മട്ടാഞ്ചേരി: ഗാനങ്ങള്‍ പാടി ജീവിച്ച കൊച്ചിയുടെ ‘ഭായി’യെ ജന്മനാട്ടിലെ പിന്തലമുറക്കാര് ‘ഗാനാഞ്ജലി’ യിലൂടെ അനുസ്മരിക്കുന്നു. കൊച്ചിയുടെ ജനപ്രിയ ഗായകന് എച്ച്. മെഹബൂബിന്റെ ഗാനങ്ങള്‍ പാടി ഇന്ന് ജന്മദേശത്ത് അനുസ്മരണം നടക്കും. ഹൃദ്യമായ ഗാനങ്ങളും ഒരുപിടി ഓര്‍മകളുമായി കാലങ്ങള്‍ താണ്ടിയും ജനമനസ്സുകളില്‍ ജീവിക്കുന്ന ‘ഭായി’ എന്നറിയപ്പെടുന്ന മെഹബൂബ് അനുസ്മരണ സന്ധ്യയില്‍ പ്രശസ്തരായ കൊച്ചിയുടെ ഗായകര്‍ പാടും. എംഎം ഓര്‍ക്കസ്ട്രയുടെ ആഭിമുഖ്യത്തില്‍ ചുള്ളിക്കല്‍ അബാധാളിലാണ് വൈകിട്ട്ഏഴിനാണ് പരിപാടി.
വിവാഹവേദിളിലും പത്താള് കൂടുന്ന കായല്‍ കടല്‍ത്തീരങ്ങളിലും തനത് ശൈലിയില്‍ സ്വയം രചിച്ച ഗാനങ്ങള്‍ അവതരിപ്പിച്ച് മെഹബൂബ് കൊച്ചിക്കാര്‍ക്കിടയില്‍ ‘ഭായി’ എന്നറിയപ്പെട്ടു തുടങ്ങി. നാടന്‍ശൈലിയില്‍ സന്ദര്‍ഭങ്ങളും സാഹചര്യങ്ങളും കോര്‍ത്തിണക്കി ഹാസ്യവും സാഹിത്യവും കലര്‍ന്ന ‘ഭായി’യുടെ ഗാനങ്ങള്‍ കേള്‍ക്കാന്‍ ജനങ്ങള്‍ ഒത്തുകൂടുമായിരുന്നു. 1926 ല്‍ ജനിച്ച് 40 കളില്‍ ഗാനാവതരണവേദികളിലൂടെ ജനകീയനായി മാറിയ ഭായിയുടെ ഗാനങ്ങള്‍ മലയാളക്കരയില്‍ ഒരുകാലത്ത് ഹൃദ്യവും ജനകീയവുമായും മാറിയിരുന്നു.
20 ഓളം സിനിമാഗാനങ്ങള്‍ എഴുതി പാടിയ ഭായിയുടെ “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്കക്കൊത്തി പോകും….”, “വണ്ടി വണ്ടി നിന്നെപ്പോലെ വയറിലെനിക്കും തീയാണ്…..” തുടങ്ങിയവ ഇന്നും ഗാനമേള വേദികളെ ഇളക്കി മറിക്കുന്ന ഗാനങ്ങളാണ്. 1981 ഏപ്രില്‍ 22 ന് കൊച്ചിക്കാരോട് വിടപറഞ്ഞ് ഭായി മരണത്തിന് കീഴടങ്ങുമ്പോള്‍ 55 വര്‍ഷത്തെ ജീവിതത്തില്‍ മെഹബൂബിന്റെ ജീവിതനേട്ടം തലമുറകള്‍ കൈമാറുന്ന ജനപ്രിയ ഗാനങ്ങളാണ്.
മൂന്ന് പതിറ്റാണ്ടിന് ശേഷവും ഗാനങ്ങളിലൂടെ ജവിക്കുന്ന ‘ഭായി’യെ ജന്മദേശത്തെ പുതുതലമുറ ഗായകര്‍ അനുസ്മരിക്കുകയും ചെയ്യുന്നു. പിന്നണിഗായകരായ അഫ്സല്, പ്രദീപ് പള്ളുരുത്തി, കൊച്ചിന് ആസാദ്, തോപ്പില്‍ ആന്റോ, ജൂനിയര്‍ മെഹബൂബ്, കിഷോര്‍ ബാബു, സജീന സക്കറിയ, യഹിയ എന്നിവര്‍ ഗാനങ്ങളവതരിപ്പിക്കുമെന്ന് എംഎം ഓര്‍ക്കസ്ട്ര പ്രസിഡന്റ് ഷമീം പൂവത്ത്, സെക്രട്ടറി കെ.എ. ഹുസൈന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: