കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. ഇതിന്റെ ഭാഗമായി വോട്ടിംഗ്യന്ത്രങ്ങളില്‍ ചിഹ്നങ്ങള്‍ പതിപ്പിച്ച് യന്ത്രങ്ങള്‍ അതത് വിതരണകേന്ദ്രങ്ങളില്‍ സജ്ജമാക്കിയ സ്ട്രോങ്ങ് റൂമുകളിലേക്കു മാറ്റി. സ്ഥാനാര്‍ഥികള്‍, അവരുടെ ഏജന്റുമാര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ ബാലറ്റ് ക്രമീകരണത്തില്‍ പങ്കെടുത്തു. ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടിങ് യന്ത്രങ്ങള്‍ ക്രമീകരിച്ചത് മണ്ഡലം തലത്തില്‍ ഓരോ കേന്ദ്രത്തിലായിരുന്നു.
ഇന്നലെ വൈകുന്നേരത്തോടെ തന്നെ ബാലറ്റുകള്‍ ക്രമീകരിച്ച് വിതരണകേന്ദ്രങ്ങളിലെ സ്ട്രോങ്ങ് റൂമുകളിലേക്ക് യന്ത്രങ്ങള്‍ മാറ്റി. എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലെ നിരീക്ഷകരായ എ.ആര്.മൊഹന്തി, ദിലീപ് ബോര്‍താക്കൂര്‍ എന്നിവര്‍ രാവിലെ മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടന്ന ചിഹ്നം പതിക്കല്‍ നിരീക്ഷിക്കാന്‍ എത്തിയിരുന്നു. എറണാകുളം മണ്ഡലത്തില്‍ മഹാരാജാസില്‍ നടന്ന ചിഹ്നം പതിക്കല്‍ പൂര്‍ത്തിയാക്കാനാണ് അല്‍പ്പം കാലതാമസം നേരിട്ടത്. ഇവിടെ ചിഹ്നം തെളിഞ്ഞിട്ടില്ലെന്ന പരാതിയെതുടര്‍ന്നായിരുന്നു ഇത്. പിന്നീട് നിരീക്ഷകനായ എ.ആര്.മൊഹന്തി സ്ഥലത്തെത്തി വോട്ടുയന്ത്രത്തില്‍ ചിഹ്നം പതിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. മൊഹന്തി എറണാകുളം മണ്ഡലത്തിനു പുറമെ തൃപ്പൂണിത്തുറയിലെയും പറവൂരിലെയും രണ്ടു കേന്ദ്രങ്ങള്‍ എന്നിവയും സന്ദര്‍ശിച്ചു.
ചാലക്കുടിയിലെ നിരീക്ഷകനായ ദിലീപ് ബോര്‍താക്കൂര്‍ ആലുവ, അങ്കമാലി, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളിലെ ചിഹ്നം പതിപ്പിക്കല്‍ നടപടികള്‍ നിരീക്ഷിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കി. ചില കേന്ദ്രങ്ങളില്‍ യന്ത്രങ്ങള്‍ തകരാറിലായത് മാറ്റി പുതിയവയില്‍ ചിഹ്നം പതിപ്പിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്കി. സമയവും തീയതിയും തെളിയാത്ത മെഷീനുകളാണ് മോശം പട്ടികയില്‍പ്പെടുത്തിയത്. എന്നാല്‍ ഇവയ്ക്ക് മറ്റ് സാങ്കേതിക തകരാര്‍ ഒന്നുമില്ലെന്നതിനാല്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇവയില്‍ ചിഹ്നം പതിച്ച് സ്ട്രോങ്ങ് റൂമുകളിലേക്കു മാറ്റാന്‍ നിര്‍ദേശം നല്കി.
ഓരോ മണ്ഡലത്തിലും അതത് സഹവരണാധികാരികളുടെ നേതൃത്വത്തിലായിരുന്നു ചിഹ്നം പതിപ്പിക്കല്‍. സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ ദൃക്സാക്ഷികളായി എത്തിയിരുന്നു. രാവിലെ എട്ടിന് തുടങ്ങിയ ചിഹ്നം പതിപ്പിക്കല്‍ വൈകുന്നേരത്തോടെയാണ് പൂര്‍ത്തിയായത്.
74-പെരുമ്പാവൂര്‍ മണ്ഡലത്തിലെ യന്ത്രങ്ങള്‍ പെരുമ്പാവൂര്‍ ഗവ.ഗേള്‍സ് എച്ച്.എസ്.എസിലും 75-അങ്കമാലി, 76-ആലുവ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങള്‍ ആലുവ യു.സി.കോളേജിലും 77-കളമശേരി, 78-പറവൂര്‍ മണ്ഡലങ്ങളിലേത് പറവൂര്‍ ശ്രീനാരായണ എച്ച്.എസ്.എസിലുമാണ് ക്രമീകരിച്ചത്.
79-വൈപ്പിന്‍ മണ്ഡലത്തിലെ വോട്ടു യന്ത്രങ്ങള്‍ മട്ടാഞ്ചേരി ടി.ഡി.ടീച്ചര്‍ ട്രയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടിലും 80-കൊച്ചിയിലെ യന്ത്രങ്ങള്‍ മട്ടാഞ്ചേരി ടി.ഡി.എല്‍.പി.സ്കൂളിലും ചിഹ്നം പതിച്ച് ക്രമീകരിച്ചു. 81-തൃപ്പൂണിത്തുറ മണ്ഡലത്തിലെ യന്ത്രങ്ങള്‍ എറണാകുളം ഗവ.ഗേള്‍സ് ഹൈസ്കൂളിലും 82-എറണാകുളം, 83-തൃക്കാക്കര മണ്ഡലങ്ങളുടെ ക്രമീകരണം എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിലുമാണ് നടത്തിയത്.
84-കുന്നത്തുനാട് മണ്ഡലത്തിലെ യന്ത്രങ്ങള്‍ പെരുമ്പാവൂര്‍ ആശ്രമം എച്ച്.എസ്.എസിലും 85-പിറവത്തിന്റേത് പിറവം നിര്‍മല ജൂനിയര്‍ എച്ച്.എസ്.എസിലും 86-മൂവാറ്റുപുഴ മണ്ഡലത്തിലെ വോട്ടുയന്ത്രങ്ങള്‍ മൂവാറ്റുപുഴ നിര്‍മല ഗേള്‍സ് എച്ച്.എസ്.എസിലും 87-കോതമംഗലം നിയമസഭ മണ്ഡലത്തിലെ യന്ത്രങ്ങള്‍ കോതമംഗലം എം.എ.കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുമാണ് ക്രമീകരിച്ചത്. സ്ട്രോങ്ങ് റൂമിലാക്കിയ യന്ത്രങ്ങള്‍ ഇനി പോളിങ് സാഗ്രികള്‍ വിതരണം ചെയ്യുന്ന ദിനത്തിലേ പുറത്തെടുക്കൂ. സ്ട്രോങ്ങ് റുമുകള്‍ക്ക് ഇന്നലെ മുതല്‍ പൊലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: