കൊടുങ്ങല്ലൂര്‍: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ ശൃംഗപുരം കിഴക്ക്ഭാഗം ജിമ്മിക്കാട്ടില് സുബ്രഹ്മണ്യന്റെ മകന് സിനോജ് (36) ആണ് പിടിയിലായത്. ഇന്നലെ പറവൂരില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഭരണി ഉത്സവത്തിന് ശേഷം അടഞ്ഞുകിടന്ന ക്ഷേത്രത്തില്‍ കഴിഞ്ഞ ആഴ്ചയാണ് സ്ട്രോങ്ങ് റൂമിന്റെ വാതില്‍ തകര്‍ത്ത് മോഷണം നടത്തിയത്. ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കപ്പെട്ടിരുന്നു. മുമ്പ് ചില മോഷണകേസുകളില്‍ ഉള്‍പ്പെട്ട സിനോജ് യാദൃശ്ചികമായിട്ടാണ് പോലീസിന്റെ പിടിയിലായത്.
മോഷ്ടിച്ച പണം ഉപയോഗിച്ച് ഇയാള്‍ പറവൂരിലെ ഒരു ജ്വല്ലറിയില്‍ നിന്നും അഞ്ചുപവന്റെ മാല വാങ്ങിയിരുന്നു. മഞ്ഞള്‍ പുരണ്ട നോട്ടുകളാണ് ഇയാള്‍ ജ്വല്ലറിയില്‍ നല്‍കിയത്. ഇത് ശ്രദ്ധയില്‍പെട്ട ജ്വല്ലറിക്കാര് പോലീസില്‍ വിവരമറിയിക്കുകയും ജ്വല്ലറിയിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളില്‍ നിന്നും കൊടുങ്ങല്ലൂര്‍ പോലീസ് സിനോജിനെ തിരിച്ചറിയുകയായിരുന്നു. പിന്നീട് ചോദ്യം ചെയ്യലിനെത്തുടര്‍ന്ന് ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഭരണി മഹോത്സവത്തിന് എത്തുന്ന ഭക്തര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന പണത്തില്‍ മഞ്ഞള്‍പ്പൊടി പുരളുന്നത് പതിവാണ്. ഇതാണ് കേസന്വേഷണത്തില്‍ പോലീസിന് തുണയായത്. അറസ്റ്റിലായ സിനോജിനെ ഇന്നലെ വൈകീട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ശൃംഗപുരത്തെ വീട്ടില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.
വീടിന് സമീപം കുഴിച്ചിട്ട നിലയില്‍ ഏതാനും സ്വര്‍ണാഭരണങ്ങളും പോലീസ് കണ്ടെടുത്തു. മോഷ്ടിച്ച പണത്തിലെ 2,90,000 രൂപ പോലീസ് കണ്ടെത്തി. ബാക്കി പണം കത്തിച്ച് കളഞ്ഞതായാണ് സിനോജ് പോലീസിനോട് പറഞ്ഞത്. ഐജി എസ്. ഗോപിനാഥ്, റൂറല്‍ എസ്പി എന്‍. വിജയകുമാര്‍, ഡിവൈഎസ്പി പി.എ. വര്‍ഗീസ്, സിഐ കെ.ജെ. പീറ്റര്‍, എസ്ഐ ടി.കെ. രാജന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: