അസ്വസ്ഥതയുടെയും അരക്ഷിതാവസ്ഥയുടെയും ഇടവേളകളില്‍ പ്രണയനഷ്ടത്തിന്റെ നോവില്‍ ഏതോ പെണ്‍കുട്ടി വെറുതെ കുറിച്ച വരികളല്ല ഇത്. പതിന്നാലാം വയസ്സില്‍ സുന്ദരമായ മുഖത്തുപതിച്ച ആസിഡില്‍ ഉരുകിപ്പോയ മനസ്സും മുഖവുമായി പതറാതെ ജീവിതത്തെ നേരിട്ട ലക്ഷ്മി ഈ വരികള്‍ വായിക്കുമ്പോള്‍ അനുഭവത്തിന്റെ ചൂരും ചൂടും കേള്‍ക്കുന്നവര്‍ തിരിച്ചറിയും.
രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ആസിഡ് ആക്രമണങ്ങള്‍ക്കെതിരെ വര്‍ഷങ്ങളായി പൊരുതുകയാണ് ലക്ഷ്മി. ആസിഡില്‍ ചുട്ടുപൊള്ളി ശോഭ പൊലിഞ്ഞ ലക്ഷ്മിയുടെ മനസ്സില്‍ പക്ഷേ പ്രതീക്ഷക്കും പ്രകാശത്തിനും ഒട്ടും കുറവില്ല. അതുകൊണ്ടാണ് അമേരിക്ക വിവിധ രാജ്യങ്ങളില്‍ നിന്ന് ഏറ്റവും ധീരരായ പത്ത് സ്ത്രീകളെ തെരഞ്ഞെടുത്തപ്പോള്‍ ലക്ഷ്മി അവരില്‍ ഒരാളായത്.
2005- ല്‍ ദല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റില്‍ ബസ് കാത്തുനിന്ന ലക്ഷ്മിയുടെ മുഖത്ത് സുഹൃത്തിന്റെ സഹോദരന്‍ ആസിഡ് ഒഴിക്കുകയായിരുന്നു. വെറും പതിനാറ് വയസ്സായിരുന്നു അന്ന് ആ പെണ്‍കുട്ടിയുടെ പ്രായം. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് പ്രകോപനമായത്. ഇത്തരത്തിലുള്ള ക്രൂര അനുഭവങ്ങള്‍ സ്ത്രീകളെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ലക്ഷ്മി പക്ഷേ പതറിയില്ല.
തനിക്ക് നേരിട്ട ക്രൂരമായ ആക്രമണത്തിനെതിരെ അവള്‍ നിയമയുദ്ധം തുടങ്ങി. ആസിഡ് കരിച്ച വികൃതമാക്കിയ മുഖവുമായി നിരന്തരം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. 25,000-ത്തിലധികം ഒപ്പ് ശേഖരിച്ച് സുപ്രീംകോടതില്‍ ആസിഡ് ആക്രമണത്തിനെതിര ഹര്‍ജിയും നല്‍കി. ഇതിനെ തുടര്‍ന്ന് രാജ്യത്തെ ആസിഡ് വില്‍പന നിയന്ത്രിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് സുപ്രിം കോടതി ഉത്തരവിട്ടു. ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ആവശ്യപ്പെട്ട് ലക്ഷ്മി ഇപ്പോഴും പോരാട്ടം തുടരുകയാണ്.
ലക്ഷ്മിയുടെ കഥയറിഞ്ഞ അമേരിക്ക അസാധാരണ ധൈര്യശാലികള്‍ക്കുള്ള ഇന്റര്‍ നാഷണല്‍ വുമണ്‍ ഓഫ് കറേജ് അവാര്‍ഡ് നല്‍കിയാണ് അവരെ ആദരിച്ചത്.
അഫ്ഗാനിസ്ഥാനില്‍ നിന്നും ഫിജിയില്‍ നിന്നുമുള്ള വനിതകളും ചടങ്ങില്‍ ആദരിക്കപ്പെട്ടു. അമേരിക്കയുടെ പ്രഥമവനിത മിഷേല്‍ ഒബാമ പങ്കെടുത്ത ചടങ്ങിലായിരുന്നു പുരസ്കാര സമര്‍പ്പണം.
ഈ ധീരവനിതകള്‍ ശാക്തീകരണത്തിന്റെ വക്താക്കളാകുമ്പോള്‍ നാം ഓരോരുത്തര്‍ക്കും ഇവരുടെ ശക്തിയും ധാര്‍മ്മിക ഉത്തരവാദിത്തവുമുണ്ടെന്ന് ഓര്‍മ്മിക്കണമെന്ന് മിഷേല്‍ ഒബാമ പറഞ്ഞു. കഴിഞ്ഞ തവണ ഇതേ ചടങ്ങില്‍ ദല്‍ഹി കൂട്ടബലാത്സംഗത്തില്‍ പൊലിഞ്ഞുപോയ പെണ്‍കുട്ടിയെ അമേരിക്ക ആദരിച്ചിരുന്നു. തങ്ങള്‍ക്കെതിരെ നടന്ന ആക്രമണത്തെക്കുറിച്ചും അക്രമികളെക്കുറിച്ചും ഒരക്ഷരം പോലും പറയാതെ കഴിയുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും തനിക്ക് ലഭിച്ച പുരസ്ക്കാരം പ്രചോദനമാകുമെന്ന് പുരസ്കാരം ഏറ്റുവാങ്ങി ലക്ഷ്മി പറഞ്ഞു. പത്ത് രാജ്യങ്ങളില്‍ നിന്നായി പത്ത് സ്ത്രീകളാണ് അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടത്. സ്ത്രീ ശാക്തീകരണത്തിനും സമാധാനം , നീതി മനുഷ്യാവകാശം എന്നിവയ്‌ക്കുമായി പോരാടുന്ന സ്ത്രീകളാണ് പുരസ്ക്കാരത്തിനായി പരിഗണിക്കപ്പെടുന്നത്. 2007-ല്‍ ഏര്‍പ്പെടുത്തിയ ഈ അവാര്‍ഡ് ഇതുവരെ 49 രാജ്യങ്ങളില്‍ നിന്നുള്ള 76 സ്ത്രീകള്‍ക്ക് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: