തൃശൂര്‍: ഋഗ്വേദവിദ്യാലയമായ തൃശൂര്‍ ബ്രഹ്മസ്വം മഠത്തില്‍ തൃസന്ധ ആരംഭിച്ചു. ഋഗ്വേദമന്ത്രം ഓര്‍ത്ത് പഠിക്കാനും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുമുള്ള കഴിവ് നേടുനാണ് തൃസന്ധ. രണ്ടുപക്ഷമായി ഒരു മാസമാണ് തൃസന്ധ. വടക്കെമഠം ബ്രഹ്മസ്വത്തിന്റെ വേണുഗോപാലമൂര്‍ത്തിയുടെ തെക്കിനിയിലാണ് തൃസന്ധ. മുന്‍ കാലങ്ങളില്‍ എട്ടുമാസം തുടര്‍ച്ചയായാണ് തൃസന്ധ നടത്തിയിരുന്നത്. പണ്ഡിതന്മാരുടേയും, വിദ്യാര്‍ത്ഥികളുടേയും ഒഴിവുള്ള സമയം കണക്കാക്കി എട്ടുവര്‍ഷംകൊണ്ടാണ് ഇപ്പോള്തൃസന്ധ സമാപിക്കുന്നത്.
വര്‍ഷത്തില്‍ ഒരു മാസമാണ് ചൊല്ലല്‍. രാവിലെ ആറിന് ആരംഭിക്കുന്ന തൃസന്ധ രാത്രി 8.30ഓടെ സമാപിക്കും. തുടക്കത്തില്‍ ഒരു സൂക്തം ചൊല്ലി ആരംഭിക്കുന്ന ചടങ്ങ് സമാപിക്കുമ്പോഴും ഒരു സൂക്തത്തിന്റെ ഭാഗം വെച്ചാണ് തീര്‍ക്കുക. ആചാര്യന്മാര് ചൊല്ലിക്കൊടുക്കും. ഇത് രണ്ട് തവണയും ക്രമം, പദം എന്നിവയില്‍ നാല് ഉരുവും ചൊല്ലി ഉറപ്പിക്കും.
ഈ സമയത്ത് മുദ്ര കാണിച്ചാണ് വേദമന്ത്രം ഉരുവിടുന്നത്. ഇതിനാല്‍ മുദ്രയും മന്ത്രവും ഏറെ തവണ ചൊല്ലി ഹൃദിസ്ഥമാക്കാനും തൃസന്ധ ഉപകരിക്കും. കൂടാതെ ഭക്ഷണസമയത്ത് ജട, രഥ എന്നിവ ചൊല്ലുന്ന സമ്പ്രദായം ഇന്നും തുടരുന്നുണ്ട്. ഒരേസമയം ചുരുങ്ങിയത് ആറു പണ്ഡിതന്മാരെങ്കിലും ഹാജരുണ്ടാകണം.
രണ്ടാംപക്ഷത്തിലേക്ക് കടന്ന തൃസന്ധയില് തൃശൂര്‍ യോഗത്തിലെ നിലവിലുള്ള വിവിധ പണഡിതന്മാര് പങ്കെടുക്കുന്നുണ്ട്. റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥരും അദ്ധ്യാപകരും ഗൃഹസ്ഥരും അടങ്ങുന്നതാണ് നിലവിലുള്ള മഠത്തിലെ പണ്ഡിതന്മാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: