തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജ് ഉള്‍പ്പെട്ട കടകംപള്ളിയിലെ ഭൂമിതട്ടിപ്പുകേസിലുള്പ്പെട്ട പ്രദേശങ്ങള്‍ റീ സര്‍വ്വേ നടത്തുമെന്ന് ജില്ലാകളക്ടര്‍. ഭൂമിതട്ടിപ്പിനിരയായ 44 ഏക്കര്‍ ഭൂമിയിലുള്ള 147 കുടുംബങ്ങള്‍ക്ക് കരമടയ്ക്കുന്നത് പുനസ്ഥാപിക്കുന്നകാര്യത്തില് സര്‍ക്കാര്‍, കോടതി ഉത്തരവുകള്‍ എതിരായില്ലെങ്കില്‍ ഈമാസം 25നുള്ളില്‍ തീരുമാനമെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പുനല്‍കി. ഭൂമിതട്ടിപ്പിനിരയായ കടകംപള്ളി ഭൂമിയുടെ ഉടമസ്ഥരില്‍ നിന്ന് വില്ലേജ് ഓഫീസില്‍ കരം എടുക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് തട്ടിപ്പിനിരയായവരുമായി ജില്ലാ കലക്ടര്‍ ബിജുപ്രഭാകര്‍ ചര്‍ച്ച നടത്തിയത്.
കഴിഞ്ഞദിവസം ഹായ് ക്കോടതി ഉത്തരവുമായി വില്ലേജില്‍ കരംഅടയ്ക്കാന് ചെന്ന ഭൂഉടമകളോട് 85-ാം തണ്ടപ്പേരില്‍ കേസ് നിലനില്‍ക്കുന്നുവെന്ന് പറഞ്ഞ് കരം സ്വീകരിച്ചില്ല. എന്നാല്‍ ഇല്ലാത്ത കേസിന്റെ പേരില്‍ വസ്തു ഉടമകള്‍ കരം അടയ്ക്കുന്നത് വില്ലേജ് അധികൃതര്‍ നിഷേധിച്ചതിനെതിരെ വില്ലേജ് ഓഫീസ് ഉപരോധിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ തീരുമാനമുണ്ടാക്കാമെന്നുള്ള കളക്ടറുടെ അറിയിപ്പിനെതുടര്‍ന്നാണ് ഉപരോധം പിന്‍വലിച്ചത്.
ഇന്നലെ കരം അടയ്ക്കുന്നത് സംബന്ധിച്ച വിഷയങ്ങള്‍ക്ക് തീര്‍പ്പ് കല്പിക്കാനായി കളക്ടറും തഹസില്‍ദാറും കടകംപള്ളിയില്‍ എത്തി ഭൂഉടമകളുടെ പരാതി നേരിട്ട് കേട്ടു. 1957 മുതല്‍ കരം ഒടുക്കുന്നവര്‍ 2013 വരെ കരം അടച്ചിട്ടുണ്ട്. എന്തുമാനദണ്ഡത്തിലാണ് കരം അടയ്ക്കുന്നത് നിഷേധിക്കുന്നതെന്ന് ഭൂ ഉടമകള്‍ ചോദിച്ചു. അതേസമയം കടകംപള്ളിയിലെ 45 ഏക്കര്‍ ഭൂപ്രദേശത്തെപ്പറ്റിയുള്ള വിഷയങ്ങള്‍ പൂര്‍ണ്ണമായും പരിശോധിച്ചെങ്കില്‍ മാത്രമേ തീരുമാനം പറയാന്‍ സാധിക്കുകയുള്ളുവെന്ന് കളക്ടര്‍ വ്യക്തമാക്കി. ഉടമസ്ഥാവകാശത്തെപ്പറ്റിയുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോടതിയും സര്‍ക്കാരും കരം അടയ്ക്കുന്നതില്‍ തടസ്സം പുറപ്പെടുവിച്ചില്ലായെങ്കില് ഈ മാസം 25ന് മുമ്പ് ഭൂഉടമകള്‍ക്ക് കരം അടയ്ക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളാന്‍ സാധിക്കും.
അതിനുമുമ്പ് വസ്തുവിന്റെ അവകാശം കിട്ടിയതുമുതല്‍ അവസാനംവരെ അടച്ച കരംതീരുവ രസീതുകള്‍ വില്ലേജില്‍ ഹാജരാക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്കി. ഇതനുസരിച്ചായിരിക്കും തീരുമാനം ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ശാശ്വതപരിഹാരം കണ്ടെത്തി ഉടമസ്ഥാവകാശം സ്ഥിരീകരിക്കാന്വേണ്ടി തര്‍ക്കപ്രദേശങ്ങള്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ സര്‍വ്വെ നടത്താനുള്ള തീരുമാനമുണ്ടാകും. റവന്യൂവകുപ്പിലെ സ്പെഷ്യല്‍ ടീമിനെ സര്‍വ്വെ നടത്താനായി നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: