മിര്‍പൂര്‍: ശ്രീലങ്ക ട്വന്റി 20 ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന ആദ്യ സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസിനെ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം കീഴടക്കിയാണ് ശ്രീലങ്ക ഫൈനലില്‍ പ്രവേശിച്ചത്. അവരുടെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ 27 റണ്‍സിനാണ് ശ്രീലങ്ക വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. 44 റണ്‍സെടുത്ത തിരിമന്നെയും 40 റണ്‍സെടുത്ത ആഞ്ചലോ മാത്യൂസും 39 റണ്‍സെടുത്ത ദില്‍ഷനും 26 റണ്‍സെടുത്ത കുശല്‍ പെരേരയും ഭേദപ്പെട്ട പ്രകടനം നടത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസ് 13.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെടുത്ത് നില്‍ക്കേയാണ് മഴ കളി തടസ്സപ്പെടുത്തിയത്. പിന്നീട് കളി നടക്കാതെ വന്നതോടെയാണ് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ശ്രീലങ്ക 27 റണ്‍സിന് വിജയിച്ചതായി പ്രഖ്യാപിച്ചത്.
നേരത്തെ ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ലസിത് മലിംഗ ബാറ്റിംഗ് തെരഞ്ഞെടുത്തു. മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ കുശല്‍ പെരേരയും ദില്‍ഷനും ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 41 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്. 12 പന്തില്‍ നിന്ന് രണ്ട് വീതം ഫോറും സിക്സറുമടക്കം 26 റണ്‍സെടുത്ത കുശല്‍ പെരേരയെ സാന്റോക്കി ബൗള്‍ഡാക്കി. തുടര്‍ന്നെത്തിയ മഹേല ജയവര്‍ദ്ധനെ ഒരു പന്തുപോലും നേരിടുന്നതിന് മുന്നേ റണ്ണൗട്ടായി മടങ്ങി. തുടര്‍ന്നെത്തിയ സംഗക്കാരക്കും യാതൊരു സംഭാവനയും നല്കാന് കഴിഞ്ഞില്ല. ആറ് പന്ത് നേരിട്ട് ഒരു റണ്‍സെടുത്ത സംഗക്കാരയെ ബദ്രി സ്വന്തം പന്തില്‍ പിടികൂടി. പിന്നീട് ദില്‍ഷനും തിരിമന്നെയും ചേര്‍ന്ന് സ്കോര്‍ 91-ല്‍ എത്തിച്ചു. 39 റണ്‍സെടുത്ത ദില്‍ഷനെ റണ്ണൗട്ടാക്കിയതോടെ ഇൗ കൂട്ടുകെട്ടും പിരിഞ്ഞു. പിന്നീട് തിരിമന്നെയും ആഞ്ചലോ മാത്യൂസും ചേര്‍ന്ന് സ്കോര്‍ 121-ല്‍ എത്തിച്ചെങ്കിലും 35 പന്തില്‍ നിന്ന് മൂന്ന് ഫോറും രണ്ട് സിക്സറുമടക്കം 44 റണ്‍സെടുത്ത തിരിമന്നെയെ സാന്റോക്കിയുടെ പന്തില്‍ സിമണ്‍സ് കയ്യിലൊതുക്കി. പിന്നീട് ആഞ്ചലോ മാത്യൂസിന്റെ തകര്‍പ്പന്‍ വെടിക്കെട്ടാണ് ലങ്കന്‍ സ്കോര്‍ 160-ല്‍ എത്തിച്ചത്. ഇന്നിംഗ്സിലെ അവസാന പന്തില്‍ 23 പന്തില്‍ നിന്ന് മൂന്ന് ഫോറും രണ്ട് സിക്സറുമടക്കം 40 റണ്‍സെടുത്ത മാത്യൂസിനെ റസലിന്റെ പന്തില്‍ ബ്രാവോ പിടികൂടി. വിന്‍ഡീസിന് വേണ്ടി സാന്റോക്കി രണ്ട് വിക്കറ്റ് വീഴ്ത്തി.
161 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് തുടക്കത്തിലേ കനത്ത തിരിച്ചടി നേരിട്ടു. സ്കോര്‍ 25-ല്‍ എത്തിയപ്പോള്‍ മൂന്ന് റണ്‍സെടുത്ത ഗെയിലിനെയും സ്കോര്‍ 28-ല്‍ എത്തിയപ്പോള്‍ 17 റണ്‍സെടുത്ത സ്മിത്തിനെയും പേസ് ബൗളര്‍ മലിംഗ ബൗള്‍ഡാക്കി. സ്കോര്‍ 34-ല്‍ എത്തിയപ്പോള്‍ നാല് റണ്‍സെടുത്ത സിമണ്‍സിനെ പ്രസന്ന വിക്കറ്റിന് മുന്നില്‍ കുടുക്കുകയും ചെയ്തതോടെ വിന്‍ഡീസ് വന്‍ തകര്‍ച്ചയെ നേരിട്ടു. നാലാം വിക്കറ്റില്‍ സാമുവല്‍സും ബ്രാവോയും ചേര്‍ന്ന് സ്കോര്‍ 77-ല്‍ എത്തിച്ചു. എന്നാല്‍ 19 പന്തില്‍ നിന്ന് മൂന്ന് ഫോറും ഒരു സിക്സറുമടക്കം 30 റണ്‍സെടുത്ത ബ്രാവോയെ കുലശേഖരയുടെ പന്തില്‍ ജയവര്‍ദ്ധനെ കയ്യിലൊതുക്കി. പിന്നീട് 13.5 ഓവറില്‍ സ്കോര്‍ നാലിന് 80 റണ്‍സ് എന്ന നിലയില്‍ നില്‍ക്കേ മഴ കളി തടസ്സപ്പെടുത്തി. ലങ്കക്ക് വേണ്ടി മലിംഗ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: