വാഷിംഗ്ടണ്‍: ലോകത്ത് ഏറ്റവും കൂടുതല്‍ പരമ ദരിദ്രര്‍ ഇന്ത്യയിലെന്ന് പഠനം. ലോകബാങ്കും അന്താരാഷ്ട്ര നാണയനിധിയും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഏറ്റവും കൂടുതല്‍ ദരിദ്രര്‍ വസിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് ഇടം നേടിയത്. ഇന്ത്യ, ചൈന, നൈജീരിയ, ബംഗ്ലാദേശ്, കോംഗോ എന്നീ രാഷ്ട്രങ്ങളിലാണ് ലോകത്തിലെ മൂന്നില്‍ രണ്ട് ഭാഗം ദരിദ്രരും കഴിയുന്നതെന്ന് പഠനം കണ്ടെത്തുന്നു. ജനസംഖ്യ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ലോകത്ത് വളരെ ദാരിദ്ര്യം അനുഭവിക്കുന്ന രാഷ്ട്രങ്ങളുണ്ടെങ്കിലും ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ദരിദ്രരുള്ളത് ഇന്ത്യയിലാണ്.
പ്രതിദിനം 1.25 ഡോളര്‍ (ഏകദേശം 75 രൂപ) വരുമാനമില്ലാത്തവരെയാണ് ലോകബാങ്ക് പരമ ദരിദ്രരുടെ ഗണത്തിലുള്പ്പെടുത്തിയത്. രാജ്യത്തെ ജനസംഖ്യയില്‍ 33 ശതമാനവും ദരിദ്രരാണ്. ചൈനയില്‍ ജനസംഖ്യയുടെ 13 ശതമാനവും നെജീരിയയില്‍ ഏഴ് ശതമാനവും ദരിദ്രരാണ്. അതേസമയം ലോകത്ത് ദരിദ്രരുടെ എണ്ണത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തുന്നു. 1990ല്‍ ലോക ജനസംഖ്യയുടെ 36 ശതമാനവും പരമ ദരിദ്രരായിരുന്നെങ്കില് 2010ല്‍ അത് 18 ശതമാനമായി കുറഞ്ഞെന്നും പഠനം കണ്ടെത്തുന്നു. 2020 ആകുന്നതോടെ ഇത് പകുതിയായി കുറക്കാനാകുമെന്നാണ് ലോകബാങ്ക് പ്രതീക്ഷിക്കുന്നത്. കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന ലൈബീരിയ, ബറൂണ്ടി, മഡഗാസ്ക്കര്, സാംബിയ തുടങ്ങിയ രാഷ്ട്രങ്ങളുണ്ടെങ്കിലും ഇവിടങ്ങളില്‍ ജനസംഖ്യ കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: