ആലപ്പുഴ: വിദേശ മീന്‍പിടിത്ത കപ്പലുകളുടെ ലൈസന്‍സ് റദ്ദാക്കിയില്ലെങ്കില്‍ സംസ്ഥാനത്തെ മത്സ്യബന്ധന വ്യവസായം പൂര്‍ണമായും തകരും. 1994ലാണ് വിദേശ മത്സ്യബന്ധന കപ്പലുകള്‍ക്ക് ഇന്ത്യയില്‍ മീന്‍ പിടിക്കാന്‍ ലൈസന്‍സ് നല്‍കിയത്. എന്നാല്‍ രണ്ടു ദശാബ്ദങ്ങള്‍ പിന്നിട്ടിട്ടും വിദേശ കപ്പലുകള്‍ ഇന്ത്യയിലെ മത്സ്യസമ്പത്തിന് ഏല്പിച്ച ആഘാതത്തെ കുറിച്ച് പഠനം നടത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറായിട്ടില്ല. സംസ്ഥാനത്തെ മത്സ്യബന്ധനം പൂര്‍ണമായും തകര്‍ച്ചയെ നേരിടുകയാണ്. 3.5 ലക്ഷം ടണ്‍ മാത്രമാണ് കേരളത്തിലെ വാര്‍ഷിക ഉല്പാദനം. ഇതില്‍ 2.5 ലക്ഷം ടണ്ണും ബോട്ടുകളുടെ ശരാശരി ഉല്പാദനമാണ്.
ബോട്ടുകള്‍ ഭൂരിപക്ഷവും കേരളത്തിന് പുറത്തുപോയി മത്സ്യബന്ധന നടത്തുന്നവരാണ്. ഇവര്‍ കൊണ്ടുവരുന്ന മത്സ്യം കേരളത്തിന്റെ ഉല്പാദനമായി പരിഗണിക്കാന്‍ കഴിയില്ല. ഇവിടുത്തെ പ്രധാന മത്സ്യ ഉല്പന്നമായ ചാള, അയല എന്നിവയുടെ പരമാവധി വാര്‍ഷിക ഉല്പാദനം 1.8 ലക്ഷം ടണ്ണായി കുറഞ്ഞു. ഒരുലക്ഷം ടണ്ണിലേറെ മത്സ്യസമ്പത്തിന്റെ കുറവാണ് ഒരുവര്‍ഷം മാത്രം സംസ്ഥാനത്തിനുണ്ടായിട്ടുള്ളതെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു കിലോ മത്സ്യത്തിന് കുറഞ്ഞത് 100 രൂപ പ്രകാരം കണക്ക് കൂട്ടിയാല്‍ പോലും 1,000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിനുണ്ടാകുന്നത്.
ഇന്ത്യയില്‍ 250 വിദേശ മത്സ്യബന്ധന കപ്പലുകളാണുള്ളത്. ഇവയെല്ലാം ഇന്ത്യന്‍ കമ്പനികളുടെ ലൈസന്‍സിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു വിദേശ കപ്പല്‍ ഇന്ത്യയിലെ ഏജന്റിന് 15 ലക്ഷം രൂപയാണ് അവരുടെ ലൈസന്‍സ് ഉപയോഗിക്കുന്നതിന് നല്‍കുന്നത്. ഈ കപ്പലുകളിലെ മുഴുവന്‍ തൊഴിലാളികളും വിദേശിയരാണ്. ഇവയുടെ ഉല്പാദനം എത്രയെന്ന് ഇന്ത്യയ്ക്ക് ഔദ്യോഗിക വിവരങ്ങള്‍ ഒന്നുമില്ല. കപ്പലുകള്‍ ഇന്ധനം നിറയ്ക്കാന്‍ മാത്രമാണ് ഇന്ത്യയുടെ തുറമുഖങ്ങളില്‍ എത്തുന്നത്. നമ്മുടെ പരമ്പരാഗത യാനങ്ങള്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന് 48 ശതമാനം നികുതി നല്കുമ്പോള് വിദേശ കപ്പലുകള്‍ക്ക് നികുതി ചുമത്താതെ ഇന്ധനം നല്‍കുന്നുവെന്ന പ്രത്യേകതയുമുണ്.
ഇരുപതുപേര്‍ പോകുന്ന ഒരു ചെറുകിട വള്ളത്തിന് ഒരു വര്‍ഷം 10 ലക്ഷം രൂപയുടെ ബന്ധനം വേണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി സെന്റര്‍ പ്രസിഡന്റ് ലാല്‍ കോയില്‍പറമ്പില്‍ പറഞ്ഞു. 50,000 രൂപയാണ് ഒരു വര്‍ഷം നികുതിയായി ഓരോ മത്സ്യത്തൊഴിലാളിയും നല്‍കുന്നത് 24,000 രൂപയാണ്. അതേസമയം വരുന്ന പഞ്ചവത്സര പദ്ധതിയില്‍ മത്സ്യമേഖലയുടെ വിഹിതമായി കേന്ദ്ര സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നത് 648 കോടി രൂപയാണ്. അതായത് വാര്‍ഷിക വിഹിതം 129.6 കോടി രൂപ.
ഇന്ത്യയിലെ ഒരുകോടിയോളം വരുന്ന മത്സ്യത്തൊഴിലാളികള്‍ക്കായി 129.6 കോടി ചെലവഴിക്കുമ്പോള്‍ ഒരു മത്സ്യത്തൊഴിലാളിക്ക് ലഭിക്കുന്നത് 129.60 രൂപ മാത്രമാണ്. ഒരു തൊഴിലാളി 24,000 രൂപ നികുതി നല്കുമ്പോള് പകരം അവന്റെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ 129.60 രൂപ മാത്രമാണ് ചെലവഴിക്കുന്നത്. ഇതാണ് മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന അവഗണനയുടെ സാക്ഷ്യപത്രമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പി ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: