ആറന്മുള: നാടും സംസ്കാരവും നിലനിര്‍ത്താമെന്ന പ്രതീക്ഷയുടെയും പ്രത്യാശയുടെയും സന്ദേശം നല്കുന്ന സുദിനമാണ് ഈസ്ററര് എന്ന് ആറന്മുള സെന്റ് സെബാസ്റ്റ്യന്‍സ് കത്തോലിക്ക പള്ളി വികാരി റവ. ഫാ. സാം ഷൈന്‍ അഭിപ്രായപ്പെട്ടു.ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപന സമിതിയുടെ അനിശ്ചിതകാല സത്യഗ്രഹ പന്തലില്‍ ഈസ്റ്റര്‍ ദിനമായ 69-ാം ദിവസം ഈസ്റ്റര്‍ ദിന സന്ദേശം നല്കി സംസാരിക്കുകയായിരുന്നു ഫാ. സാം ഷൈന്‍.
ചില നിയമലംഘനങ്ങളും അധികാര ദുര്‍വിനിയോഗങ്ങളും കൊണ്ടു ജനതയുടെ സാധാരണജീവിതത്തിന് തടയിടുമ്പോള്‍ സകലതും അവസാനിച്ചു എന്ന് അധികാര വര്‍ഗം കരുതുന്നു. ദുഃഖങ്ങളും ദുരിതങ്ങളും നേരിടുമ്പോഴും ജനത അവസാനത്തേതല്ലാത്ത പ്രതീക്ഷയുടെ വെളിച്ചം തേടുന്നു എന്നുള്ളതിന്റെ ഉദാഹരണമാണ് ആറന്മുള സമരമെന്നും അദ്ദേഹം പറഞ്ഞു.
സത്യഗ്രഹികള്‍ക്ക് മധുര പലഹാരങ്ങള്‍ നല്‍കിയാണ് സെന്റ് സൈബാസ്റ്റ്യന്സ് പള്ളി ഭാരവാഹികള്‍ പന്തലില്‍ ഈസ്റ്റര്‍ കൊണ്ടാടിയത്. തമിഴ് വിശ്വ ബ്രാഹ്മണ സമൂഹം സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.എസ്. മണിയന് ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട പൗര സമിതി ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്‍നായര്‍ അധ്യക്ഷത വഹിച്ചു. സിപിഐഎംഎല്‍ റെഡ് ഫ്ലാഗ് സംസ്ഥാന കമ്മറ്റിയംഗം കെ.ഐ. ജോസഫ്, സിപിഐ ജില്ലാ സെക്രട്ടറി പി. പ്രസാദ്, സിപിഐ(എം) ഏരിയ കമ്മറ്റിയംഗം കെ.കെ. ശിവാനന്ദന്, പൈതൃകഗ്രാമകര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ പി.ആര്. ഷാജി, കര്‍ഷക പ്രമുഖന് പി.കെ. വിജയരാജന്‍, ആറന്മുള വിജയകുമാര്‍, കെ.ജി. ഷാജി, കെ.ആര്. സുബ്രഹ്മണ്യന്, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: