ജയരാജ് തികഞ്ഞ ഉത്സാഹത്തോടെയാണ് വെളുപ്പിന് നടക്കാനിറങ്ങിയത്. എന്എച്ചിലൂടെയുള്ള താളാത്മകമായ നടപ്പില്‍ അയാള്‍ക്ക് ഒരു സുഖം തോന്നി.
“ഹോ….മൂക്ക് തുളച്ചുകയറുന്ന വാട!”
പിറുപിറുപ്പോടെ അയാള്‍ മൂക്ക് ചീറ്റി. റോഡിന്റെ ഇരുവശത്തും മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. കഴിഞ്ഞരാത്രി ഏതൊ വിവരദോഷികള്‍ കൊണ്ടുതട്ടിയതായിരിക്കണം.
നടത്തയ്ക്കിടയില്‍ പലവട്ടം ഛര്‍ദ്ദിക്കണമെന്നു തോന്നി അയാള്‍ക്ക്. അത്ര രൂക്ഷമാണ് ദുര്‍ഗന്ധം.
ജയരാജിന്റെ നടത്തയുടെ താളം മുറിഞ്ഞത് പെട്ടെന്നായിരുന്നു.
എവിടെന്നോ പാഞ്ഞുവന്ന കുറെ നായ്ക്കള്‍ തൊട്ടുമുമ്പില്‍ സിംഹത്തെപ്പോലെ ചീറിക്കൊണ്ടുനില്ക്കുന്നു.
ദംഷ്ട്രകളില്‍ ചോര……!
ഏതൊ അറവുശാലകളില്‍നിന്ന് കൊണ്ടുതട്ടിയ മാംസ വേസ്റ്റുകള്‍ക്ക് വേണ്ടി കടിപിടികൂടുകയാണ് നായ്ക്കള്‍.
അയാള്‍ക്കു പേടിയായി.
റോഡിന്റെ ഇരുവശത്തും ഒരാള്‍ പൊക്കത്തില്‍ കാട്.
ഏതു ഭീകരജന്തുക്കള്‍ പതിയിരുന്നാലും കാണാന്‍ പറ്റില്ല. മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ കാടൊരു മറയായിരിക്കുന്നു.
തൊഴിലുറപ്പുകാര്‍ റോഡ് വൃത്തിയാക്കിയ കാലമത്രയും പേടികൂടാതെ, മൂക്കു തുറന്ന് സുഖമായി നടക്കാമായിരുന്നു. പക്ഷേ പരിസ്ഥിതി വാദികളും അവസരവാദികളും ഒറ്റ സ്വരത്തില്‍ പറഞ്ഞു, നാട്ടുമരുന്നുകളും പച്ചപ്പുകളും പാടെ നശിപ്പിക്കുകയാണെന്ന്. അതോടെ നിര്‍ത്തിയ മട്ടായി വൃത്തിയാക്കല്‍ പദ്ധതി. പഞ്ചായത്തിന്റെ പട്ടിപിടുത്തവും ഇത്തരം നിലവിളിയില്‍ ഒടുങ്ങി.
“ബൗ…”
നായ്ക്കള്‍ ജയരാജിനെ വിടുന്ന ലക്ഷണമില്ല. അയാളാകെ സംഭ്രമിച്ചു നില്‍ക്കെ കുറച്ചകലെ ആരുടെയോ നിലവിളി.
“ന്റെയമ്മേ….അയ്യോ…..”
പെട്ടെന്ന് ശുനകപ്പട ആ ദിക്കിലേക്ക് കുതിക്കവെ രാജിന്റെ ശ്വാസം നേരെ വീണു. എന്നാല്‍ തൊട്ടടുത്ത നിമിഷം അവിടെക്കണ്ട കാഴ്ച അയാളെ നടുക്കി.
പാല് വാങ്ങാന്‍ വന്ന ഏതൊ ഒരു കുട്ടിയെ കടിച്ചുകീറുകയാണ് പട്ടികള്‍!
ജയരാജ് ഓടിയെത്തും മുമ്പ് ഏതോ ലോറിയില്‍ വന്ന യുവാക്കള്‍ ദൈവദൂതന്മാരെപ്പോലെ പറന്നിറങ്ങി, ശരീരം മുഴുവന്‍ മുറിവേറ്റ ആ കുട്ടിയെ രക്ഷിച്ചു. ഒരു നിമിഷം തെറ്റിയിരുന്നെങ്കില്‍….
അയാള്‍ക്കതു ചിന്തിക്കാന്‍ പോലും ത്രാണിയില്ല.
ചോരക്കൊതി മൂത്ത ആ ശുനകപ്പട അവിടം വിട്ടുപോകാന്‍ തയ്യാറാകാതെ ചാടിക്കുതിച്ചു ഗര്‍ജ്ജിക്കുകയാണ്.
ഭീതി ജനിപ്പിക്കുന്ന അന്തരീക്ഷം….
അയാള്‍ പേടിച്ചുനിന്നു.
അയാളുടെ പിന്നാലെ വന്ന നടത്തക്കാരന് ഒരു കല്ലെടുത്ത് ഒറ്റയേറ്!
“ബൗ…”
ഏറുകൊണ്ട നായ ഏതൊ ദമ്പതിമാര്‍ ഓടിച്ചുവന്ന ബൈക്കിനെ ഇടിച്ചുമറിച്ചിട്ടിട്ട് മറുവശത്തേക്ക് ചാടി.
“ഠേ!”
പിന്നാലെ വന്ന ടാങ്കര്‍ ലോറി ആ ബൈക്കിന്റെ മുകളിലൂടെ കയറിയിറങ്ങി.
ജയരാജ് പെട്ടെന്ന് കണ്ണുപൂട്ടിക്കളഞ്ഞു. പിന്നെ ആ ഭാഗത്തേക്കു നോക്കിയതേയില്ല.
നടത്തം നിര്‍ത്തി വീട്ടിലേക്ക് മടങ്ങവെ സുരക്ഷിതത്വം നഷ്ടപ്പെട്ട അവസ്ഥയോര്‍ത്ത് ഖേദിക്കുകയായിരുന്നു അയാളുടെ മനസ്സ്!
– കാക്കാമൂലമണി
പ്രതികരിക്കാൻ ഇവിടെ എഴുതുക: