കാസര്‍കോട്: ഭാരത് വിജയ് റാലിയില്‍ പങ്കെടുക്കാനെത്തുന്ന ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിക്ക് ഇറങ്ങേണ്ട താല്‍ക്കാലിക ഹെലിപ്പാഡ് പൊളിച്ച് നീക്കിയത് വന്‍ സുരക്ഷ വീഴ്ച്ചയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ ശനിയാഴ്ച കാസര്‍കോട്ട് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇറങ്ങിയ അതേ ഹെലിപ്പാഡ് തന്നെയാണ് മോദിക്ക് വേണ്ടിയും തീരുമാനിച്ചിരുന്നത്. എന്നാല്‍ തങ്ങളുടെ ചിലവില്‍ നിര്‍മ്മിച്ച ഹെലിപ്പാഡ് ബിജെപിക്ക് നല്‍കാനാകില്ലെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തു. ഇതേ തുടര്‍ന്ന് വിദ്യാനഗര്‍ ഗവ.കോളേജ് ഗ്രൗണ്ടിലെ ഹെലിപ്പാഡ് കഴിഞ്ഞ ദിവസം കരാറുകാരെത്തി പൊളിച്ചു നീക്കി.
ഗുജറാത്ത് പോലീസ്, എന്‍എസ്ജി, കേരള പോലീസ് എന്നീ സുരക്ഷാ വിഭാഗങ്ങള്‍ പരിശോധിച്ച് തൃപ്തി രേഖപ്പെടുത്തിയതിന് ശേഷമാണ് ഹെലിപ്പാട് പൊളിച്ചു നീക്കിയത്. പരിശോധന നടക്കുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം തടസ്സവാദം ഉന്നയിച്ചിരുന്നില്ല. ഹെലികോപ്ടര്‍ ഇറങ്ങുന്നതിന് സ്ഥലം നിശ്ചയിച്ച് റൂട്ട് മാപ്പ് തയ്യാറാക്കുന്നതിനിടെയാണ് ഹെലിപ്പാഡ് പൊളിച്ച് നീക്കണമെന്ന വാദവുമായി കോണ്‍ഗ്രസ് പെട്ടെന്ന് രംഗത്തെത്തിയത്. അവസാന നിമിഷത്തിലും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ആവശ്യം അംഗീകരിച്ച ജില്ലാ ഭരണകൂടത്തിന്റെ നടപടി അത്ഭുതപ്പെടുത്തുന്നതായി. പരിശോധനയ്ക്കായ് കാസര്‍കോട്ടെത്തിയ ഗുജറാത്ത് പോലീസ് ഡിഐജി ആര്.ജെ സവാനി നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി. ഹെലിപ്പാഡ് പൊളിച്ചത് ശരിയായില്ലെന്ന് അദ്ദേഹം ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിനോട് തുറന്നടിച്ചു.
രാജ്യദ്രോഹ ശക്തികളുടെ ഭീഷണി നേരിടുന്ന നരേന്ദ്രമോദിക്ക് കര്‍ശന സുരക്ഷയൊരുക്കണമെന്നാണ് സുരക്ഷാ ഏജന്‍സികളുടെ നിര്‍ദേശം. അടുത്തിടെ മോദിയെ ലക്ഷ്യമിട്ടെത്തിയ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കേണ്ട മോദിയുടെ സന്ദര്‍ശനത്തെ ജില്ലാ ഭരണകൂടവും സര്‍ക്കാരും അലംഭാവത്തോടെയാണ് സമീപിക്കുന്നത്. മോദിയുടെയും രാഹുലിന്റെയും സന്ദര്‍ശനം പ്രമാണിച്ച് ഒരാഴ്ചയായി പോലീസ് കാവലിലാണ് ഗ്രൗണ്ട്. ഹെലിപ്പാഡ് പൊളിച്ചുനീക്കാന്‍ തൊഴിലാളികളെയും കൂട്ടി കോണ്‍ഗ്രസ് നേതാക്കള്‍ ആദ്യമെത്തിയപ്പോള്‍ പോലീസ് തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് യുഡിഎഫ് നേതാക്കള്‍ ജില്ലാ ഭരണകൂടത്തില്‍ സമ്മര്‍ദ്ദം ചെലുത്തി കാര്യം സാധിച്ചെടുക്കുകയായിരുന്നു. അതീവ സുരക്ഷാ സംവിധാനങ്ങളൊരുക്കിയ ഗ്രൗണ്ടില്‍ ആയുധങ്ങളുമായെത്തി ഹെലിപ്പാഡ് തകര്‍ത്തത് ജില്ലാ ഭരണ കൂടത്തിന്റെയും കേരള പോലീസിന്റെയും വീഴ്ചയാണെന്ന് ആരോപണമുയര്‍ന്നു കഴിഞ്ഞു. കോണ്‍ഗ്രസിന്റെ തരംതാണ രാഷ്ട്രീയക്കളിക്ക് സര്‍ക്കാരും ജില്ലാ ഭരണകൂടവും കൂട്ട് നില്‍ക്കുകയായിരുന്നു. വിഷയം ഗുജറാത്ത് പോലീസും എന്എസ്ജിയും ഗൗരവത്തിലെടുത്തിട്ടുണ്ട്. ഇന്നലെ കോളേജ് ഗ്രൗണ്ടില്‍ ബിജെപിയുടെ ചിലവില്‍ പുതിയ ഹെലിപ്പാഡ് നിര്‍മ്മിച്ചു.
ഹെലിപ്പാഡ് നിര്‍മ്മിച്ചത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ചിലവിലാണ് വരികയെന്നതിനാല്‍ പൊളിച്ചുനീക്കാന്‍ ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടുവെന്നാണ് കോണ്‍ഗ്രസ് വിശദീകരിച്ചത്. എന്നാല്‍ നേരത്തെ നിര്‍മ്മിച്ച ഹെലിപ്പാഡ് തന്നെ മോദിയുടെ പരിപാടിക്കും ഉപയോഗിക്കുന്നതിന് തടസമില്ലെന്ന് വ്യക്തമാക്കിയിരുന്നതായി ജില്ലാ കലക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ ജന്മഭൂമിയോട് പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ സമ്മതിച്ചിരുന്നുവെങ്കില്‍ അതേ ഹെലിപ്പാഡ് ഉപയോഗിക്കാമായിരുന്നെന്ന് ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസും പറഞ്ഞു. രാഷ്ട്രീയ മാന്യതയില്ലാത്ത കോണ്‍ഗ്രസിന്റെ നടപടിയില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
കെ. സുജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: