കൊച്ചി: സംസ്ഥാനത്തെ കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് സമഗ്രമായ കാര്‍ഷിക നയത്തിന് രൂപം നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരും മാറിമാറി അധികാരത്തില്‍ വന്നിട്ടും നെല്‍കര്‍ഷകര്‍ക്ക് അനുഗുണമായ യാതൊരു നീക്കവും ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കര്‍ഷകരുടെ കണ്ണില്‍ പൊടിയിടുന്നതിന് കാര്‍ഷികനയത്തിന് രൂപം നല്‍കുമെന്ന് പറയുന്നതല്ലാതെ, അധികാരത്തിലെത്തിയാല്‍ പിന്നീട് ആ വഴിക്ക് തിരിഞ്ഞുനോക്കുന്നുപോലുമില്ലെന്നതാണ് കര്‍ഷകരുടെ പരാതി.
കര്‍ഷകരുടെ എണ്ണം മാത്രമല്ല, കൃഷി ഭൂമിയുടെ വിസ്തൃതിയും കേരളത്തില്‍ നാള്‍ക്കുനാള്‍ കുറഞ്ഞുവരികയാണ്. അതേസമയം, കര്‍ഷക ആത്മഹത്യ വര്‍ധിക്കുകയും ചെയ്യുന്നു. 1970 ല്‍ എട്ടുലക്ഷത്തി ഇരുപത്തയ്യായിരം ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്തിരുന്നെങ്കില്‍ ഇന്നത് ഒരുലക്ഷത്തി തൊണ്ണൂറ്റെട്ടായിരം ഹെക്ടറായി ചുരുങ്ങിയിരിക്കുന്നുവെന്നാണ് കണക്ക്. ഇത്രയും സ്ഥലത്ത് കൃഷി ചെയ്യുന്നതുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഏക്കര്‍ കണക്കിന് കൃഷിയിടം തരിശായി കിടക്കുകയാണ്.
പലവിധ കാരണങ്ങളാലും കൃഷി നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു. മഴ കൂടിയാലും കുറഞ്ഞാലും കര്‍ഷകരെ ഒരുപോലെ ബാധിക്കും. കൃത്യസമയത്ത് വളപ്രയോഗം നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന്റെ ദോഷം വേറെയും. ഇതിനെല്ലാമുപരി കര്‍ഷകത്തൊഴിലാളികളെ സമയത്ത് കിട്ടുന്നില്ലെന്ന പരാതിയും കര്‍ഷകരെ അലട്ടുന്നു. അതിനാലാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ കൃഷിയിലേക്ക് ഉപയോഗപ്പെടുത്തണമെന്ന ആവശ്യത്തിന് ശക്തിയേറുന്നത്.
കഴിഞ്ഞ 25 വര്‍ഷത്തിനിടെ രാജ്യത്ത് 2,77,495 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് ഇക്കാര്യത്തില്‍ മുന്നില്‍. കേരളവും ഒട്ടും പിന്നിലല്ല. പാലക്കാട്, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുള്ളത്. കര്‍ഷക ആത്മഹത്യ നടക്കുമ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനായി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നതോടെ പ്രക്ഷോഭങ്ങളും അടങ്ങും.
കാര്‍ഷികോത്പന്നങ്ങള്‍ക്ക് വില നിര്‍ണയിക്കുവാനുള്ള അവകാശം കര്‍ഷകര്‍ക്ക് നല്‍കണമെന്ന ആവശ്യത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കാര്‍ഷികവൃത്തിയുമായി മുന്നോട്ടുപോകാന്‍ കഴിവില്ലാത്ത ഒരു സാഹചര്യം നിലനില്‍ക്കുമ്പോഴാണ് സര്‍ക്കാരുകള്‍ ഇറക്കുമതി പ്രോത്സാഹിപ്പിക്കുന്നത്. ഇറക്കുമതി പ്രോത്സാഹിപ്പിക്കുന്ന നയം കേന്ദ്രസര്‍ക്കാര്‍ കൈക്കൊളളുന്നതു മൂലം നെഞ്ചിടിക്കുന്നത് കര്‍ഷകര്‍ക്കാണ്.
അതിനാല്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ സമഗ്രമായ കാര്‍ഷിക നയത്തിന് രൂപം നല്കേണ്ടിയിരിക്കുന്നു. മാത്രമല്ല, കര്‍ഷക മനസ്സ് വായിച്ചറിയുവാന്‍ കഴിയുന്ന ആളായിരിക്കണം കൃഷിവകുപ്പ് കൈകാര്യം ചെയ്യേണ്ടതെന്നും കര്‍ഷകര്‍ പറയുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: