അബുദാബി: ഐപിഎല്‍ ഏഴാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ സ്പിന്നില്‍ കുടുങ്ങി നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് നിലംപതിച്ചു. വിന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരേയ്നും ഇന്ത്യന്‍ താരം പിയൂഷ് ചൗളയുടെയും സ്പിന്നിന് മുന്നിലാണ് രോഹിത്ത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സ് മൂക്കുകുത്തിവീണത്. ബാറ്റിംഗിന് ഏറെ ബുദ്ധിമുട്ടില്ലാതിരുന്ന പിച്ചില്‍ പക്ഷേ മുംബൈയുടെ പേരുകേട്ട ബാറ്റിംഗ്നിരക്ക് സര്‍വവും പിഴക്കുകയായിരുന്നു. നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് പിഴുത നരേയ്നും മൂന്ന് ഓവറില്‍ 15 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയ പിയൂഷ് ചൗളയുമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ആദ്യ മത്സരത്തില്‍ വിജയം സമ്മാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. 46 പന്തില്‍ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്സറുമടക്കം 72 റണ്‍സ് നേടിയ ജാക്ക് കല്ലിസ്സിന്റെയും 53 പന്തുകളില്‍ നിന്ന് 6 ഫോറും രണ്ട് സിക്സറുമടക്കം 64 റണ്‍സ് നേടിയ മനീഷ് പാണ്ഡെയുടെയും മികച്ച ബാറ്റിംഗാണ് കൊല്‍ക്കത്തക്ക് മികച്ച സ്കോര്‍ നേടിക്കൊടുത്തത്.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് 15.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ നൂറ് കടന്നെങ്കിലും ബാക്കിയുള്ള 29 പന്തില്‍ നിന്ന് 22 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 48 റണ്‍സെടുത്ത അമ്പാട്ടി റായിഡുവാണ് മുംബൈ ഇന്ത്യന്‍സിന്റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 27ഉം ആദിത്യ താരരെ 24 റണ്‍സും നേടിയെങ്കിലും കാര്യമുണ്ടായില്ല. റായിഡുവിനെയും മൈക്ക് ഹസ്സിയെയും കോറി ആന്‍ഡേഴ്സണെയും ഹര്ഭജന്സിംഗിനെയുമാണ് നരേയ്ന് മടക്കിയത്. ജാക്ക് കല്ലിസാണ് മാന്‍ ഓഫ് ദി മാച്ച്.
19 നടക്കുന്ന രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: