വില്ലുപുരം: മനസാക്ഷിയെ ഞെട്ടിച്ച് വീണ്ടുമൊരു കുഴല്‍ക്കിണര്‍ അപകടം. വെള്ളമില്ലാത്തതിനെത്തുടര്‍ന്ന് മൂടിക്കളയാതെ ഉപേക്ഷിച്ച, നാനൂറടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ മൂന്ന് വയസുകാരിയാണ് വീണത്.
സമീപത്ത് മറ്റൊരു കിണര്‍ കുഴിച്ച് അതിലൂടെ ഇറങ്ങി അവളുടെ ജീവന് രക്ഷിക്കാനുള്ള തീവ്രശ്രമം നടന്നുവരികയാണ്. തമിഴ്നാട്ടില്‍ വില്ലുപുരം ജില്ലയിലെ കുഴല്‍ക്കിണറിലാണ് കളിക്കുന്നതിനിടെ മൂന്ന് വയസ്സുകാരി അകപ്പെട്ടത്. 30 അടി താഴ്ചയില്‍ തങ്ങി നില്‍ക്കുകയാണെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചത്.
കുട്ടിയെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വില്ലുപുരം ജില്ലയിലെ പല്ലക്കാച്ചേരി ഗ്രാമത്തിലെ മധുമിതയാണ് അപകടത്തില്‍ പെട്ടത്. കളിക്കുന്നതിനിടെ മധുമിത അബദ്ധത്തില്‍ കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. കുട്ടി കുഴല്‍ക്കിണറില്‍ വീഴുന്നത് ആരും കണ്ടില്ലെങ്കിലും കരച്ചില് കേട്ടാണ് മാതാപിതാക്കള്‍ കുട്ടിയെ കുഴല്‍ക്കിണറില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്അധികം വൈകാതെ പുറത്തെടുക്കാനാകുമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ പ്രതീക്ഷ.
പാറ നീക്കാനും മറ്റുമുള്ള ഉപകരണങ്ങള്‍ ലഭ്യമാകാതിരുന്നത് രക്ഷാപ്രവര്‍ത്തനം താമസിച്ചിരുന്നു. കുഴല്‍ക്കിണറുകള്‍ക്ക് സമീപം വേണ്ട സുരക്ഷഏര്പ്പെടുത്താത്തതിനാലാണ് അപകടം സംഭവിച്ചത്. സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരമുള്ള സുരക്ഷക്രമീകരണങ്ങള്‍ നടത്തിയിരുന്നില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ തമിഴ്നാട്ടിലെ തിരുവണ്ണാമല ജില്ലയില്‍ നാലുവയസ്സുകാരി 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണിരുന്നു. 11 മണിക്കുര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷം കുട്ടിയെ പുറത്തെടുത്തെങ്കിലും കുട്ടി പിന്നീട് ആശുപത്രിയില്‍ മരിക്കുകയായിരുന്നു. മാളൂട്ടിയെന്ന മലയാള സിനിമയുടെ ഇതിവൃത്തവും ഇതായിരുന്നു. സമീപകാലത്ത് ഇത്തരം നിരവധി സംഭവങ്ങളാണ് നടന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: