മലയാളി സ്വന്തം വീട്ടുമുറ്റത്തെ എഴുത്തുകാരനായി ആദരിച്ച വ്യക്തിത്വമാണ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ്. ഈ ആഗോള എഴുത്തുകാരന്റെ നേര്‍ത്ത ചലനങ്ങള്‍ പോലും കേരളക്കരയില്‍ അപ്പപ്പോള്‍ പ്രതിഫലിച്ചിരുന്നു. ഒരു പക്ഷെ മലയാളി കൂടുതല്‍ അറിയുന്ന ലോക എഴുത്തുകാരന് മാര്‍ക്വേസ് ആയിരുന്നു. അതുകൊണ്ടു തന്നെ കേരളത്തില്‍ എവിടെയോ ഉള്ള തുരുത്തുകളായി കൊളംബിയയും അറ്റക്കാമയും മക്കൊണ്ടയും മലയാളിക്ക്. മാര്‍ക്വേസിന്റെ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ തുടങ്ങി അവസാനം എഴുതിയ എന്റെ വിഷാദശീലരായ വേശ്യകളുടെ ഓര്‍മ്മകള്‍ വരെ മലയാളിക്ക് സുപരിചിതമാണ്.
നോവല്‍ രചനാ പരീക്ഷണത്തെ മാര്‍ക്വേസിലൂടെയാണ് കൂടുതലും കേരളീയന് അറിഞ്ഞത്. മാജിക്കല്‍ റിയലിസമെന്ന ഭാവനയുടെ വ്യത്യസ്ത സാഹിത്യരൂപം കൊളംബിയയിലും ലോകത്തും പടര്‍ന്ന് പിടിച്ചപ്പോള്‍ തന്നെ അതിന്റെ രസം മലയാളിയും നുണഞ്ഞു. മാര്‍ക്വേസ് നോവലില്‍ സൃഷ്ടിച്ച മക്കൊണ്ട എന്ന ഇല്ലാത്ത സ്ഥലം യഥാര്‍ത്ഥത്തില്‍ ഉള്ള ഒരു ഭൂഖണ്ഡമായി ലോകം അറിയുകയായിരുന്നു. ഇത്തരമൊരു ലാബറിന്തില് മലയാളി ശരിക്കും അഭിരമിച്ചു. ലോകത്തിലെ പല എഴുത്തുകാര്‍ക്കും മലയാളികള്‍ക്ക് ഉള്‍പ്പടെ എഴുത്തില്‍ സ്ഥലകാല ബോധങ്ങളുടെ പുതിയ നങ്കൂരങ്ങള്‍ തീര്‍ക്കാന്‍ മാര്‍ക്വേസിന്റെ മക്കൊണ്ട സഹായിച്ചു. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലെ ഖസാക്കില്‍ മലയാളി മേഞ്ഞുനടന്നെങ്കിലും ഒരു ആഗോള എഴുത്തുകാരന് സൃഷ്ടിച്ച ഭാവനാ സാമ്രാജ്യമെന്ന നിലയില്‍ മാര്‍ക്വേസിന്റെ മക്കൊണ്ടയും നമുക്ക് സര്‍വസാധാരണമായി.
ഏകാന്തത എങ്ങനെ അനുഭവിക്കാമെന്ന് എഴുത്തിലൂടെ ലോകത്തിന് കാണിച്ചുകൊടുത്തത് മാര്‍ക്വേസിന്റെ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളാണ്. ഇത് അധികാരം ഏല്‍പ്പിക്കുന്ന ഇരുണ്ട ഏകാന്തത മാത്രമല്ല മനുഷ്യന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഒറ്റപ്പെടലും കൂടിയാണ്. എന്നാല്‍ മാര്‍ക്വേസ് പറയുന്നത് കൂടുതല്‍ ഏകാന്തത അനുഭവിച്ചത് ഇത് എഴുതിയതിന് ശേഷമെന്നാണ്. പ്രശസ്തി നല്കിയ ഏകാന്തത എന്ന് അദ്ദേഹത്തിന്റെ വാക്ക്. വിദേശ എഴുത്തുകാരെ സര്‍ഗാത്മകമായി ഗ്രസിച്ചിട്ടുള്ള യാത്രയ്ക്ക് പിന്നാലെയുള്ള കാല്‍പ്പാടുകള്‍ മാര്‍ക്വേസിന്റെ ആദ്യ കൃതിയില്‍ തന്നെ കാണാം. കപ്പല്‍ഛേദം സംഭവിച്ച നാവികന്റെ കഥ ഇത്തരമൊരു യാത്ര കേന്ദ്രീകൃതമായി മാറിയ രചനയാണ്. ജനിച്ചു വളര്‍ന്ന സ്ഥലത്തേയ്ക്ക് നാളുകള്‍ക്ക് ശേഷം അമ്മയോടൊപ്പം യാത്ര പോയതിന്റെ ഓര്‍മ്മതിങ്ങലാണ് ഈ കഥയ്ക്ക് പിന്നിലെ പ്രേരണ. ലാറ്റിനമേരിക്ക പോലുള്ള ഒത്തിരി വംശീയ, രാഷ്ട്രീയ അട്ടിമറികളും ഹത്യകളും സംഭവിച്ച നാടുകളില്‍ ഒന്നായ കൊളംബിയയില്‍ ഓര്‍മ്മകള്‍ അടരുകളായി കിടക്കുന്നത് മാര്‍ക്വേസിന്റെ കൃതികളുടെ ഊര്‍ജമാണ്. അദ്ദേഹത്തിന്റെ എല്ലാ കൃതികളെയും മറ്റ് ലാറ്റിനമേരിക്കന്‍ എഴുത്തുകാരുടേതുപോലെ ഓര്‍മ്മകള്‍ നൈതികമോ പേടിസ്വപ്നമോ ചരിത്രമോ ഒക്കെ ആയി മാറുന്നുണ്ട്.
ലൈംഗികതയുടെ ആര്‍ഭാടവും ആഘോഷവും മാര്‍ക്വേസ് കൃതികളില്‍ അടിയൊഴുക്കാണ്. 2004ല്‍ എഴുതിയ എന്റെ വിഷാദശീലരായ വേശ്യകളുടെ ഓര്‍മ്മകളില്‍ ഇത്തരം ലൈംഗികതയുടെ നീലരാശികളുണ്ട്. എന്നാല്‍ യസുനാരി കവാബത്തയുടെ ഉറങ്ങുന സുന്ദരികളെന്ന നോവല്‍ വായിച്ചിട്ടുള്ളവര്‍ക്ക് ഇതൊരു മഞ്ഞയാകാം. രതിയുടെ വെണ്ണക്കല്‍ ശില്പത്തിന്റെ അഴകുപെയ്ത്താണ് കവാബത്തയുടെ ഈ നോവല്‍. പക്ഷെ വാര്‍ധക്യം തീരെ ചെറുപ്പം പോലെ ലൈംഗികത അനുഭവിക്കുന്നതിന്റെ തീവ്രരസം മാര്‍ക്വേസിന്റെ കൃതിയില്‍ കാണാം. പ്രണയവും നഷ്ടങ്ങളും ഓര്‍മ്മകളും കപ്പല്‍ഛേദം സംഭവിച്ച ജീവിതവുമൊക്കെ വല്ലാത്തൊരു ചരിത്ര സാംസ്കാരിക ചാരിത്ര്യ ഭംഗിയില്‍ മാര്‍ക്വേസ് എഴുതുമ്പോള്‍ വായനക്കാരുടെ രസച്ചരട് ആത്മാവില്‍ പോലും മുറുകുന്നത് കാണാം. കോളറക്കാലത്തെ പ്രണയം ഇത്തരമൊരു രചനയാണ്. ചരിത്രവും അത് സമ്മാനിക്കുന്ന ഗതിവിഗതികളും മനുഷ്യന്റെ എക്കാലത്തേയും ഭീതിയായ കോളറ രോഗവുമൊക്കെ ചേര്‍ന്ന് ഈ നോവലില്‍ സൃഷ്ടിക്കുന്ന പ്രത്യേക തലം വന്യമായ സൗന്ദര്യത്തിന്റെ തീവ്രത നല്കുന്നു. പ്രണയത്തിന്റെ കപ്പലില്‍ കോളറയുടെ പതാക ഉയര്‍ത്തി യാത്രപോകുന്നു ഇതിലെ കമിതാക്കളുടെ ജീവിതം അനുപല്ലവികളല്ല; തികച്ചും വ്യത്യസ്തം.
എഴുത്തുകാരന്, പത്രപ്രവര്ത്തകന്, എഡിറ്റര്‍, കഥാകൃത്ത് എന്നിങ്ങനെ ഭിന്ന ഭാവങ്ങളില്‍ അഭിരമിച്ച ഈ എഴുത്തുകാരന് പത്രപ്രവര്‍ത്തകനുള്ളിലെ നോവലിസ്റ്റാണ്. അതുകൊണ്ടാണ് രണ്ടും തമ്മില്‍ ഏറെ വ്യത്യാസമില്ലെന്ന് അദ്ദേഹം പറഞ്ഞത്. ഇടതുപക്ഷക്കാരന്റെ തീവ്രാഭിനിവേശങ്ങള്‍ പലപ്പോഴും എഴുത്തിലും അതിനേക്കാള്‍ ഉപരി വര്‍ത്തമാനത്തിലും വിളിച്ചറിയിച്ച മാര്‍ക്വേസ് വിപ്ലവ ഇതിഹാസം ഫിഡല്‍ കാസ്ട്രോയുടെ ഉത്തമ മിത്രമായിരുന്നു. ഇടതുപക്ഷ ആഭിമുഖ്യം അമേരിക്കയുടെ നീരസം ഈ എഴുത്തുകാരനില്‍ പതിയാന്‍ ഇടയാക്കിയിട്ടുണ്ട്. ജയിംസ് ജോയ്സ്, വില്യം ഫോക്നര്‍, കാഫ്ക, വെര്‍ജീനിയ വൂള്‍ഫ് തുടങ്ങിയ എഴുത്തുകാര്‍ വല്ലാതെ ആവേശിച്ച മാര്‍ക്വേസിനെ ആദ്യം അതിശയിപ്പിച്ചത് കാഫ്കയുടെ മെറ്റമോര്‍ ഫോസിസാണ്. അസുഖകരമായ സ്വപ്നങ്ങളില്‍ ഗ്രിഗര്‍ സാംസ മറ്റൊരു ജീവിയായി രൂപാന്തരപ്പെടുന്നത് മാര്‍ക്വേസിലെ എഴുത്തുകാരനെ വല്ലാതെ ആവേശിച്ചു. ഒരു പക്ഷെ മാജിക്കല്‍ റിയലിസം എന്ന എഴുത്തിലെ പുതു ധാരയുടെ നിര്‍മിതിക്ക് പിന്നില്‍ ഗ്രിഗര്‍ സാംസയുടെ ഈ രൂപാന്തരീകരണംഉണ്ടാകാം. ജീവിതത്തിലും എഴുത്തിലും കടലും കടല്‍ത്തീരവും വല്ലാതെ കുത്തിനിറഞ്ഞിട്ടുണ്ട് മാര്‍ക്വേസില്‍. ഓര്‍മ്മകള്‍ എപ്പോഴും കടലിരമ്പത്തിന്റെ ഊക്കിലായിരുന്നു ഈ എഴുത്തുകാരനില്‍. എന്നിട്ടും അവസാനം ഓര്‍മ്മകള്‍ കെട്ടൊരു ജീവിതം ആകേണ്ടിവന്നത് തികച്ചും വിധി. ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ തീര്‍ത്ത മാര്‍ക്വേസ് അതിലും എത്രയോ കാലം മലയാളിയുടെ വായനാഹങ്കാരമായി ഏകാന്തതകളില്‍ സുഖകരമായി നീറിക്കൊണ്ടിരിക്കും.
സിദ്ധാര്‍ത്ഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: