തിരുവനന്തപുരം: കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്. 2.43 കോടി വോട്ടര്‍മാരാണ് 269 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണ്ണയിക്കാന്‍ നാളെ പോളിംഗ് ബൂത്തിലെത്തുന്നത്. രാവിലെ ഏഴുമണിക്ക് വോട്ടെടുപ്പാരംഭിക്കും. നാളെ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരസ്യപ്രചാരണം ഇന്നലെ വൈകിട്ട് 6മണിക്ക് അവസാനിച്ചു. ഇന്ന് നിശബ്ദപ്രചാരണത്തിന്റെ ദിവസമാണ്.
നിര്‍ണ്ണായകമായ ത്രികോണ മത്സരത്തിനാണ് കേരളത്തിലെ പല പാര്‍ലമെന്റ് മണ്ഡലങ്ങളും സാക്ഷ്യം വഹിച്ചത്. ഇടതു-വലതു മുന്നണികളും ബിജെപിയും തമ്മിലാണ് ശക്തമായ മത്സരം. മുതിര്‍ന്ന ദേശീയ നേതാക്കളടക്കം എത്തി ഒരു മാസക്കാലം കേരളത്തെയാകെ ഇളക്കിമറിച്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്നലെ വൈകിട്ട് തിരശ്ശീല വീണത്. ഇനി അവസാനവട്ട തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിന്റെയും അടിയൊഴുക്കുകള്‍ സൃഷ്ടിക്കുന്നതിന്റെയും തിരക്കിലാണ് പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളും.
സംസ്ഥാനത്ത് വോട്ടെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. വോട്ടെടുപ്പിനുള്ള പോളിംഗ് ബൂത്തുകളെല്ലാം ഇന്ന് വൈകുന്നേരത്തോടെ സജ്ജമാക്കും. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ ആരംഭിക്കും. തെരഞ്ഞെടുപ്പിനായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ രാവിലെ ഒന്‍പതിന് അതാത് കേന്ദ്രങ്ങളിലെത്തണം.
11,969 പോളിംഗ് സ്റ്റേഷന് പ്രദേശങ്ങളിലായി 21,424 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ 948 പോളിംഗ് സ്റ്റേഷനുകള്‍ കൂടുതലാണ്. ഏറ്റവും കൂടുതല്‍ പോളിംഗ് സ്റ്റേഷനുകളുള്ളതും പത്തനംതിട്ടയിലാണ്. 1205 ബൂത്തുകള്‍. കുറവ് പൊന്നാനിയിലും, 948.
കാസര്‍കോട്-1093, കണ്ണൂര്‍-1002, വടകര-1044, വയനാട്-1073, കോഴിക്കോട്-1003, മലപ്പുറം-1006, പാലക്കാട്-1026, ആലത്തൂര്‍ 1036, തൃശൂര്‍-1093, ചാലക്കുടി-1070, എറണാകുളം 1018, ഇടുക്കി-1145, കോട്ടയം-1088, ആലപ്പുഴ-1130, മാവേലിക്കര-1147, കൊല്ലം-1119, ആറ്റിങ്ങല്‍-1118, തിരുവനന്തപുരം 1060 പോളിംഗ് ബൂത്തുകളുമാണുള്ളത്. 1700 വോട്ടര്‍മാരില്‍ കൂടുതലുള്ള തൃശൂര്‍, പാലക്കാട്, എറണാകുളം മണ്ഡലങ്ങളിലെ ഓരോ ബൂത്തുകളില്‍ ഓക്സിലറി പോളിംഗ് സ്റ്റേഷനുകള്‍ അനുവദിച്ചിട്ടുണ്ട്. ഒരു ബൂത്തിലെ പരമാവധി വോട്ടര്‍മാരുടെ എണ്ണം 1700 ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ കൂടുതല്‍ വോട്ടര്‍മാരുള്ള മൂന്നിടത്താണ് ഓക്സിലറി സ്റ്റേഷന് അനുവദിച്ചിരിക്കുന്നത്.
പോളിംഗ് സ്റ്റേഷനുകളില്‍ മിനിമം സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. പോളിംഗ് സറ്റേഷന്റെ 200 മീറ്റര്‍ പരിധിയില്‍ വാഹനം അനുവദിക്കില്ല. വോട്ടിംഗ് കേന്ദ്രങ്ങളില്‍ വീല്‍ചെയര്‍ സൗകര്യം ഒരുക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 15ല്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ളതിനാല്‍ അഞ്ചു ലോക്സഭാ മണ്ഡലങ്ങളില്‍ രണ്ടു ബാലറ്റ് യൂണിറ്റുകളുപയോഗിക്കുന്നുണ്ട്. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലാണ് രണ്ട് ബാലറ്റ് യൂണിറ്റുകളുപയോഗിക്കുന്നത്. 27 സ്ത്രീകള്‍ ഉള്‍പ്പെടെ 269 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന പൂര്‍ത്തിയായി. സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ സെറ്റ് ചെയ്യാനുള്ള ജോലിയാണ് അവശേഷിക്കുന്നത്. 1,05,049 പോളിംഗ് സ്റ്റാഫിനെയാണ് തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ചിരിക്കുന്നത്.
വോട്ടെടുപ്പിനോടനുബന്ധിച്ചുള്ള സുരക്ഷാ ഒരുക്കങ്ങളും പൂര്‍ത്തിയായി. 51,000ല്‍പ്പരം പുരുഷ വനിത പൊലീസുകാര്‍ക്കൊപ്പം 55 കമ്പനി കേന്ദ്ര സായുധസേനയും സുരക്ഷയ്ക്കുണ്ടാകും. ഇതോടൊപ്പം എക്സൈസ്, വനം, ഹോംഗാര്‍ഡ് എന്നിവരുള്‍പ്പെടെ രണ്ടായിരം പേരേയും നിയമിച്ചിട്ടുണ്ട്. നാളെ 5200ലേറെ ഗ്രൂപ്പ് പട്രോളിങ് സംഘങ്ങളേയും സംസ്ഥാന വ്യാപകമായി നിയോഗിക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ത്രീടയര്‍ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നലെ വൈകിട്ടു മുതല്‍ മദ്യനിരോധനവും നിലവില്‍ വന്നു. നാളെ വൈകിട്ട് വരെയാണ് മദ്യനിരോധനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: