ഔഷധസസ്യങ്ങളുടെ കലവറയാണ് കേരളത്തിലെ സര്‍പ്പക്കാവുകള്‍. എന്നാല്‍ റിയല്‍ എസ്റ്റേറ്റ്, മണല്‍മാഫിയ എന്നിവയുടെ തള്ളിക്കയറ്റത്തില്‍ കാവുകള്‍ പൂര്‍ണമായും വെട്ടിനശിപ്പിച്ച് കോണ്‍ക്രീറ്റ് സൗധങ്ങളായി മാറിക്കൊണ്ടിരിമക്കുന്നതാണ് എവിടെയും കാണുവാന്‍ കഴിയുന്നത്.
പുരാതന തറവാടുകളില്‍ പണ്ടുകാലം മുതല്‍ പരിപാവനമായി കാവുകള്‍ സംരക്ഷിച്ചുപോന്നിരുന്നു. എന്നാല്‍ മരുമക്കത്തായം അവസാനിച്ച് മക്കത്തായവും അതിനെ തുടര്‍ന്ന് അണുകുടുംബങ്ങളായി ഗൃഹാന്തരീക്ഷം മാറിയപ്പോള്‍ ഏക്കറുകണക്കിന് ഉണ്ടായിരുന്ന ഭൂമി ചെറുതുണ്ടുകളായി വെട്ടിമുറിക്കപ്പെട്ടു. ഇങ്ങനെ ഭൂരിഭാഗം സ്ഥലങ്ങളിലും കാവുകള്‍ അപ്രത്യക്ഷമായി. കാവുകള്‍ക്ക് ചുറ്റും നൂറ്റാണ്ടുകളായി നിലനിന്നുപോന്നിരുന്ന ഔഷധസസ്യങ്ങളുടെ വന്‍ശേഖരത്തിനും വലിയ ആഘാതം സംഭവിച്ചു.
ദേശീയ തൊഴിലുറപ്പ് പദ്ധതി നഗരാര്‍ത്തികളില്‍ നടപ്പിലാക്കിയപ്പോള്‍ വഴിയോരങ്ങളില്‍ പിടിച്ചുനിന്നിരുന്ന കാട്ടുപൊന്തകള്‍ മുഴുവന്‍ വെട്ടി നീക്കി. പക്ഷേ, നഗരാതിര്‍ത്തിയിലെ ഏക പച്ചപ്പുള്ള വഴിയോരങ്ങളില്‍ പിടിച്ചുനിന്നിരുന്ന തൊട്ടാവാടിയും തഴുതാമയും നിലംപാലയും മുയല്ചെവിയനും അടക്കമുള്ള ഔഷധസസ്യങ്ങള്‍ പൂര്‍ണമായും അകാലചരമം പ്രാപിച്ചു. ഇതോടെ നാട്ടുവൈദ്യന്മാര് ചികിത്സാവശ്യത്തിനുവേണ്ടി നാട്ടുപച്ചമരുന്നുകള്‍ക്ക് പരക്കം പായേണ്ട ഗതികേട് വന്നുചേരുകയുണ്ടായി. കര്‍ക്കിടക മാസങ്ങളില്‍ ഔഷധമരുന്ന് കഞ്ഞി തയ്യാറാക്കുവാന്‍ പച്ചമരുന്ന് കിട്ടാത്തതുകാരണം പലരും ഔഷധകടകളിലെ പാക്കറ്റ് ഉണക്കമരുന്നുകളെ ആശ്രയിക്കേണ്ടിവന്നു.
ജനകീയാസൂത്രണം തുടങ്ങിയ വര്‍ഷങ്ങളില്‍ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ ഔഷധകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കാവുകളെ സംരക്ഷിച്ച് നിലനിര്‍ത്തുന്നതിനുംവേണ്ടി പ്രത്യേക ഫണ്ടുകള്‍ അനുവദിച്ചിരുന്നതായി അറിയാം. പക്ഷേ, പഞ്ചായത്ത് സമിതികള്‍ ഇപ്പോള്‍ അത്തരം പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കുന്നുണ്ടെന്ന് തോന്നുന്നില്ല. എറണാകുളം, കോട്ടയം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കാവുകള്‍ നിലവിലുള്ളത്.
ഗ്രാമപ്രദേശങ്ങളിലും തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയപ്പോള്‍ പദ്ധതിപ്പണം ചെലവഴിക്കുന്നതിനുവേണ്ടി വര്‍ഷങ്ങളായി കാടുപിടിച്ചുകിടന്നിരുന്ന പറമ്പുകളും കാട്ടുപൊന്തകളും വെട്ടിവൃത്തിയാക്കുകയുണ്ടായി. പക്ഷേ, പല സ്ഥലങ്ങളിലും തീയിട്ട് ‘കാട്’വെട്ടി നശിപ്പിച്ചതോടെ ഔഷധസസ്യങ്ങളുടെ ആവാസമേഖല പൂര്‍ണമായും നശിച്ച നിലയിലായി. വെട്ടിനശിപ്പിക്കുക മാത്രമാണ് ചെയ്തിരുന്നതെങ്കില്‍ വേരില്‍നിന്നും പിന്നേയും പുതിയ നാമ്പുകള്‍ കിളര്‍ത്തുവരുവാനുള്ള സാഹചര്യം ഉണ്ടായിരുന്നു.
നിരവധി വൈദ്യശാലക്കാര് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പുതിയ ഇനം മരുന്നുകള്‍ വിപണിയില്‍ ഇറക്കുവാനുള്ള തന്ത്രത്തിന്റെ ഭാഗമായി വ്യാപകമായി പച്ചമരുന്നുകള്‍ പറിച്ചെടുത്ത് മരുന്ന് കൂട്ടിനായി ഉപയോഗിക്കുന്നുണ്ട്. നിലവില്‍ ഉണ്ടായിരുന്നവ പറിച്ചെടുക്കുമ്പോള്‍ പുതിയത് നട്ടുപിടിപ്പിക്കാത്തതിനെത്തുടര്‍ന്ന് പലതും നശിച്ചുപോയി. ഇന്ന് കുറുന്തോട്ടി കിട്ടുവാന്‍ പ്രയാസമാണ്. കാരണം ഇത് വളരെ കുറഞ്ഞുവരുകയാണ്. പക്ഷേ, പല മരുന്ന് കച്ചവടക്കാരും സുലഭമായി ഉപയോഗിച്ചുവരുന്നത് ‘കുറുന്തോട്ടി’ പോലെ തോന്നിക്കുന്ന മറ്റൊരു ചെടിയാണ്.
കാവുകള്‍ കേന്ദ്രീകരിച്ച് ഔഷധചെടികള്‍ വളര്‍ത്തിയാല്‍ അവ നിലനില്‍ക്കുന്നതാണ്. അക്കാരണത്താല്‍ ഔഷധസസ്യചെടികള്‍ക്ക് വേണ്ടത്ര ഊന്നല്‍ കൊടുത്തുകൊണ്ട് ഗ്രാമപഞ്ചായത്തുകള്‍ കാവുകള്‍ സംരക്ഷിക്കുവാന്‍ വേണ്ട പദ്ധതികള്‍ ആവിഷ്ക്കരിക്കേണ്ടതാണ്.
ആയുര്‍വേദത്തില്‍ അധിഷ്ഠിതമായ ഒരു സാംസ്ക്കാരിക പൈതൃകമാണ് നമുക്കുള്ളത്. ഭാരതം ഉണ്ടായ കാലം മുതല്‍ ഋഷിവര്യന്മാര് വരെ അതിന്റെ മഹത്വത്തെ ഉദ്ഘോഷിച്ചിരുന്നു. അത്തരം ഒരു ജൈവ സമ്പത്തിനെ പരിപോഷിപ്പിക്കുവാന്‍ വേണ്ടത്ര പ്രോത്സാഹനം നല്‍കണം. കൂടാതെ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഔഷധചെടികളുടെ പ്രാധാന്യത്തെക്കുറിച്ച് ഉള്‍പ്പെടുത്തുകയും സ്കൂള്‍ അങ്കണത്തില്‍ ഔഷധച്ചെടികള്‍ നട്ടുവളര്‍ത്തുവാനും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതാണ്.
എം.എസ്. ദേവരാജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: