കൊച്ചി: ഇന്ത്യയില്‍ ആദ്യമായി ഒരാളില്‍ രണ്ടുവട്ടം വിജയകരമായി ഹൃദയം മാറ്റിവെച്ച് എറണാകുളം ലിസി ആശുപത്രിയും ഡോ. ജോസ് ചാക്കോ പെരിയപ്പുറവും വീണ്ടും ചരിത്രത്തില്‍ ഇടംപിടിച്ചു. പാലക്കാട് സ്വദേശി ഗിരീഷ്കുമാര്‍(39) എന്ന സോഫ്ട്വെയര് എഞ്ചിനീയര്‍ക്കാണ് രണ്ടുവട്ടം ഹൃദയം മാറ്റിവെച്ചത്. ഒരു മാസം മുമ്പ് നടന്ന ശസ്ത്രക്രിയയെ തുടര്‍ന്ന് സുഖം പ്രാപിച്ച ഗിരീഷ്കുമാര്‍ ഇന്ന് ആശുപത്രി വിടും. വിപ്രോ ജീവനക്കാരനായ ഗിരീഷിനുള്ളില് ഇപ്പോള്‍ മിടിക്കുന്നത് മൂന്നാമത്തെ ഹൃദയമാണ്. ജന്മനാല് ലഭിച്ച ഹൃദയം പാതിവഴിയില്‍ സ്വാഭാവികത കൈവെടിഞ്ഞപ്പോഴാണ് ആദ്യമായി ഗിരീഷിന്റെ ഹൃദയം മാറ്റിവച്ചത്. ഹൃദയം ക്രമാതീതമായി വികസിച്ചുവരുന്ന ഡെയിലേറ്റഡ് കാര്‍ഡിയോമയോപതി എന്ന അസുഖത്തിന് ഹൃദയം മാറ്റിവയ്ക്കാല്‍ മാത്രമായിരുന്നു പോംവഴി. തുടര്‍ന്ന് സാധാരണ ജീവിതം നയിക്കുന്നതിനിടിയിലാണ് കഴിഞ്ഞ നവംബറില്‍ ഇടുപ്പെല്ല് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കും ഇദ്ദേഹം വിധേയനാകുന്നത്. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഹൃദയത്തിന്റെ വലതുവശത്തുള്ള വാല്‍വിന് അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് വീണ്ടും ലിസി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഡോക്ടര്‍മാര്‍ തുടര്‍ ചികിത്സ നല്കിക്കൊണ്ടിരിക്കെ ഫെബ്രുവരി 27ന് ഗിരീഷിന് ഹൃദയാഘാതമുണ്ടായി. തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ വീണ്ടുമൊരു ഹൃദയം മറ്റീവ്ക്കലല്ലാതെ മറ്റൊരു വഴിയും ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശിക്കാനുണ്ടായിരുന്നില്ല. ഒരിക്കല്‍ കൂടി ഹൃദയം മറ്റീവ്ക്കാന്‍ ഗിരീഷ് താല്പര്യം അറിയിച്ചെങ്കിലും ഇന്ത്യയില്‍ ഒരിക്കലും വിജയിച്ചിട്ടില്ലാത്ത അത്യപൂര്‍വമായ ഈ ശസ്ത്രക്രിയക്ക് ജോസ് ചാക്കോ പെരിയപ്പുറം അടക്കമുള്ള ഡോക്ടര്‍മാര്‍ മാനസികമായി തയ്യാറെടുത്തിരുന്നില്ല. ആദ്യമായി പൊരുത്തമുള്ള ബ്ലഡ് ഗ്രൂപ്പില്‍ പെട്ട സമപ്രായത്തിലുള്ള ഒരാളുടെ ഹൃദയം ലഭിക്കണം.
ഇതിനുപുറമെയാണ് ഒരിക്കല്‍ മാറ്റിവെച്ച ഹൃദയം മാറ്റി പുതിയ ഹൃദയം വെക്കുമ്പോള്‍ ഉണ്ടാകുന്ന വെല്ലുവിളികള്‍. വിജയസാധ്യതയാകട്ടെ കുറവും. ഇതിനിടയില്‍ ഒരിക്കല്‍ കൂടി ഗിരീഷിന് ഹൃദയാഘാതമുണ്ടായി. മരണത്തിന്റെ വക്കില്‍ നിന്ന് ഡോക്ടര്‍മാരുടെ കഠിന പ്രയത്നത്തിലൂടെയാണ് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്.
കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗില്‍ നിന്ന് അടുത്ത ദിവസമെത്തിയ സന്ദേശം ഡോക്ടര്‍മാര്‍ക്ക് പ്രതീക്ഷ നല്കി. നെട്ടൂര്‍ ലേക്ഷോര് ആശുപത്രിയില്‍ അപകടത്തില്‍ പെട്ട് മസ്തിഷ്ക മരണം സംഭവിച്ച ആലപ്പുഴ സ്വദേശി ഷാജി(44)യുടെ ബന്ധുക്കള്‍ അവയവദാനത്തിന് തയ്യാറാണെന്നും ഹൃദയം ഗിരീഷിന് മാച്ച് ചെയ്യുമെന്നുമായിരുന്നു സന്ദേശം. കാര്യങ്ങളെല്ലാം പിന്നീട് വേഗത്തിലായി. ജേക്കബ് എബ്രഹാം, ഡോ. ജോ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ ലേക് ഷോറില്‍ എത്തി ഷാജിയുടെ ഹൃദയം ശസ്ത്രക്രിയയിലൂടെ എടുത്ത് മാറ്റി. തുടര്‍ന്ന് പോലീസ് അകമ്പടിയോടെ 12 മിനിറ്റിനുള്ളില്‍ ലിസി ആശുപത്രിയില്‍ എത്തിച്ച് പത്ത് മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെ ഗിരീഷിന്റെ ശരീരത്തില്‍ വിജയകരമായി വെച്ചുപിടിപ്പിച്ചു.
വിജയസാധ്യതയെക്കുറിച്ച് ആശങ്കപ്പെട്ട ഡോക്ടര്‍മാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഗിരീഷ് മെല്ലെ ജീവിതത്തിലേക്ക്. ശസ്ത്രക്രിയയുടെ 38-ാം നാളിലാണ് ഗിരീഷ് ആശുപത്രി വിടുന്നത്. ഗിരീഷിന്റെ മനക്കരുത്തും നിശ്ചയദാര്‍ഢ്യവുമാണ് ഈ അപൂര്‍വനേട്ടത്തിന് വഴിയൊരുക്കിയതെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഈ നേട്ടം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാന്‍ കഴിയുമോ എന്നും അദ്ദേഹത്തിന് സംശയമുണ്ട്. തനിക്ക് ജോലിയില്‍ തിരിച്ചുപ്രവേശിക്കണമെന്നാണ് ആഗ്രഹമെന്നും ഗിരീഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഡോ. ബാബു ഫ്രാന്‍സിസ്, ഡോ. ജോ ജോസഫ് ആശുപത്രി ഡയറക്ടര്‍ ഫാ തോമസ് വൈക്കത്തു പറമ്പില്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: