അബൂജ: വടക്കന്‍ നൈജീരിയയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിനികളില്‍ ഭൂരിഭാഗം പേരെയും സൈന്യം മോചിപ്പിച്ചു. എന്നാല്‍ എത്രപേരെ മോചിപ്പിച്ചെന്നോ എവിടെ നിന്നാണ് കുട്ടികളെ കണ്ടെത്തിയതെന്നോ സൈന്യം വെളിപ്പെടുത്തിയിട്ടില്ല. തട്ടിക്കൊണ്ടുപോയ എട്ടുവിദ്യാര്ഥികളെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ലെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.
നൂറോളം വിദ്യാര്‍ഥിനികളെയാണ് കഴിഞ്ഞദിവസം ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. കുട്ടികളെ തട്ടിയെടുക്കുന്നതിന് മുമ്പ് നടന്ന ആക്രമണത്തില്‍ സ്കൂളിന് കാവല്‍ നിന്ന ഒരു സൈനികനും പോലീസ് ഉദ്യോഗസ്ഥനും ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. അതേ ദിവസം അബൂജയില് നടന്ന ഭീകരാക്രമണത്തില്‍ 75 പേര് കൊല്ലപ്പെട്ടിരുന്നു. ബുധനാഴ്ച വടക്ക് കിഴക്കന്‍ നൈജീരിയയില്‍ നടന്ന മറ്റൊരാക്രമണത്തില്‍ 20 പേരും കൊല്ലപ്പെട്ടു. വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയത് പാശ്ചാത്യ വിദ്യാഭ്യാസത്തെ എതിര്‍ക്കുന്ന ബോക്കോഹറമാണെന്നാണ് കരുതുന്നത്. എന്നാല്‍ ഇവരടക്കമുള്ള ഭീകരസംഘടനകളൊന്നും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. ബോര്‍ണോ സംസ്ഥാനത്തെ കുഗ്രാമമായ ചിബോക്കിലെ സ്കൂളില്‍ ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം നടന്നത്.
ഹോസ്റ്റല്‍ ആക്രമിച്ച ഭീകരര്‍ പെണ്‍കുട്ടികളെ ലോറികളില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. അമ്പതോളം പട്ടാളക്കാര്‍ സ്കൂളിനു കാവലുണ്ടായിരുന്നെങ്കിലും ഭീകരരുടെ എണ്ണം അതിലും വളരെ വലുതായിരുന്നു. 170 വീടുകളും ഭീകരര്‍ അഗ്നിക്കിരയാക്കിയെന്നു പ്രദേശവാസികള്‍ പറഞ്ഞു. തട്ടിക്കൊണ്ടുപോയവരില്‍ പതിനഞ്ചോളം വിദ്യാര്‍ഥിനികള്‍ രക്ഷപ്പെട്ടിരുന്നു. ഭീകരരുടെ വാഹനങ്ങളിലൊന്നിനു കേടു സംഭവിച്ചതാണു തങ്ങള്‍ക്കു രക്ഷപ്പെടാന്‍ അവസരമൊരുക്കിയതെന്ന് ഇവരിലൊരാള്‍ പറഞ്ഞു. ബോക്കോഹറമിന്റെ ആക്രമണങ്ങളില്‍ ഈ വര്‍ഷം 1500 പേര് കൊല്ലപ്പെട്ടതായാണു കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: