത് ഡിവിഷനില്‍ മാര്‍ച്ച് 11ന് ഒരു കടുവ ചത്തു. തമിഴ്നാട്ടില്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത ഏക കേസും ഇതാണ്.
ഈ വര്‍ഷം ഇതുവരെ ഉണ്ടായ കടുവാമരണങ്ങളില് ആറെണ്ണം തമിഴ്നാട്ടിലാണ്. നാല് എണ്ണം മധ്യപ്രദേശിലും. ജനുവരി 24ന് മുതുമല വനത്തില്‍ കടുവ ചത്തത് മറ്റൊരു കടുവയുമായുളള ഏറ്റുമുട്ടലിലാണ്.നാല് മാസം പ്രായം മതിക്കുന്ന കുട്ടിക്കടുവയാണ് ഫെബ്രുവരി ഒന്‍പതിന് കന്‍ഹയില്‍ ചത്തത്. മരണകാരണം സ്ഥിരീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: