ഷാര്‍ജ: ഐപിഎല്‍ ഏഴാം എഡിഷന്റെ രണ്ടാം മത്സരത്തില്‍ ഇന്ന് ദല്‍ഹി ഡെയര്‍ ഡെവിള്‍സ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ നേരിടും. ഇത്തവണത്തെ ലേലത്തില്‍ ഇരുടീമുകളും മികച്ച താരങ്ങളെ സ്വന്തമാക്കി കരുത്തുകൂട്ടിയാണ് ഇറങ്ങുന്നത്. രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുക.
വിരാട് കോഹ്ലിയെയും ദക്ഷിണാഫ്രിക്കന്‍ താരം എ.ബി. ഡിവില്ലിയേഴ്സിനെയും വിന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്സ്മാന് ക്രിസ് ഗെയില്‍, ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന് എന്നിവരെ നിലനിര്‍ത്തിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ.്സ് ഇന്ത്യന്‍ താരം യുവരാജിനെ ലേലത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 14 കോടിരൂപക്കാണ് വിജയ് മല്ല്യയുടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് സ്വന്തമാക്കിയത്. യുവിക്ക് പുറമെ അഞ്ച് കോടി മുടക്കി ഓസീസ് ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെയും 2.40 കോടി മുടക്കി ദക്ഷിണാഫ്രിക്കന്‍ ഓള് റൗണ്ടര്‍ ആല്‍ബി മോര്‍ക്കലിനെയും ബാംഗ്ലൂര്‍ സ്വന്തം നിരയിലെത്തിച്ചു. ദക്ഷിണാഫ്രിക്കയുടെ ആല്‍ബി മോര്‍ക്കല്‍, വിന്‍ഡീസിന്റെ രവി രാംപോള്‍, ഇന്ത്യന്‍ താരങ്ങളായ വരുണ്‍ ആരോണ്‍, അശോക് ദിന്‍ഡ, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് പാര്‍ത്ഥിവ് പട്ടേല്‍, അണ്ടര്‍ 19 ഇന്ത്യന്‍ നായകന് വിജയ് സോള്‍ എന്നിവരെയും മല്ല്യ സ്വന്തം പാളയത്തിലെത്തിച്ചു. മലയാളിയായ സന്ദീപ് വാര്യരും ബംഗ്ലൂരിന്റെ നിരയിലുണ്ട്.
അതേസമയം കഴിഞ്ഞ സീസണില്‍ മുംബൈ കിരീട നേട്ടത്തില്‍ നിര്‍ണായകപങ്കുവഹിച്ച ദിനേശ് കാര്‍ത്തികിനെ 12.5 കോടിരൂപക്ക് ഡെയര്‍ ഡെവിള്‍സ് സ്വന്തം നിരയിലെത്തിച്ചു. അതേസമയം ഇംഗ്ലീഷ് താരം കെവിന് പീറ്റേഴ്സണെ ടീമില്‍ നിലനിര്‍ത്താതെ ലേലത്തില്‍ വെച്ചുവെങ്കിലും ഒമ്പത് കോടി രൂപക്ക് ദല്‍ഹി തന്നെ ലേലത്തില്‍ പിടിച്ചു. ചെന്നെ സൂപ്പര്‍കിംഗ്സില്‍ നിന്ന് അഞ്ച് കോടിരൂപക്ക് മുരളി വിജയിനെയും ദല്‍ഹി സ്വന്തമാക്കി. ഇന്ത്യയുടെ മികച്ച ഫാസ്റ്റ്ബൗളറായ മുഹമ്മദ് ഷാമിയെയും 4.25 കോടിക്കാണ് ദല്‍ഹി സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കന്‍ ഓള് റൗണ്ടര്‍ ജീന്‍ പോള്‍ ഡുമ്നിയെ സണ്‍റൈസേഴ്സില്‍ നിന്നും ഫാസ്റ്റ് ബൗളര്‍ വെയ്ന്‍ പാര്ണലിനെയൂം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ക്വന്റണ്‍ ഡി കോക്കിനെയും ന്യൂസിലാന്റ് താരം റോസ് ടെയ്ലറെയും പൂനെ വാരിയേഴ്സില്‍ നിന്നും ദല്‍ഹി സ്വന്തം പടയില്‍ എത്തിച്ചു.
ഇന്നത്തെ പോരാട്ടത്തില്‍ ദല്‍ഹിയെ അപേക്ഷിച്ച് മുന്‍തൂക്കം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനുതന്നെയാണ്. ക്രിസ് ഗെയില്‍, ക്യാപ്റ്റന്‍ വിരാട് കോഹ്ലി, എ.ബി. ഡിവില്ലിയേഴ്സ്, യുവരാജ്സിംഗ്, മിച്ചല്‍ സ്റ്റാര്‍ക്ക്, തുടങ്ങിയവരുടെസാന്നിധ്യം തന്നെയാണ് അതിന് കാരണം. അതേസമയം ദല്‍ഹി നിരയില്‍ ക്യാപ്റ്റന്‍ കെവിന് പീറ്റേഴ്സണ് പരിക്കിന്റെ പിടിയിലാണെന്ന് റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ടീമിന്റെ പരിശീലനത്തിലും പീറ്റേഴ്സണ് ഇറങ്ങിയിരുന്നില്ല. എന്നാല്‍ പീറ്റേഴ്സണ് ഇന്നത്തെ ആദ്യ മത്സരത്തില്‍ കളിക്കാനിറങ്ങുമെന്നാണ് കരുതുന്നതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഹേമന്ത് ദുവ പറഞ്ഞു.
മുന്‍പ് രണ്ട് തവണ ഫൈനലില്‍ കളിച്ചിട്ടും കിരീടം കൈവിടേണ്ടിവന്നതിന്റെ ക്ഷീണം തീര്‍ക്കാനായിരിക്കും ഇത്തവണ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ ശ്രമം. അതിനായി മികച്ച തുടക്കമാണ് അവര്‍ ലക്ഷ്യമിടുന്നത്. 2009, 2011 വര്‍ഷങ്ങളില്‍ ഫൈനല്‍ കളിച്ച അവര്‍ ഡക്കാന്‍ ചാര്‍ജേഴ്സിനോടും ചെന്നൈ സൂപ്പര്കിംഗിനോടും പരാജയപ്പെടുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം അവര്‍ക്ക് സെമിയില്‍ കടക്കാന്‍ കഴിഞ്ഞില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. അതേപോലെ ദല്‍ഹി ഇതുവരെ ഫൈനലില്‍ കളിച്ചിട്ടില്ല. ആദ്യ രണ്ട് സീസണുകളിലും സെമിയില്‍ കളിച്ചതാണ് അവരുടെ മികച്ച നേട്ടം. കഴിഞ്ഞ തവണ ഏറ്റവും പിന്നിലാണ് അവര്‍ എത്തിയത്. 16 മത്സരങ്ങള്‍ കളിച്ചതില്‍ മൂന്ന് വിജയം മാത്രമാണ് ദല്‍ഹി നേടിയത്. 13 എണ്ണത്തില്‍ പരാജയപ്പെടുകയും ചെയ്തു. ഇത്തവണ മികച്ച താരങ്ങളെ ലേലത്തില്‍ പിടിച്ച അവര്‍ ലക്ഷ്യമിടുന്നതും മികച്ച പ്രകടനം തന്നെയാണ്. അതിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ പരിശീലകന് ഗ്യാരി കിര്‍സ്റ്റന്റെ സേവനവും അവര്‍ക്കുണ്ട്. ദല്‍ഹിയുടെ മുഖ്യപരിശീലകനാണ് കിര്സ്റ്റണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: